Latest NewsInternational

താലിബാൻ ഭരണത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ: പട്ടിണിയും ദാരിദ്ര്യവും, കുട്ടികൾ മരിച്ചു വീഴുന്നു

കാബൂൾ: താലിബാന്‍ അധികാരത്തില്‍ വന്നശേഷമുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ, അഫ്ഗാനിസ്ഥാനില്‍ പട്ടിണിയും, ദാരിദ്ര്യവും കാരണം കുട്ടികള്‍ മരിച്ച് വീഴുന്നു. താലിബാന്‍ അധികാരത്തില്‍ വരുന്നതിന് മുന്‍പ് തന്നെ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഇളകാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ താലിബാന്‍ വന്നശേഷം അത് കൂടുതല്‍ വഷളായി. ഏകദേശം രണ്ടു കോടിയിലധികം മനുഷ്യരാണ് ഇവിടെ പട്ടിണി കിടക്കുന്നത്. 10 ലക്ഷത്തിലധികം കുട്ടികള്‍ പോഷകാഹാരക്കുറവു മൂലം ആ മണ്ണില്‍ മരണം കാത്ത് കഴിയുകയാണ്.

എല്ലുന്തി, കണ്ണുകള്‍ തള്ളി അസ്ഥിപഞ്ജരമായി തീര്‍ന്ന കുട്ടികളുടെ നിര്‍ത്താതെയുള്ള കരച്ചിലുകളും, അവരുടെ അമ്മമാരുടെ നിസ്സഹായമായ നിലവിളികളും അവിടമാകെ അലയടിക്കുന്നു. കാലം മുന്നോട്ട് പോകുന്നതോറും കുട്ടികളുടെ ശ്മശാന ഭൂമിയായി മാറുകയാണ് രാജ്യം. അനുദിനം ആഹാരസാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. ആളുകളുടെ കൈയിലാണെങ്കില്‍ പണവുമില്ല. ജോലി കണ്ടെത്താനാകാതെ ഒഴിഞ്ഞ വയറുമായി ആളുകള്‍ നരകിക്കുകയാണ് അവിടെ.

മാര്‍ച്ചില്‍ ബിബിസിയില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം ഗുരുതര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെടുന്ന ഓരോ അഞ്ച് കുട്ടികളിലും ഒരാള്‍ മരിക്കുകയാണ്. അഫ്ഗാനിസ്ഥാനിലേയ്ക്കുള്ള വിദേശ ഫണ്ടുകള്‍ വെട്ടിക്കുറച്ചത് വലിയൊരു തിരിച്ചടിയായി. ഇതോടെ ആരോഗ്യ മേഖല തകരുകയും, കടുത്ത മാനുഷിക പ്രതിസന്ധിയിലേക്ക് രാജ്യം കൂപ്പുകുത്തുകയും ചെയ്തു. താലിബാന്‍ അധികാരത്തില്‍ വന്നതിനുശേഷം അന്താരാഷ്ട്ര സന്നദ്ധ സംഘടനകളെല്ലാം അഫ്ഗാനിസ്താനുള്ള എല്ലാ സഹായങ്ങളും നിര്‍ത്തിയിരുന്നു.

പ്രധാനമായും വിദേശ സഹായത്താല്‍ മുന്നോട്ടുപോവുന്ന രാജ്യം ഇതോടെ വമ്പന്‍ പ്രതിസന്ധിയിലായി. അതിനിടെയാണ്, രാജ്യം വന്‍ വരള്‍ച്ചയുടെ പിടിയിലായത്. ആയിരക്കണക്കിനാളുകളാണ് ഇതോടെ പട്ടിണിയിലായത്. കൃഷി നശിക്കുകയും സാമ്പത്തിക സഹായങ്ങളൊന്നും ലഭിക്കാതാവുകയും ചെയ്ത സാഹചര്യത്തില്‍, കുഞ്ഞുങ്ങള്‍ അടക്കം പട്ടിണിയിലാണ്. അന്താരാഷ്ട്ര സഹായം കാര്യമായി എത്താത്ത സാഹചര്യത്തില്‍, അവശേഷിക്കുന്ന മനുഷ്യര്‍ കൊടുംദുരന്തത്തെയാണ് നേരിടുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button