Latest NewsArticleNews

കാമവെറിയന്‍മാരെ തടയിടേണ്ട കോടതി സ്ത്രീയുടെ വസ്ത്രത്തേയും വസ്ത്രധാരണത്തേയും പഴിക്കുമ്പോള്‍ ഭയം തോന്നുന്നു:അഞ്ജു പാര്‍വതി

ഇതു വരെ കണ്ടതിലും കേട്ടതിലും വച്ച് ഏറ്റവും അറപ്പും വെറുപ്പും ഹീനവുമായ പരാമര്‍ശമാണ് കോഴിക്കോട് സെഷന്‍സ് കോടതി ഇന്ന് നടത്തിയിരിക്കുന്നത്

ഇതു വരെ കണ്ടതിലും കേട്ടതിലും വച്ച് ഏറ്റവും അറപ്പും വെറുപ്പും ഹീനവുമായ പരാമര്‍ശമാണ് കോഴിക്കോട് സെഷന്‍സ് കോടതി സിവിക് ചന്ദ്രന്‍ പ്രതിയായ പീഡനകേസില്‍ ഇന്ന് നടത്തിയിരിക്കുന്നത്. ഒരു സ്ത്രീയുടെ വസ്ത്രധാരണം കാണുന്ന മാത്രയില്‍ ലിംഗം കൊണ്ട് ചിന്തിക്കാന്‍ മാത്രം കെല്‍പ്പുള്ള കാട്ടുകോഴി ക്രിമിനലുകള്‍ക്ക് ഒത്താശ നല്‍കുവാന്‍ മാത്രം അധ:പതിച്ചുവോ ഇവിടുത്തെ നീതി -ന്യായ വ്യവസ്ഥിതി? ഒരിക്കലും ലിംഗവിശപ്പ് തീരാത്തവന്മാരുടെ മാനസിക രോഗത്തിന് തടയിടേണ്ട കോടതി സ്ത്രീയുടെ വസ്ത്രത്തേയും വസ്ത്രധാരണത്തേയും മാത്രം പഴിക്കുമ്പോള്‍ കോടതി വെറും സദാചാരകോടതിയായി തരംതാഴുന്നു. ഇതിലും എത്രയോ ഭേദമാണ് കലുങ്ക് വക്കിലിരുന്ന് സ്മാര്‍ത്ത വിചാരണ നടത്തുന്ന സദാചാര ആങ്ങളമാര്‍.

Read Also: ‘മേക്ക് ഇന്ത്യ നമ്പർ 1’ പദ്ധതിയുമായി അരവിന്ദ് കെജ്രിവാൾ: ബിജെപിക്കും കോൺഗ്രസിനും പങ്കെടുക്കാൻ ക്ഷണം

ഒരു പെണ്‍കുട്ടിയോ സ്ത്രീയോ നോ എന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം നോ എന്ന് തന്നെയാണ്. അതിനി ഒരുവള്‍ പര്‍ദ്ദ ധരിച്ചുകൊണ്ടോ ബീച്ച് ഡ്രസ്സ് ധരിച്ചുകൊണ്ടോ ആവട്ടെ നോ എന്നാല്‍ നോ തന്നെയാണ്. ഒരു സ്ത്രീ അവള്‍ അമ്മയാവട്ടെ, സഹോദരിയാകട്ടെ, മകളാകട്ടെ, സുഹൃത്താകട്ടെ അവളുടെ അരുത് (NO) എന്ന മറുപടിയുടെ അര്‍ത്ഥം അരുതെന്ന് തന്നെയാണെന്നും അതിനു വഴങ്ങുക, കീഴ്പ്പെടുക എന്നീ അര്‍ത്ഥതലങ്ങളില്ലെന്നും ആ ‘നോ’ യെ ഇനിയെങ്കിലും നമ്മള്‍ ബഹുമാനിക്കാന്‍ പഠിക്കണമെന്നും ഉറക്കെ വിളിച്ചുപറയേണ്ട കോടതി ഒരു പൂങ്കോഴി തന്ത ഹാജരാക്കിയ കേവലം ചിത്രങ്ങള്‍ വിലയിരുത്തി ആണധികാരത്തിന്റെ ആരവവും ആറാട്ടുമായ പെണ്‍വിരുദ്ധത നിറഞ്ഞ സ്റ്റേറ്റ്‌മെന്റ് നടത്തിയിരിക്കുന്നു.

