Independence DayLatest NewsNews

സ്വാതന്ത്ര്യദിനത്തിൽ ഓരോ ഇന്ത്യക്കാരനും അറിഞ്ഞിരിക്കേണ്ട 10 രസകരമായ വസ്തുതകൾ

നമ്മുടെ നാടിനെ കുറിച്ചും അത് ഇന്നത്തെ ഇന്ത്യയായി രൂപാന്തരപ്പെട്ടതിനെ കുറിച്ചും എത്ര വായിച്ചാലും മതിയാവില്ല. പരന്ന് കിടക്കുന്ന മരുഭൂമി പോലെ വിശാലമാണ് ഇന്നത്തെ ഇന്ത്യയിലേക്കുള്ള ദൂരം. എന്നാൽ, ആ പാത കല്ലും മണ്ണും നിറഞ്ഞതായിരുന്നു. ഒപ്പം, അനേകമായിരം ജനങ്ങളുടെ, സ്വാതന്ത്ര്യ സമര സേനാനികളുടെ ചോര ഒഴുകിയ പാത. ആ കഠിനമേറിയ നാളുകളെ കുറിച്ച് ഇന്നത്തെ തലമുറയ്ക്ക് അറിയാത്ത കഥകൾ അനേകമുണ്ട്. വിജ്ഞാനപ്രദമായ കാര്യങ്ങൾ വായിക്കാൻ ഇഷ്ടപ്പെടുന്ന ഒരു തലമുറയാണ് നമ്മുടേത്.

75-ാം സ്വാതന്ത്ര്യദിനത്തിൽ, ഓരോ ഇന്ത്യക്കാരനും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് അധികമാർക്കും അറിയാനിടയില്ലാത്ത ‘അജ്ഞാത’മായ 10 വസ്തുതകൾ പരിശോധിക്കാം.

1. നമ്മുടെ ഒന്നാം സ്വാതന്ത്ര്യ ദിനത്തിൽ നമുക്ക് ദേശീയഗാനം ഉണ്ടായിരുന്നില്ല. ഇന്നത്തെ നമ്മുടെ ദേശീയഗാനമായ ‘ജനഗണ മന’ എഴുതപ്പെട്ടത് 1911-ൽ ആണെങ്കിലും, അത് നമ്മുടെ ദേശീയഗാനമായി അംഗീകരിക്കപ്പെട്ടത് 1950-ൽ മാത്രമാണ്.

2. മഹാത്മാഗാന്ധി ഒന്നാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായിരുന്നില്ല. വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട് അല്ലെ? എന്നാൽ അതാണ് സത്യം. ബംഗാളിൽ നടക്കുന്ന ഹിന്ദു-മുസ്ലിം കലാപത്തിൽ പ്രതിഷേധിച്ച് ഗാന്ധിജി അന്ന് ഉപവാസത്തിൽ ആയിരുന്നു. അതിനാൽ അദ്ദേഹം പങ്കെടുത്തില്ല.

3. ദക്ഷിണ കൊറിയ, റിപ്പബ്ലിക് ഓഫ് കോംഗോ, ലിച്ചെൻസ്റ്റീൻ എന്നീ രാജ്യങ്ങളുടെയും സ്വാതന്ത്ര്യദിനം ആഗസ്ത് 15 ന് തന്നെയാണ്.

4. ഇന്ത്യ സ്വതന്ത്രമാകുമ്പോൾ ഗോവ പോർച്ചുഗീസ് സംസ്ഥാനമായിരുന്നു. 1961-ൽ ആണ് ഗോവ ഇന്ത്യൻ യൂണിയന്റെ ഭാഗമായത്.

5. ഒരുപാട് തവണ മോടി പിടിപ്പിച്ചാണ് ഇന്നത്തെ ദേശീയ പതാക ഉണ്ടായത്. ആദ്യം രൂപകൽപ്പന ചെയ്ത ദേശീയ പതാക പല തവണ പരിഷ്കരിച്ചാണ് നിലവിലുള്ള ദേശീയ പതാക ഉണ്ടായത്. 1921 ൽ ബെസ്‌വാഡയിൽ വെച്ച് പിംഗളി വെങ്കയ്യ നിർമ്മിച്ചതാണ് ഇപ്പോഴത്തെ നമ്മുടെ ദേശീയ പതാക.

6. ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയല്ല. ഇന്ത്യയുടെ ആദ്യത്തെ ഔദ്യോഗിക ഭാഷയായി ഹിന്ദിയെ തിരഞ്ഞെടുത്തത് 1949-ൽ ആണ്.

7. ബ്രിട്ടീഷ് അഭിഭാഷകനായ സർ സിറിൽ റാഡ്ക്ലിഫാണ് ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള അതിർത്തി വരച്ചത്.

8. മൗണ്ട് ബാറ്റൺ പ്രഭു ആണ് ഓഗസ്റ്റ് 15 ഇന്ത്യൻ സ്വാതന്ത്ര്യദിനമായി തിരഞ്ഞെടുത്തത്.

9. ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച നമ്മുടെ ദേശീയ ഗീതമായ ‘വന്ദേമാതരം’ ഒരു നോവലിന്റെ ഭാഗമായിരുന്നു. 1880-കളിൽ എഴുതിയ ആനന്ദമഠം എന്ന നോവലിന്റെ ഭാഗമായിരുന്നു ‘വന്ദേമാതരം’. 1896ൽ രവീന്ദ്രനാഥ ടാഗോറാണ് ഇത് ആദ്യമായി ആലപിച്ചത്. 1950 ജനുവരി 24ന് വന്ദേമാതരം ദേശീയഗീതമായി അംഗീകരിക്കപ്പെട്ടു.

10. നമ്മുടെ ദേശീയ ഗാനം എഴുതിയ രവീന്ദ്രനാഥ ടാഗോർ തന്നെയാണ് ബംഗ്ലാദേശിന്റെ ദേശീയ ഗാനവും രചിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button