KeralaLatest NewsIndia

കരുവന്നൂരിൽ ഇഡിയുടെ റെയ്‌ഡില്‍ കണ്ടെത്തിയത് നോട്ടുനിരോധനകാലത്തെ 100 കോടിയും: അപ്രതീക്ഷിത നീക്കം

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ 20 മണിക്കൂര്‍ നീണ്ടുനിന്ന ഇ.ഡി റെയ്ഡ് അവസാനിച്ചു. ഇന്നലെ രാവിലെ എട്ട് മണിക്ക് ആരംഭിച്ച റെയ്ഡ് അവസാനിച്ചത് ഇന്ന് പുലർച്ചെ 3.30 നാണ്. 75 പേരടങ്ങുന്ന ഉദ്യോഗസ്ഥ സംഘമാണ് വിവിധ സംഘങ്ങളായി തിരിഞ്ഞ് റെയ്ഡ് നടത്തിയത്. ബാങ്ക് പ്രസിഡന്റ്‌ കെ കെ ദിവാകരൻ, സെക്രട്ടറി സുനിൽ കുമാർ, ശാഖ മാനേജർ ബിജു കരീം, ജീവനക്കാരായിരുന്ന ബിജോയ്‌, കിരൺ എന്നിവരുടെ വീടുകളിലും കരുവന്നൂർ ബാങ്കിലും ഉദ്യോഗസ്ഥർ എത്തി.

ബാങ്കിൽ നിന്ന് നിരവധി രേഖകൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പുകേസില്‍ ഇ.ഡി.നടത്തിയത് അപ്രതീക്ഷിതനീക്കം. സി.ബിഐ. അന്വേഷിക്കണമെന്ന ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുകയും തട്ടിപ്പ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോര്‍ട്ട് കീഴ്‌ക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്ത അതേസമയത്താണ് ഇ.ഡി.മിന്നല്‍ പരിശോധനയ്ക്ക് എത്തിയത്.

എന്നാൽ ഇഡിയെ തന്നെ അമ്പരപ്പിച്ചത് നോട്ടുനിരോധനകാലത്തെ 100 കോടി രൂപയുടെ നിക്ഷേപമാണ്. നോട്ടുനിരോധനക്കാലത്ത് കരുവന്നൂര്‍ സഹകരണ ബാങ്കിലേക്ക് 100 കോടിയുടെ നിക്ഷേപമെത്തുകയും അതേവര്‍ഷം തന്നെ പിന്‍വലിക്കുകയും ചെയ്ത ഈ സംഭവം ഇ.ഡി. സമഗ്രമായി അന്വേഷിക്കും. എവിടെനിന്നാണ് പണം എത്തിയതെന്നും ഏതുസമയത്താണ് പിന്‍വലിച്ചതെന്നും കണ്ടെത്തുകയാണ് ലക്ഷ്യം.

നോട്ട് നിരോധിച്ച 2016-ല്‍ കരുവന്നൂര്‍ ബാങ്കില്‍ പ്രവര്‍ത്തിച്ചിരുന്ന വി ബാങ്ക് സോഫ്റ്റ് വെയര്‍ വ്യാപകമായി ദുരുപയോഗപ്പെടുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ആ സമയത്തുതന്നെ സോഫ്റ്റ് വെയറിലെ ഡേ ഓപ്പണ്‍, ഡേ എന്‍ഡ് സംവിധാനം ഇല്ലാതാക്കി. ഏതുസമയത്ത് എത്ര തുകയാണ് നിക്ഷേപിച്ചതെന്നും പിന്‍വലിച്ചതെന്നും ഇതിനാല്‍ കണ്ടെത്താനാകില്ല. 2017 ജൂണ്‍ ആറിനാണ് ഡേ ഓപ്പണ്‍, ഡേ എന്‍ഡ് സംവിധാനം പുനഃസ്ഥാപിച്ചത്. ഇതിനോടകം നിക്ഷേപിച്ച തുകയില്‍ ഭീമമായ സംഖ്യ പിന്‍വലിക്കുകയും ചെയ്തു.

ആ കാലത്ത് ബാങ്കിലെ ഏതൊരാള്‍ക്കും ഇടപാടുകാര്യം ആരുമറിയാതെ ഡിലീറ്റ് ചെയ്യാമായിരുന്നു. ഇത് പിന്നീട് വീണ്ടെടുക്കാനാകില്ല. ആ രീതിയില്‍ സോഫ്റ്റ് വെയറില്‍ കൃത്രിമം നടത്തി. നോട്ടുനിരോധനക്കാലത്തെ ഇടപാട് എല്ലാവരുടെയും ബാധ്യതയാക്കാനും ആരാണ് നടത്തിയതെന്ന് കണ്ടെത്താതിരിക്കാനുമായി പ്യൂണ്‍ ഉള്‍പ്പെടെ 18 പേരെ സോഫ്റ്റ് വെയര്‍ അഡ്മിന്‍മാരാക്കുകയും ചെയ്തു. പേഴ്‌സണല്‍ ലഡ്ജറുകള്‍ ബാങ്കിന്റെ സോഫ്റ്റ് വെയറുമായി ബന്ധിപ്പിക്കരുതെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും ഇതു ബന്ധിപ്പിച്ച് ആരാണ്, ഏതുവഴിക്കാണ് നിക്ഷേപം സ്വീകരിക്കലും തിരികെ നല്‍കലും നടത്തിയതെന്ന് അറിയാത്ത രീതിയിലാക്കി.

ഓട്ടോമാറ്റിക് പാസ്സ്‌വേഡ്‌ മാറ്റുന്ന സംവിധനവും മാേനജര്‍ തലത്തിലുള്ള ഉദ്യോഗസ്ഥന്‍ ഇടപാടുകളെല്ലാം പാസാക്കുന്ന രീതിയും സോഫ്റ്റ് വെയറില്‍നിന്ന് 2017 ജൂണ്‍ ആറുവരെ റദ്ദാക്കിയിരുന്നു. ഈ കാലത്താണ് നോട്ടുനിരോധനത്തിന്റെ നേട്ടം ജീവനക്കാരും അവര്‍ക്ക് വേണ്ടപ്പെട്ടവരും കൊയ്തതെന്നാണ് ഇഡിയുടെ നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button