Latest NewsNewsIndia

ദേശവിരുദ്ധ പ്രവർത്തനം: കശ്മീരിൽ പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത ബിട്ട കരാട്ടെയുടെ ഭാര്യ അടക്കം 4 പേരെ പൂട്ടി ഭരണകൂടം

കശ്മീർ: നാല് സർക്കാർ ജീവനക്കാരെ പിരിച്ചുവിട്ട് ജമ്മു കശ്മീർ ഭരണകൂടം.
1990 ൽ കശ്മീരിലെ പണ്ഡിറ്റുകളുടെ പലായന സാഹചര്യത്തിൽ നിരവധി പണ്ഡിറ്റുകളെ കൊലപ്പെടുത്തിയ ബിട്ട കരാട്ടെയുടെ ഭാര്യ അസ്സബാ-ഉൽ-അർജമന്ദ് ഖാൻ ഉൾപ്പെടെ നാല് പേരെയാണ് ഭരണകൂടം പിരിച്ചുവിട്ടത്. പിരിച്ചുവിട്ട മറ്റുള്ളവരിൽ മുൻ LET ഭീകരനും കശ്മീർ സർവകലാശാലയിലെ ശാസ്ത്രജ്ഞനുമായ ഒരു അസോസിയേറ്റ് പ്രൊഫസറും ഉൾപ്പെടുന്നു. ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനാണ് ഇവരെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടത്.

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 311 പ്രകാരമുള്ള സേവനങ്ങളിൽ നിന്ന് എൽജി മനോജ് സിൻഹയുടെ നിർദ്ദേശ പ്രകാരം ഭരണകൂടം ജീവനക്കാരെ പിരിച്ചുവിടുകയായിരുന്നു. യൂണിയൻ അല്ലെങ്കിൽ ഒരു സംസ്ഥാനത്തിന് കീഴിലുള്ള സിവിൽ കപ്പാസിറ്റികളിൽ ജോലി ചെയ്യുന്ന വ്യക്തിയെ പിരിച്ചുവിടാൻ നിയമം വ്യവസ്ഥ ചെയ്യുന്നുവെന്ന് സർക്കാർ വിശദീകരിച്ചു.

സംസ്ഥാന സുരക്ഷയ്ക്ക് യോജിക്കാത്ത പ്രവർത്തനങ്ങൾ ജീവനക്കാർ പ്രവർത്തിച്ചുവെന്ന് സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ‘ഈ ജീവനക്കാരുടെ പ്രവർത്തനങ്ങൾ നിയമപാലകരുടെയും രഹസ്യാന്വേഷണ ഏജൻസികളുടെയും ശ്രദ്ധയിൽ പെട്ടിരുന്നു. 2020 ജൂലൈ 30-ന് രൂപീകരിച്ച കമ്മറ്റി ഇവരെ കുറിച്ച് കൃത്യമായ പഠനം നടത്തി വരികയായിരുന്നു. ലഭ്യമായ വസ്തുതകളുടെ അടിസ്ഥാനത്തിൽ കമ്മിറ്റി, ഡോ. മുഹീത് അഹമ്മദ് ഭട്ട്, മാജിദ് ഹുസൈൻ ഖാദ്രി, സയ്യിദ് അബ്ദുൾ മുഈദ്, അസ്സബാ-ഉൽ-അർജമന്ദ് ഖാൻ എന്നിവരെ പിരിച്ചുവിടാൻ ശുപാർശ ചെയ്തിരുന്നു’, പ്രസ്താവനയിൽ പറയുന്നു.

കശ്മീർ സർവ്വകലാശാലയിൽ ആയിരുന്നു മുഹീത് അഹമ്മദ് ജോലി ചെയ്തിരുന്നത്. പാകിസ്ഥാന്റെയും അതിന്റെ പ്രോക്സികളുടെയും പ്രോഗ്രാമും അജണ്ടയും മുന്നോട്ട് കൊണ്ടുപോകുന്നതിനായി വിദ്യാർത്ഥികളെ തീവ്രവാദികളാക്കി യൂണിവേഴ്സിറ്റിയിൽ വിഘടനവാദ-ഭീകരവാദ അജണ്ട പ്രചരിപ്പിക്കുന്നതിൽ ഇയാൾ പങ്കാളി ആയതായി റിപ്പോർട്ട് പറയുന്നു.

