Latest NewsNewsInternational

സ്ഥലവും പണവും ലാഭിക്കാൻ മൃഗങ്ങളെ വിൽക്കാനൊരുങ്ങി പാകിസ്ഥാൻ

ഇസ്ളമാബാദ്: ഉയർന്ന പണപ്പെരുപ്പത്തെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിക്കിടെ നിർണായക നീക്കവുമായി പാകിസ്ഥാൻ. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നത് വരെ രാജ്യത്തെ മൃഗങ്ങളെ വിൽക്കാനൊരുങ്ങുകയാണ് പാകിസ്ഥാൻ. റിപ്പോർട്ടുകൾ പ്രകാരം, സിംഹങ്ങളും കടുവകളും ഉൾപ്പെടെയുള്ള വലിയ മൃഗങ്ങളെ സ്വകാര്യ സ്ഥാപനങ്ങൾക്ക് ലേലം ചെയ്യാൻ ഒരുങ്ങുകയാണ് ലാഹോർ മൃഗശാല. മൃഗങ്ങളെ വിറ്റഴിക്കുന്നതിലൂടെ സ്ഥലവും പണവും ലാഭിക്കുമെന്ന് മൃഗശാല അധികൃതർ പറഞ്ഞു.

നിലവിൽ, ലാഹോർ മൃഗശാലയിൽ 29 സിംഹങ്ങളാണുള്ളത്. 2 മുതൽ 5 വയസ്സ് വരെയാണ് ഇവയുടെ പ്രായം. ഇതിൽ 12 എണ്ണത്തിനെ ഓഗസ്റ്റ് 11 ന് ലേലം ചെയ്യും. സിംഹങ്ങളെ കൂടാതെ ആറ് ചീറ്റകളും രണ്ട് പുള്ളിപ്പുലികളും മൃഗശാലയിൽ ഉണ്ടെന്ന് ലാഹോർ മൃഗശാല ഡെപ്യൂട്ടി ഡയറക്ടർ തൻവീർ അഹമ്മദ് ജൻജുവ പറയുന്നു. മൃഗങ്ങൾക്ക് ഭക്ഷണം നൽകാൻ തന്നെ ലക്ഷങ്ങൾ ചിലവഴിക്കേണ്ടതായി വരുന്നതിനെ തുടർന്നാണ് ഇത്തരമൊരു നടപടി.

അതേസമയം, മൃഗശാലയുടെ നീക്കത്തിനെതിരെ പാകിസ്ഥാനിലെ മൃഗ പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. ലേലം നടത്താൻ അനുവദിക്കില്ലെന്നാണ് ഇവർ പറയുന്നത്. ഒന്നുകിൽ സിംഹങ്ങളെ മറ്റ് മൃഗശാലകളിലേക്ക് മാറ്റുകയോ പെൺ സിംഹങ്ങൾക്ക് ഗർഭനിരോധന ഉറകൾ നൽകുകയോ ചെയ്യണമെന്ന് ഇവർ നിർദ്ദേശിച്ചിട്ടുണ്ട്. മൃഗശാലയിൽ നിന്ന് ഇത്തരമൊരു ലേലം നടന്നാൽ വന്യജീവി സംരക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരു ബിസിനസ്സായി ഇത് മാറുമെന്ന് ആക്ടിവിസ്റ്റ് ഉസ്മ ഖാൻ പറഞ്ഞു.

ഒരു സിംഹത്തിന് ഏകദേശം 20 ലക്ഷം രൂപ ലഭിക്കുമെന്നാണ് പാകിസ്ഥാൻ കരുതുന്നത്. ലാഹോർ മൃഗശാല അധികൃതർ സിംഹങ്ങൾക്ക് നിശ്ചയിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ വിലയേക്കാൾ കൂടുതൽ വില, ഇന്ത്യയിൽ ലേലത്തിൽ വെച്ച ആടുകൾക്ക് ലഭിച്ചതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ലാഹോർ മൃഗശാലയിലെ ചീഫ് വെറ്ററിനറി ഓഫീസർ മുഹമ്മദ് റിസ്വാൻ ഖാൻ കഴിഞ്ഞ വർഷവും സിംഹങ്ങളെ വിൽക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും ആവശ്യമായ പേപ്പറുകളുടെ അഭാവം മൂലം നടപടികൾ പൂർത്തിയാക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button