KeralaLatest News

ആറുമാസം പ്രായമുള്ള കുഞ്ഞുൾപ്പെടെ വനിതാ ഡോക്ടറും കുടുംബവും രക്ഷപ്പെട്ടത് അത്ഭുതകരമായി

കോട്ടയം: ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ സഞ്ചരിക്കുന്നതിനിടെ വഴി തെറ്റിയ കാർ തോട്ടിൽ വീണു. നാലംഗ സംഘം സഞ്ചരിച്ചിരുന്ന കാറാണ് തോട്ടിൽ വീണത്. എറണാകുളത്തുനിന്നു തിരുവല്ലയിലേക്ക് യാത്ര ചെയ്ത കുമ്പനാട് സ്വദേശികളായ ഡോ.സോണിയ (32), അമ്മ ശോശാമ്മ (65), സഹോദരൻ അനീഷ് (21), സോണിയയുടെ 6 മാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണു അത്ഭുതകരമായി രക്ഷപ്പെട്ടത്.

ഇന്നലെ രാത്രി 11നു തിരുവാതുക്കലിനു സമീപം പാറേച്ചാലിലാണ് സംഭവം. രാത്രി വൈകി എറണാകുളത്തുനിന്നു യാത്ര തിരിച്ച കുടുംബം ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ സഞ്ചരിക്കുന്നതിനിടെ തിരുവാതുക്കൽ നിന്ന് വഴിതെറ്റിയാണ് പാറേച്ചാലിൽ എത്തിയതെന്ന് പൊലീസ് പറഞ്ഞു. തിരുവാതുക്കൽ – നാട്ടകം സിമിന്റുകവല ബൈപാസിലൂടെ പാറേച്ചാൽ ബോട്ടുജെട്ടിയുടെ ഭാഗത്തേക്കാണ് കാർ നീങ്ങിയത്.

ഈ ഭാഗത്ത് റോഡിൽ ഉൾപ്പെടെ കുത്തൊഴുക്കായിരുന്നു. റോഡും തോടും തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമായിരുന്നു. പാറേച്ചാൽ ജെട്ടിയുടെ സമീപത്ത് എത്തിയപ്പോൾ കൈത്തോട്ടിലേക്ക് പതിച്ച കാർ ഒഴുകിനീങ്ങി. യാത്രക്കാർ നിലവിളിക്കുകയും വശങ്ങളിലെ ചില്ലിൽ ഇടിച്ച് ശബ്ദം ഉണ്ടാക്കുകയും ചെയ്തതോടെ നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടു. നാട്ടുകാരായ സത്യൻ, വിഷ്ണു എന്നിവരാണ് ആദ്യം എത്തിയത്. കാറിനൊപ്പം കരയിലൂടെ ഓടിയ ഇവർ കാറിനു സമീപം എത്തിയപ്പോൾ വെള്ളത്തിലേക്ക് ചാടുകയായിരുന്നു.

കാർ 300 മീറ്റർ ഒഴുകിനീങ്ങി. കാർ കരയിലേക്ക് തള്ളിനീക്കാൻ ശ്രമിക്കുന്നതിനിടെ മുൻഭാഗം ചെളിയിൽ തറഞ്ഞു. ഇതോടെ നാട്ടുകാർ കയറിട്ടു കാർ സമീപത്തെ വൈദ്യുതത്തൂണിൽ ബന്ധിച്ചു. വാതിൽ തുറന്ന് കുഞ്ഞിനെയും മറ്റുള്ളവരെയും പുറത്ത് എത്തിച്ചു. യാത്രക്കാരെ സമീപത്തെ സനലിന്റെ വീട്ടിൽ എത്തിച്ചു പ്രാഥമിക ശുശ്രൂഷ നൽകി. പരുക്കുകളില്ല. പിന്നീട് രാത്രിയിൽ എത്തിയ ബന്ധുക്കളോടൊപ്പം ഇവർ മടങ്ങി.
കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ പൊലീസ് സംഘവും അഗ്‌നിരക്ഷാ സേനാ സംഘവും സ്ഥലത്ത് എത്തിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button