Latest NewsIndia

ഷിൻഡെ മന്ത്രിസഭയിൽ 18 പേർ കൂടി സത്യപ്രതിജ്ഞ ചെയ്തു: സഞ്ജയ് റാത്തോഡിനെ ഉൾപ്പെടുത്തിയതിൽ ബിജെപിക്ക് എതിർപ്പ്

മുംബൈ: മഹാരാഷ്ട്രയിൽ 18 പേർ കൂടി മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ബിജെപിയുടേയും ശിവസേനയുടേയും (ഷിൻഡേ വിഭാഗം) ഒമ്പത് എംഎൽഎമാർ വീതമാണ് സത്യപ്രതിജ്ഞ ചെയ്തത്. മുംബൈയിലായിരുന്നു വിപുലമായ ചടങ്ങുകൾ. ഏറെ രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ മഹാവികാസ് അഘാഡി സഖ്യത്തെ അധികാരത്തിൽ നിന്നും താഴെയിറക്കി ശിവസേന വിമത നേതാവ് ഏക്‌നാഥ് ഷിൻഡേ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് 40 ദിവസം പിന്നിടുമ്പോഴാണ് മന്ത്രിസഭാ വികസനം നടന്നിരിക്കുന്നത്.

ഇതുവരെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസുമായിരുന്നു ഭരണകാര്യങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്. മന്ത്രിസഭാ വികസനത്തിന് പിന്നാലെ ബുധനാഴ്ച മുതൽ മഹാരാഷ്ട്ര നിയമസഭയുടെ വർഷകാല സമ്മേളനം ആരംഭിക്കും. 18-വരെയാണ് സമ്മേളനം. ബിജെപിയിൽനിന്ന് ചന്ദ്രകാന്ത് പാട്ടീൽ, സുധീർ മുങ്കത്തിവാർ, ഗിരീഷ് മഹാജൻ, സുരേഷ് ഖാദേ, രാധാകൃഷ്ണ വിഖേ പാട്ടീൽ, രവീന്ദ്ര ചവാൻ, മംഗൾ പ്രഭാത് ലോധ, വിജയകുമാർ ഘവിത്, അതുൽ സാവേ എന്നിവരും ശിവസേനയിൽനിന്ന് ദാദാ ഭുസെ, ഉദയ് സാമന്ത്, ഗുലാബ്റാവു പാട്ടീൽ, ശംഭുരാജേ ദേശായ്, സന്ദീപൻ ഭുംറെ, സഞ്ജയ് റാത്തോഡ്, തനാജി സാവന്ത്, ദീപക് കേരസർകർ, അബ്ദുൾസത്താർ എന്നിവരുമാണ് സത്യപ്രതിജ്ഞ ചെയ്തത്.

വകുപ്പുകൾ സംബന്ധിച്ചുള്ള വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് ആഭ്യന്തര വകുപ്പിൻറെ ചുമതല ലഭിച്ചേക്കുമെന്ന് സൂചനകളുണ്ട്. അതേസമയം, സഞ്ജയ് റാത്തോഡ് ഇന്ന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് അങ്ങേയറ്റം തെറ്റാണെന്ന് ബിജെപി മഹാരാഷ്ട്ര വൈസ് പ്രസിഡന്റ് പറഞ്ഞു.

പൂജ ചവാൻ ആത്മഹത്യയുമായി ബന്ധപ്പെട്ട് മന്ത്രിയായിരിക്കെ റാത്തോഡിനോട് രാജി ആവശ്യപ്പെട്ടിരുന്നുവെന്ന് ബിജെപി മഹാരാഷ്ട്ര വൈസ് പ്രസിഡന്റ് പറഞ്ഞു. കേസിൽ പേര് ഉയർന്നതിനെ തുടർന്ന് 2021 ൽ സഞ്ജയ് റാത്തോഡിന് രാജിവെക്കേണ്ടി വന്നു. മഹാ വികാസ് അഘാഡി (എം‌വി‌എ) മന്ത്രിസഭയിൽ നിന്ന് രാജിവെക്കേണ്ടി വന്ന ആദ്യത്തെ മന്ത്രിയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button