അതേസമയം, അതേ സർവകലാശാലയിലെ സീനിയർ അസിസ്റ്റന്റ് പ്രൊഫസറായ ഖാദ്രിക്ക് ലഷ്‌കർ എന്ന ഭീകര സംഘടനയുമായി ബന്ധമുണ്ട്. ഇയാൾ മുമ്പ് തീവ്രവാദവുമായി ബന്ധപ്പെട്ട വിവിധ കേസുകളിൽ യു/എസ് 302, 307, 427, 7/27 ആർപിസി പ്രകാരം കേസെടുത്തിരുന്നു.

അതിനിടെ, 1990-കളിൽ കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിൽ മുഖ്യപങ്ക് വഹിച്ച ഭീകരൻ ബിട്ട കരാട്ടെയുടെ ഭാര്യ അസ്സബാ-ഉൽ-അർജമന്ദ് ഖാന് വിദേശികളുമായി ബന്ധമുണ്ടെന്ന് ഇന്ത്യൻ സുരക്ഷയും രഹസ്യാന്വേഷണ വിഭാഗവും കണ്ടെത്തിയിരുന്നു. ജമ്മു കാശ്മീരിലെ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഫണ്ട് എത്തിക്കുന്നതിലും അവളുടെ പങ്ക് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. മാസ് കമ്മ്യൂണിക്കേഷനിലും ജേർണലിസത്തിലും ബിരുദധാരിയായ യുവതി ഖാൻ ബിട്ട കരാട്ടെയുടെ ഭാര്യയെന്ന നിലയിൽ തനിക്ക് അഭിമാനമുണ്ടെന്ന് നേരത്തെ പറഞ്ഞിരുന്നു. ഇതും ഇക്കൂട്ടത്തിൽ ചേർത്തുവായിക്കേണ്ടതാണ്.

‘അദ്ദേഹത്തെ (കരാട്ടെ) വിവാഹം കഴിച്ചത് എനിക്ക് ഒരു ബഹുമതിയാണ്. ഞാൻ ഒരു വിഘടനവാദിയുമായി വിവാഹ നിശ്ചയം നടത്തുകയാണെന്ന് ചുറ്റുമുള്ള ആളുകൾ അറിഞ്ഞപ്പോൾ, അവർ ആദ്യം വളരെയധികം ആശങ്ക പ്രകടിപ്പിച്ചു. പക്ഷേ അതിൽ തെറ്റൊന്നുമില്ലെന്ന് ഞാൻ അവരെ പറഞ്ഞ് മനസ്സിലാക്കി’, ഖാൻ ഒരു അഭിമുഖത്തിൽ പറഞ്ഞു. അസ്സബാ-ഉൽ-അർജമന്ദ് അഗ്രികൾച്ചർ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ 2007 വരെ എഡിറ്ററായി ജോലി ചെയ്യുകയും 2009-ൽ കശ്മീർ അഡ്മിനിസ്‌ട്രേറ്റീവ് സർവീസസ് (കെഎഎസ്) ടെസ്റ്റ് വിജയിക്കുകയും ചെയ്തു. ശേഷം പൊതുഭരണ വകുപ്പിൽ നിയമിതയായി.

തൊണ്ണൂറുകളുടെ തുടക്കത്തിൽ താഴ്‌വരയിൽ സായുധ പോരാട്ടം മൂർച്ഛിച്ചപ്പോൾ ഹിന്ദു നാമധാരികളെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തിയവരിൽ പ്രധാനിയായിരുന്നു ബിട്ട. പലായന വേളയിൽ 40 ലധികം കശ്മീരി പണ്ഡിറ്റുകളെ താൻ വധിച്ചതായി 1991 ൽ കരാട്ടെ സമ്മതിച്ചു. താൻ ആദ്യം കൊലപ്പെടുത്തിയത് കശ്മീരി പണ്ഡിറ്റ് സതീഷ് ടിക്കൂ ആണെന്നും ഇയാൾ സമ്മതിച്ചിരുന്നു. കശ്മീരി പണ്ഡിറ്റുകളെ വംശഹത്യ നടത്തിയതിന് 1990-ൽ ബിട്ടയെ അറസ്റ്റ് ചെയ്തിരുന്നു. എന്നിരുന്നാലും, 17 വർഷത്തിന് ശേഷം ഇയാൾ സ്വതന്ത്രനായി. കശ്മീരി ഹിന്ദുക്കളുടെ കശാപ്പുകാരൻ ബിട്ട കരാട്ടെ 2008-ൽ അമർനാഥ് ഭൂപ്രക്ഷോഭത്തിനിടെ വീണ്ടും അറസ്റ്റിലായി. എട്ട് മാസത്തിന് ശേഷം വീണ്ടും വിട്ടയച്ചു. 2019 ൽ തീവ്രവാദ ഫണ്ടിംഗ് ആരോപണത്തിൽ വീണ്ടും പിടിക്കപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button