Latest NewsNewsIndia

പണമായി 50 കോടി, 5 കിലോ സ്വർണം: കൂമ്പാരമായി നോട്ടുകെട്ടുകൾ, അർപിതയെ കൂടാതെ പാർത്ഥയ്ക്ക് മറ്റൊരു സൂക്ഷിപ്പുകാരി കൂടി !

കൊൽക്കത്ത: ബംഗാൾ രാഷ്ട്രീയത്തെ പിടിച്ചുലച്ച് മന്ത്രി പാർത്ഥ ചാറ്റർജിയുടെ അറസ്റ്റും വിവാദവും. പശ്ചിമ ബംഗാൾ മന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പാർത്ഥ ചാറ്റർജിയും അദ്ദേഹത്തിന്റെ സഹായി അർപിത മുഖർജിയും ഉൾപ്പെട്ട സ്കൂൾ ജോലി തട്ടിപ്പ് പാർട്ടിക്കുള്ളിൽ ഞെട്ടൽ ഉണ്ടാക്കിയിരിക്കുകയാണ്. സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുകയും രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയാകർഷിക്കുകയും ചെയ്ത കേസിൽ മന്ത്രിയെ കുടുക്കുന്ന മൊഴിയാണ് സഹായി അർപിത ഇ.ഡിക്ക് നൽകിയിരിക്കുന്നത്.

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ മന്ത്രിസഭയിലെ മുതിർന്ന മന്ത്രിയും അവരുടെ അടുത്ത സഹായിയുമാണ് ചാറ്റർജി. സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയായിരിക്കെ സർക്കാർ നടത്തുന്ന സ്‌കൂളുകളിലെ അധ്യാപകരെയും ജീവനക്കാരെയും നിയമവിരുദ്ധമായി നിയമിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് പാർത്ഥയുടേതെന്ന് അർപിത അവകാശപ്പെടുന്ന 50 കോടി രൂപ ഇ.ഡി കണ്ടെടുത്തത്.

18 മണിക്കൂർ നീണ്ട റെയ്ഡ് അവസാനിപ്പിച്ച് 10 ട്രങ്ക് പണവുമായി അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർ ഇന്ന് പുലർച്ചെ അർപിതയുടെ കൊൽക്കത്തയിലെ ബെൽഗാരിയ ഏരിയയിലുള്ള വീട്ടിൽ നിന്ന് പുറപ്പെട്ടു. മുഖർജിയുടെ രണ്ടാമത്തെ ഫ്ലാറ്റിൽ നിന്ന് പിടിച്ചെടുത്ത നോട്ടുകൾ എണ്ണുന്നതിനായി മൂന്ന് നോട്ട് കൗണ്ടിംഗ് മെഷീനുകൾ ആണ് ഇ.ഡി ഉപയോഗിച്ചത്.

തൃണമൂൽ കോൺഗ്രസിനെ ഞെട്ടിച്ച റെയ്ഡും അറസ്റ്റും

ജൂലൈ 23 നാണ് പാർത്ഥ ചാറ്റർജിയെയും അർപിത മുഖർജിയെയും ഇ.ഡി അറസ്റ്റ് ചെയ്തത്. സൗത്ത് കൊൽക്കത്തയിലെ അർപിതയുടെ ഫ്‌ളാറ്റിൽ നിന്നും 21 കോടി രൂപയും വൻതോതിൽ വിദേശനാണ്യവും 2 കോടി രൂപയുടെ സ്വർണക്കട്ടികളും അന്വേഷണ ഏജൻസി കണ്ടെടുത്തിരുന്നു. 40 പേജുകളുള്ള ഒരു ഡയറിയും അവർ കണ്ടെത്തി. അന്വേഷണത്തിൽ നിർണായകമായ വഴിത്തിരിവ് ആയത് ഈ ഡയറി ആണ്. പണത്തിന് പിന്നിൽ പാർത്ഥ ചാറ്റർജി ആണെന്ന് കൃത്യമായ വിവരം ലഭിച്ചതിനെ തുടർന്നാണ് ഇ.ഡി അദ്ദേഹത്തെയും പിന്നാലെ അർപിതയെയും അറസ്റ്റ് ചെയ്തത്.

