Latest NewsKerala

മുഖ്യമന്ത്രിയുടെ കാറിന് മുന്നിൽ ചാടി വീണ് കരിങ്കൊടി വീശി കോൺഗ്രസുകാരുടെ പ്രതിഷേധം

കൊച്ചി: എറണാകുളത്ത് മുഖ്യമന്ത്രിയുടെ കാറിനു മുന്നിൽ ചാടി കരിങ്കൊടി കാണിച്ച് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ. വിവിധ ചടങ്ങുകൾക്കായി കാക്കനാടെത്തിയ മുഖ്യമന്ത്രിയെ മൂന്നിടത്താണ് കരിങ്കൊടി കാണിച്ചത്. കോൺഗ്രസ് പ്രവർത്തകൻ കാറിനു മുന്നിൽ ചാടി വീണതോടെ മുഖ്യമന്ത്രിയുടെ കാർ നിർത്തേണ്ടിവന്നു. കാറിൽ മുഖ്യമന്ത്രി ഇരുന്ന ഭാഗത്തെ ചില്ലിൽ നിരന്തരം ഇടിച്ച പ്രവർത്തകനെ പൊലീസെത്തി പിടിച്ചുമാറ്റുകയായിരുന്നു.

രാവിലെ പ്രതിഷേധത്തിനെത്തിയവരെ പൊലിസ് നീക്കം ചെയ്തിരുന്നു. പിടികൊടുക്കാതെ മാറിനിന്ന പ്രവർത്തകനാണ് മുഖ്യമന്ത്രിയുടെ കാർ തടഞ്ഞു പ്രതിഷേധിച്ചത്. ആലുവ കമ്പനിപ്പടിയിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കുനേരെ വഴിയിൽനിന്നു കരിങ്കൊടി വീശി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ലിൻറോ പി. ആൻറു, എറണാകുളം ജില്ല സെക്രട്ടറി രാജേഷ് പുത്തനങ്ങാടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആലുവയിലെ പ്രതിഷേധം. സ്വർണ കള്ളക്കടത്തിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

ആദ്യമായാണ് കടുത്ത സുരക്ഷാ വലയത്തിൽ സഞ്ചരിക്കുന്ന വാഹനം നിർത്തേണ്ടി വന്നത്. സുരക്ഷയ്ക്കായി നിരന്നുനിന്ന പൊലീസ് വലയം ഭേദിച്ചായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ പ്രതിഷേധം. കാറിൽ മുഖ്യമന്ത്രി ഇരുന്ന സീറ്റിന്റെ ഭാഗത്തേക്കെത്തിയാണ് ഇയാൾ കരിങ്കൊടി കാട്ടിയത്. മുഖ്യമന്ത്രി ഇരിക്കുന്ന ഭാഗത്തെ ചില്ലിലിടിച്ചും പ്രതിഷേധിച്ചു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ഒരു നിമിഷം അന്തിച്ചുപോയെങ്കിലും പൊലീസെത്തി പ്രവർത്തകനെ പിടിച്ചുമാറ്റി. ഇതിനുശേഷമാണ് വാഹനം കടന്നുപോയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button