Latest NewsIndia

അർപ്പിതയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു: നടിക്കുള്ളത് നിരവധി ഫ്ലാറ്റുകളും ഭൂമിയും ബിനാമി സ്വത്തുക്കളും

കൊൽക്കത്ത: നടി അർപ്പിത മുഖർജിയുടെ ബാങ്ക് അക്കൗണ്ടുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. രണ്ടുകോടിയോളം രൂപയുടെ നിക്ഷേപമുള്ള അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ഇതിനിടെ അർപ്പിതയുടെ കൂടുതൽ ഫ്‌ളാറ്റുകളുടെയും ഭൂമിയുടെയും വിവരങ്ങൾ ഇഡിക്ക് ലഭിച്ചു. ഇതിൽ ഇപ്പോൾ അർപ്പിതയുടെ പേരിലുള്ള ശാന്തിനികേതനിലെ ഭൂമി ആദ്യം വാങ്ങിയത് അർപ്പിതയും മുൻ ബം​ഗാൾ മന്ത്രി പാർഥയും ചേർന്നാണെന്ന രേഖകളും പുറത്തുവന്നിട്ടുണ്ട്.

ടോളിഗഞ്ചിലെ ഡയമണ്ട് സിറ്റി ക്‌ളബ്ബ് സമുച്ചയത്തിലെ അർപ്പിതയുടെ ഫ്‌ളാറ്റിൽനിന്നാണ് ആദ്യ റെയ്ഡിൽ 21 കോടി കണ്ടെടുത്തത്. ഈ ഫ്‌ളാറ്റ് കൂടാതെ ഇതേ സമുച്ഛയത്തിൽ രണ്ട് ഫ്‌ളാറ്റുകളും ഒരു പെന്റ് ഹൗസും അർപ്പിതയ്ക്കുണ്ടെന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്. ഇതുകൂടാതെ കസ്ബയിൽ സ്വന്തം സ്ഥാപനമായ ‘ഇച്ഛേ’ എന്റർടെയ്ൻമെന്റിന്റെ വിപുലമായ ഓഫീസ്, നയാബാദ്, ബെൽഘാേരിയ, ആനന്ദപുർ, ചിനർപാർക്ക് എന്നിവിടങ്ങളിൽ ഫ്‌ളാറ്റുകൾ എന്നിവയും ഇവരുടെ പേരിലുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

ശാന്തിനികേതനിലെ അർപ്പിതയുടെ ഭൂമിയിൽ പണിത വീടിന് ‘അപാ’ എന്ന പേരാണ് നൽകിയിരിക്കുന്നത്. അർപ്പിത, പാർഥ എന്നീ പേരുകളിലെ ആദ്യക്ഷരങ്ങൾ ചേർത്താണ് ഈ പേരെന്നാണ് ആക്ഷേപമുയർന്നിരിക്കുന്നത്. കൊൽക്കത്താനിവാസികളുടെ പക്കൽനിന്ന് ഈവസ്തു ആദ്യം വാങ്ങിയത് അർപ്പിതയും പാർഥയും ചേർന്നാണെന്നാണ് വിൽപ്പനയുടെ രേഖകളിൽ കാണുന്നത്. പിന്നീട് വസ്തു അർപ്പിതയുടെമാത്രം പേരിൽ പോക്കുവരവ് നടത്തുകയായിരുന്നു.

ഭാംഗറിൽ സ്വന്തംസ്ഥാപനത്തിന്റെ പേരിൽ 10 ഏക്കർ സ്ഥലവും വാങ്ങിയിട്ടുണ്ട്. ഇവയിൽ മിക്കതും ബിനാമി സ്വത്താണെന്നാണ് ഇ.ഡി. കരുതുന്നത്. അതേസമയം, അർപ്പിത മുഖർജിയുടെ കാണാതായ നാല് ആഡംബര കാറുകൾക്കായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുകയാണ്. കൊൽക്കത്തയിലെ ഫ്‌ളാറ്റ് സമുച്ഛയത്തിൽ നിന്നാണ് നാല് കാറുകളും അപ്രത്യക്ഷമായിരിക്കുന്നത്. കാറുകളിൽ പണം മറ്റ് രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റിയോ എന്നതാണ് ഇഡി അന്വേഷിക്കുന്നത്.

അഞ്ച് കാറുകളാണ് അർപ്പിതയുടേതായി ഫ്‌ളാറ്റിന്റെ പാർക്കിങ് സ്ഥലത്തുണ്ടായിരുന്നത്. ഇവയിൽ ഒരു മെഴ്സിഡസ് ബെൻസ് ഇ.ഡി. കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ, മറ്റ് നാല് വാഹനങ്ങൾ അർപ്പിത അറസ്റ്റിലായ ശേഷം ഇവിടെനിന്ന് കാണാതായി. ഇവ ആരാണ് കൊണ്ടുപോയതെന്നാണ് അന്വേഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button