News

ചൈനയുടെ സൈനിക അഭ്യാസങ്ങൾ അതിര് കടക്കുന്നു? ‘ദുഷ്ടനായ അയൽക്കാരൻ’ തങ്ങൾക്ക് ഭീഷണിയല്ലെന്ന് തായ്‌വാൻ

തായ്‌പേയ്: ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുകൊണ്ടുള്ള ചൈനയുടെ സൈനികാഭ്യാസ ഭീഷണി മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. അമേരിക്കൻ ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി തായ്‌വാൻ സന്ദർശിച്ചതാണ് ചൈനയുടെ പ്രകോപനത്തിന് കാരണം. സൈനികാഭ്യാസ ഭീഷണി രണ്ടാം ദിവസത്തിലേക്ക് കടന്നപ്പോൾ തന്നെ അതിർത്തിയിൽ മിസൈൽ സംവിധാനങ്ങൾ വിന്യസിച്ച് തായ്‌വാൻ സൈന്യവും നിലയുറപ്പിച്ചു.

യുദ്ധമുണ്ടായാൽ അതിനെ നേരിടാൻ സജ്ജമാണ് എന്ന് തായ്‌വാൻ പറയുമ്പോഴും അവരത് ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം. സാഹചര്യങ്ങൾ കൂടുതൽ വഷളാക്കാൻ ആഗ്രഹമില്ലാത്തതിനാലാണ് അങ്ങോട്ട് പ്രകോപിപ്പിക്കാൻ നിൽക്കാത്തതെന്നും, തങ്ങളുടെ ലക്ഷ്യം പ്രതിരോധമാണെന്നും തായ്‌വാൻ പരസ്യമായി പറയുന്നുണ്ട്. ദ്വീപിലെ ആത്യന്തിക അധിനിവേശം ലക്ഷ്യമിട്ടുള്ള ചൈനയുടെ അഭ്യാസങ്ങൾ അതിര് വിടുന്നതായി തായ്‌വാൻ പറയുമ്പോൾ, അമേരിക്കൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കൻ അടക്കമുള്ളവരുടെ നിലപാടും ഇത് തന്നെയാണ്.

ചൈനയുടെ ഈ സൈനിക അഭ്യാസങ്ങൾ അങ്ങേയറ്റം പ്രകോപനപരമാണ് എന്നും ഇത്തരത്തിലുള്ള നിരുത്തരവാദിത്തപരമായ നടപടികൾ മേഖലയിലെ ശാന്തിക്ക് ഭംഗം വരുത്തുമെന്നും അമേരിക്കൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കൻ പറഞ്ഞു. തായ്‌വാനെ ഒരുതരത്തിലും ഒറ്റപ്പെടുത്താൻ അമേരിക്ക അനുവദിക്കില്ല എന്ന് ഹൗസ് സ്പീക്കർ നാൻസി പെലോസിയും അറിയിച്ചു.

Also Read:ഇടുക്കി ഡാമിൽ റെഡ് അലർട്ട്: പെരിയാറിൻ്റെ തീരത്തുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് കളക്ടർ

വിലക്ക് ലംഘിച്ച് തായ്‌വാൻ സന്ദർശനം നടത്തി എന്നാരോപിച്ച് പെലോസിയ്ക്കെതിരെ ചൈന ഉപരോധമേർപ്പെടുത്തി. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെട്ടു, പരമാധികാരത്തെ മാനിച്ചില്ല തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് ചൈനീസ് വിദേശകാര്യ വകുപ്പ്, പെലോസിക്കെതിരെ ഈ ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതോടെ രണ്ട് വൻശക്തികളും തമ്മിലുള്ള ബന്ധം വഷളായതായി അന്താരാഷ്‌ട്ര ഇടങ്ങളിൽ ചർച്ച നടക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം, പ്രതിരോധ സഹകരണം എന്നീ വിഷയങ്ങളിൽ വാഷിംഗ്ടണുമായുള്ള നിരവധി ചർച്ചകളിൽ നിന്നും സഹകരണ കരാറുകളിൽ നിന്നും പിന്മാറുമെന്ന് ചൈന പറഞ്ഞത് ഈ ചർച്ചകൾക്ക് ആക്കം കൂട്ടുന്നു.

