KeralaLatest NewsNews

സിവില്‍ സ്റ്റേഷനില്‍ ക്രഷ് പ്രവര്‍ത്തനമാരംഭിച്ചു

കോഴിക്കോട്: ജോലിക്ക് പോവുമ്പോള്‍ കുഞ്ഞുങ്ങളെ സുരക്ഷിത സ്ഥാനങ്ങളില്‍ ഏല്‍പ്പിക്കുക എന്ന ഉദ്യോഗസ്ഥരായ സ്ത്രീകളുടെ ഏറെക്കാലത്തെ ആഗ്രഹമാണ് ‘ക്രഷ്’ സംവിധാനത്തിലൂടെ നടപ്പിലായതെന്ന് തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ. കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ ഒരുക്കിയ ‘ക്രഷ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ സൗകര്യം ആവശ്യമുള്ളവര്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്നും എം.എല്‍.എ പറഞ്ഞു.

സിവില്‍ സ്റ്റേഷന്റെ ബി ബ്ലോക്കില്‍ ഒന്നാം നിലയിലാണ് ക്രഷ് ഒരുക്കിയിരിക്കുന്നത്. ആറ് മാസം മുതല്‍ ആറ് വയസ്സുവരെ പ്രായമുള്ള കുട്ടികളുള്ള ഗവ. ഉദ്യോഗസ്ഥരായ ജീവനക്കാര്‍ക്ക് ക്രഷുകളുടെ സേവനം പ്രയോജനപ്പെടുത്താം. പകല്‍ സമയങ്ങളില്‍ സുരക്ഷിതമായ പരിചരണം സാധ്യമാകും. സംസ്ഥാന സര്‍ക്കാരിന്റെ ‘തൊഴിലിടങ്ങളില്‍ ശിശുപരിപാലന കേന്ദ്രം’ പദ്ധതിയുടെ ഭാഗമായാണ് സിവില്‍ സ്റ്റേഷനില്‍ ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ക്രഷ് പ്രവര്‍ത്തനമാരംഭിച്ചത്. ശിശുക്ഷേമ സമിതിക്കാണ് നടത്തിപ്പ് ചുമതല.

രാവിലെ ഒന്‍പതര മുതല്‍ വൈകീട്ട് അഞ്ചര വരെയാണ് ക്രഷിന്റെ പ്രവര്‍ത്തനം. കുട്ടികളെ പരിപാലിക്കാനായി ഒരു വര്‍ക്കറിന്റെയും ഒരു ഹെല്‍പ്പറിന്റെയും സേവനം ഇവിടെ ലഭ്യമാകും. ഞായറാഴ്ചകളിലും പൊതുഅവധി ദിനങ്ങളിലും ക്രഷ് പ്രവര്‍ത്തിക്കില്ല.

ക്രഷില്‍ ഫ്രിഡ്ജ്, വാഷിങ് മെഷീന്‍, ഗ്യാസ് സ്റ്റൗ, ഗ്യാസ് കണക്ഷന്‍, ശിശു സൗഹൃദ ഫര്‍ണിച്ചറുകള്‍, പാചകത്തിനുള്ള പാത്രങ്ങള്‍, ബ്രെസ്റ്റ് ഫീഡിങ് സ്പേസ്, തൊട്ടിലുകള്‍, ബേബി മോണിറ്ററിങ് ഉപകരണങ്ങള്‍, മെത്ത, കളിപ്പാട്ടങ്ങള്‍ തുടങ്ങിയ സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്. ഇതിനായി ക്രഷ് ഒന്നിന് രണ്ട് ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി സര്‍ക്കാരിന്റെ കീഴിലുള്ള വിവിധ വകുപ്പുകള്‍ പ്രവര്‍ത്തിക്കുന്നതും അന്‍പതിലധികം ജീവനക്കാര്‍ ഉള്ളതുമായ ഓഫീസ് സമുച്ചയങ്ങളിലാണ് ക്രഷുകള്‍ ആരംഭിക്കുന്നത്.

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് അംഗം പി. ഗവാസ്, കോര്‍പറേഷന്‍ കൗണ്‍സിലര്‍ പ്രവണ്‍ എം.എന്‍, എ.ഡി.എം മുഹമ്മദ് റഫീഖ്, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി വി.ടി സുരേഷ്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഷൈനി.കെ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ അബ്ദുല്‍ ബാരി യു സ്വാഗതവും വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഡോ.ലിന്‍സി നന്ദിയും പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button