കൊൽക്കത്തയിലെ അർപിതയുടെ ഫ്‌ളാറ്റിൽ ആണ് ആദ്യം റെയ്ഡ് നടത്തിയത്. റെയ്ഡിൽ 21 കോടി രൂപ ഇ.ഡി ഉദ്യോഗസ്ഥർ കണ്ടെടുത്തിരുന്നു, എല്ലാം 500, 2000 രൂപയായിരുന്നു. 50 ലക്ഷം രൂപയുടെ അമേരിക്കൻ ഡോളറുകളും കൂട്ടത്തിൽ ഉണ്ടായിരുന്നു. 20 മൊബൈൽ ഫോണുകളും 2 കോടി രൂപയുടെ സ്വർണക്കട്ടികളും ആദ്യത്തെ ഫ്‌ളാറ്റിൽ നിന്നും ഉദ്യോഗസ്ഥർ കണ്ടെടുത്തു.

അർപിതയുടെ രണ്ടാമത്തെ ഫ്‌ളാറ്റിൽ നിന്ന് ഏകദേശം 29 കോടി രൂപയും അഞ്ച് കിലോഗ്രാം ആഭരണങ്ങളും സ്വർണക്കട്ടികളും കണ്ടെടുത്തു.

അർപിതയുടെ രണ്ട് വീടുകളിൽ നിന്നായി ഇതുവരെ കണ്ടെടുത്തത് 50 കോടി രൂപയാണ്. ചില നിർണായക രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. അവ അധികൃതർ പരിശോധിച്ചുവരികയാണ്.

അർപിത വെളിപ്പെടുത്തിയ രണ്ടാമത്തെ സൂക്ഷിപ്പുകാരി ആര്?

അധ്യാപകരെ നിയമിക്കുന്നതിനും കോളേജുകൾക്ക് അംഗീകാരം നൽകുന്നതിനുമായി വാങ്ങിയ കൈക്കൂലിയാണ് ഈ പണമെന്നാണ് റിപ്പോർട്ട്. ഇ.ഡിയുടെ ചോദ്യം ചെയ്യലിനിടെ അർപിത പാർത്ഥ ചാറ്റർജിക്ക് മറ്റൊരു സഹായി കൂടി ഉണ്ടെന്ന് വെളിപ്പെടുത്തുകയുണ്ടായി. ‘പാർത്ഥ എന്റെയും മറ്റൊരു സ്ത്രീയുടെയും വീട് ഒരു മിനി ബാങ്കായി ഉപയോഗിച്ചു. ആ സ്ത്രീയും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്താണ്’, അർപിത ഉദ്യോഗസ്ഥരോട് പറഞ്ഞു.

അർപിത മുഖർജിക്ക് മന്ത്രി സമ്മാനമായി നൽകിയ പണം ഉൾപ്പെടെ നിരവധി അനധികൃത സ്വത്തുക്കൾ ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. പാർത്ഥ ചാറ്റർജി താമസിക്കുന്ന അപ്പാർട്ട്മെന്റിന് പുറമേ, തെക്കൻ കൊൽക്കത്തയിലെ ടോളിഗഞ്ച് ഏരിയയിൽ മറ്റ് മൂന്ന് സ്വത്തുക്കളും ഉണ്ടെന്ന് കണ്ടെത്തി. ഈ ഫ്ലാറ്റുകളിൽ ഒന്നിൽ പാർത്ഥയുടെ നായ്ക്കൾ മാത്രമാണുള്ളത്.

സംസ്ഥാനത്തെ സ്‌കൂൾ ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് ഇ.ഡി റെയ്ഡ് നടത്തിയത്. കേസുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ മുൻ പ്രസിഡന്റും തൃണമൂൽ കോൺഗ്രസ് എംഎൽഎയുമായ മണിക് ഭട്ടാചാര്യയെയും അന്വേഷണ ഏജൻസി ഇന്നലെ ചോദ്യം ചെയ്തിരുന്നു.

അറസ്റ്റിലായ പാർത്ഥയോട് മുഖ്യമന്ത്രി മമത ബാനർജി മൃദുസമീപനമല്ല സ്വീകരിച്ചിരിക്കുന്നത്. പാർത്ഥയോട് മുഖം തിരിച്ചാണ് മമത നിലയുറപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. മറ്റ് തൃണമൂൽ നേതാക്കൾക്കും ഇത് തന്നെയാണ് നിലപാട്. പാർത്ഥയെ ഇനി ചുമന്നുകൊണ്ട് നടന്നാൽ അത് പാർട്ടിക്ക് നല്ലതല്ലെന്ന തിരിച്ചറിവ് മന്ത്രിമാർ ഉൾപ്പെടെയുള്ളവർക്ക് വന്നു കഴിഞ്ഞെന്ന് സാരം. പാർത്ഥ പാർട്ടിക്ക് നാണക്കേടും അപമാനവും വരുത്തിയെന്ന് തൃണമൂൽ കോൺഗ്രസ് വക്താവ് കുനാൽ ഗോഷ് വ്യാഴാഴ്ച പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button