പതിനൊന്ന് ബാലിസ്റ്റിക് മിസൈലുകളാണ് രണ്ടാം ദിവസം ചൈന തായ്‌വാന് കുറുകെ വിക്ഷേപിച്ചിട്ടുള്ളത്. മേഖല യുദ്ധഭീതിയിലേക്ക് വഴുതി വീണിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഒന്നിലേറെ തവണ ചൈനീസ് കപ്പലുകളും വിമാനങ്ങളും തായ്‌വാൻ കടലിടുക്കിന്റെ മീഡിയൻ ലൈൻ അതിക്രമിച്ചു കടന്നിരുന്നു. ദ്വീപിന് നേരെയുള്ള ‘വലിയ’ ആക്രണത്തിന് സമാനമാണ് ഈ പ്രവർത്തിയെന്ന് തായ്‌വാൻ വിലയിരുത്തുന്നു.

‘തായ്‌വാൻ കടലിടുക്കിന് ചുറ്റും പ്രവർത്തനങ്ങൾ നടത്തുന്ന കമ്മ്യൂണിസ്റ്റ് വിമാനങ്ങളുടെയും കപ്പലുകളുടെയും ഒന്നിലധികം ബാച്ചുകളിൽ ചിലത് മധ്യരേഖ മറികടന്നു. തായ്‌വാൻ കടലിടുക്കിലൂടെ കടന്നുപോകുന്ന അതിർത്തി രേഖ മറികടക്കുന്നതിന്റെ അർത്ഥം ചൈന തിരിച്ചറിയുന്നില്ല’, തായ്വാൻ വെളിപ്പെടുത്തി.

ചൈനയുടെ സൈന്യം തീരത്തേക്ക് എത്രത്തോളം അടുത്തിരിക്കുന്നുവെന്ന് ലോകത്തിന് ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് തായ്‌വാൻ. ചൈനീസ് സൈന്യം ഒറ്റരാത്രികൊണ്ട് ദ്വീപിന്റെ തീരപ്രദേശവും പർവതങ്ങളും കൈയടക്കാൻ പാകത്തിൽ നിലയുറപ്പിച്ചതിന്റെ ആകാശദൃശ്യം ഒരു എയർഫോഴ്സ് പൈലറ്റിന്റെ സഹായത്തോടെ തായ്‌വാൻ ചിത്രീകരിക്കുകയും അത് പുറത്തുവിടുകയും ചെയ്തിട്ടുണ്ട്.

ചൈനയ്ക്കും കൊറിയൻ ഉപദ്വീപിനും ഇടയിൽ സ്ഥിതി ചെയ്യുന്ന മഞ്ഞക്കടലിന്റെ തെക്കൻ ഭാഗത്ത് ശനിയാഴ്ച മുതൽ ഓഗസ്റ്റ് 15 വരെ ലൈവ് ഫയർ ഡ്രിൽ നടത്തുമെന്നും ബെയ്ജിംഗ് അറിയിച്ചു. അഭ്യാസത്തിനിടെ ചൈനീസ് മിസൈലുകൾ തായ്‌വാനിലേക്ക് നേരിട്ട് പറന്നതായി ചൈനയുടെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ റിപ്പോർട്ട് ചെയ്തു.

‘ദുഷ്ടനായ അയൽക്കാരൻ ലോകത്തെ മുഴുവൻ പരീക്ഷിക്കുന്നു’

ചൈനയുടെ അഭ്യാസങ്ങളുടെ അളവും തീവ്രതയും അമേരിക്കയിലും മറ്റ് ജനാധിപത്യ രാജ്യങ്ങളിലും പ്രകോപനം സൃഷ്ടിച്ചു. ബീജിംഗിന്റെ നടപടികളെ ശാസിക്കാൻ വൈറ്റ് ഹൗസ് വെള്ളിയാഴ്ച വാഷിംഗ്ടണിലെ ചൈനയുടെ അംബാസഡറെ വിളിച്ചുവരുത്തി.
‘ദുഷ്ടനായ അയൽക്കാരൻ’തങ്ങളെ ഭയപ്പെടുത്തില്ലെന്ന് തായ്വാൻ ഉറപ്പിച്ചു പറയുമ്പോൾ അമേരിക്കയും ഇന്ത്യയും അടക്കമുള്ള രാജ്യങ്ങൾ തായ്‌വാന് പിന്തുണ രേഖപ്പെടുത്തി കഴിഞ്ഞു.

തായ്‌വാനുമായി ബന്ധപ്പെട്ട പിരിമുറുക്കങ്ങൾ ഏകദേശം 30 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തലത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. സൈനിക സംഘട്ടനത്തിന്റെ അപകടസാധ്യത ഉയർന്നിരിക്കുകയാണ്. അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധം അതിന്റെ ഏറ്റവും മോശം അവസ്ഥയിലാണുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button