സ്ത്രീകള്‍ പ്രതികരിക്കാന്‍ തയ്യാറാകണം എന്ന് സമൂഹം പറയുമ്പോഴും പ്രതികരിക്കുന്ന സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്ന നെഗറ്റീവ് അന്തരീക്ഷം എത്രമേല്‍ ഭയാനകമാണെന്ന് നോക്കൂ. സ്വന്തം ശരീരത്തിനുമീതെ, സ്വന്തം ലൈംഗികതക്ക് മീതെ തനിക്കു മാത്രമേ അവകാശമുള്ളൂ എന്ന തിരിച്ചറിവുള്ള ഒരു പെണ്ണിന്റെ പോരാട്ടത്തെ ഈ രീതിയില്‍ താറടിച്ചാല്‍ നീതിയെങ്ങനെ അവള്‍ക്ക് കിട്ടും? സമൂഹത്തില്‍ പ്രിവിലേജുള്ള പുരുഷന്‍ വേട്ടക്കാരന്റെ റോളില്‍ വരുമ്പോള്‍ സ്ത്രീയാണ് മോശക്കാരിയെന്നു വരുത്തിത്തീര്‍ക്കാനുള്ള കഠിനശ്രമം നാലുപാടു നിന്നും വരുന്നത് കാണാം. അവള്‍ പോക്കുകേസാണെന്ന സര്‍ട്ടിഫിക്കറ്റ് പൊതുസമൂഹത്തെ കൊണ്ട് ഒപ്പിട്ടു കഴിഞ്ഞാല്‍ ഏത് മീ ടുവില്‍ നിന്നും നിഷ്പ്രയാസം ഊരിപ്പോകാന്‍ കഴിയും എന്ന സിവിക് ടൈപ്പ് നിലാനടത്ത കോഴികള്‍ക്കുള്ള ആണഹന്തയ്ക്കാണ് ഇന്ന് കോഴിക്കോട് കോടതി തീറ്റയും വെള്ളവും നല്കി പരിപോഷിച്ചത്.

ഇന്ന് സെഷന്‍സ് കോടതി നടത്തിയ ആ പരാമര്‍ശത്തിന്മേല്‍ വഴുവഴുക്കുന്നതും അറപ്പ് ഉളവാക്കുന്നതുമായ എന്തോ ഒന്ന് ഒഴുകിപ്പരക്കുന്നുണ്ട്. എത്ര ചര്‍ദ്ദിച്ചാലും പോകാത്ത തരം, എത്ര ഓക്കാനിച്ചാലും പോകാത്ത തരം ജുഗുപ്ത്സ ആ പരാമര്‍ശത്തിന്മേല്‍ മനസ്സില്‍ കെട്ടി നില്ക്കുന്നു. ഒരിക്കലും മാംസദാഹം തീരാത്ത ചെന്നായകളുടെ ഊത്ത ഒലിക്കുന്ന വായകളെ വല്ലാതെ ഭയക്കുന്നു. ഇതെഴുതുന്ന മാത്രയില്‍ എനിക്ക് മുന്നില്‍ കിടക്കുന്നുണ്ട് എന്റെ നാല് വയസ്സുകാരി കുഞ്ഞിപ്പെണ്ണ്. അരയ്ക്ക് മുകളില്‍ നഗ്‌നമായി കിടക്കുന്ന അവളുടെ പിഞ്ചിളം മേനി എന്നെ ആദ്യമായി പേടിപ്പിക്കുന്നു. എവിടെ ഒളിപ്പിക്കും ഞാനെന്റെ കുഞ്ഞിനെ?

 

shortlink

Related Articles

Post Your Comments

Related Articles


Back to top button