KeralaLatest NewsNews

കേരളത്തില്‍ സിമന്‍റ്, ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്‍റുകള്‍ തുടങ്ങും: താല്‍പര്യം പ്രകടിപ്പിച്ച് അദാനി ഗ്രൂപ്പ്

ഫ്രാന്‍സിലെ ടോട്ടല്‍ എനര്‍ജീസ് എന്ന കമ്പനിയുമായി ഗ്രീന്‍ ഹൈഡ്രജന്‍ ഉല്‍പാദനത്തിന് അദാനി ഗ്രൂപ്പ് ധാരണയിലെത്തിയിട്ടുണ്ട്.

തിരുവനന്തപുരം: കേരളത്തിൽ കൂടുതല്‍ പദ്ധതികൾ തുടങ്ങുമെന്ന സൂചന നൽകി അദാനി ഗ്രൂപ്പ്. സിമന്‍റ്, ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്‍റുകള്‍ തുടങ്ങുന്നതിന് താല്‍പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ട്. മുഖ്യമന്ത്രിയുമായി കരണ്‍ അദാനി നടത്തിയ കൂടിക്കാഴ്ചയിലാണ് വിഴിഞ്ഞം തുറമുഖത്തിന്‍റെ അനുബന്ധ വികസന സാധ്യതകളും ചര്‍ച്ചയായത്. കൂടുതല്‍ പഠനത്തിനുശേഷം തുടര്‍നടപടിയിലേക്ക് കടക്കാമെന്നാണ് സര്‍ക്കാര്‍–അദാനി ഗ്രൂപ്പ് ധാരണ. സര്‍ക്കാരിനായി വിഴിഞ്ഞം ഇന്‍റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡാണ് പുതിയ പദ്ധതിനിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചത്.

അദാനി ഗ്രൂപ്പ് സിമന്‍റ്, ഗ്രീന്‍ ഹൈഡ്രജന്‍ വ്യവസായമേഖലകളില്‍ ചുവടുറപ്പിക്കുന്ന സാഹചര്യത്തിലാണ് ഇതുമായി ബന്ധപ്പെട്ട പദ്ധതി നിര്‍ദ്ദേശങ്ങള്‍ വിസില്‍ മുന്നോട്ടുവച്ചത്. ഹോള്‍സിം എന്ന സ്വിസ് കമ്പനിക്ക് അംബുജയിലും എ.സി.സിയിലും ഉണ്ടായിരുന്ന ഓഹരികള്‍ വാങ്ങുന്നതോടെ അദാനി രാജ്യത്തെ രണ്ടാമത്തെ വലിയ സിമന്‍റ് വ്യവസായിയായി മാറുകയാണ്. ഇതോടെയാണ് വിഴിഞ്ഞം തുറമുഖത്തോടനുബന്ധിച്ച് പുതിയ സിമന്‍റ് പ്ലാന്‍റ് എന്ന നിര്‍ദ്ദേശം കൂടിക്കാഴ്ചയില്‍ സംസ്ഥാനം മുന്നോട്ടുവച്ചത്. ഏറെ ഭൂമി ആവശ്യമില്ലാത്തതിനാല്‍ വിഴിഞ്ഞം പദ്ധതി പ്രദേശത്തു തന്നെ പ്ലാന്‍റ് സ്ഥാപിക്കാമെന്നാണ് കണക്കുകൂട്ടല്‍.

Read Also: രണ്ട് സുപ്രധാന കേസുകൾ സിബിഐയ്ക്ക് കൈമാറി: നിർദ്ദേശം നൽകി മഹാരാഷ്ട്ര സർക്കാർ

അതേസമയം, ഫ്രാന്‍സിലെ ടോട്ടല്‍ എനര്‍ജീസ് എന്ന കമ്പനിയുമായി ഗ്രീന്‍ ഹൈഡ്രജന്‍ ഉല്‍പാദനത്തിന് അദാനി ഗ്രൂപ്പ് ധാരണയിലെത്തിയിട്ടുണ്ട്. കാര്‍ബണ്‍ ബഹിര്‍ഗമനമില്ലാത്ത ഊര്‍ജ സ്രോതസുകള്‍ ഉപയോഗിച്ച് വ്യവസായാവശ്യത്തിനായി വിഘടിപ്പിച്ചെടുക്കുന്ന ഹൈഡ്രജനാണ് ഗ്രീന്‍ ഹൈഡ്രജന്‍. ഹരിത ഹൈഡ്രജന്‍ ഉല്‍പാദനം പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന് പദ്ധതിയുമുണ്ട്. ഇതും പ്രയോജനപ്പെടുത്തുന്നതിനാണ് സംസ്ഥാനത്ത് പലയിടത്തായി ഹരിത ഹൈഡ്രജന്‍ പ്ലാന്‍റുകള്‍ തുടങ്ങാമെന്ന നിര്‍ദ്ദേശം വിസില്‍ മുന്നോട്ടുവച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button