KeralaLatest NewsNews

മോദി ഭരണം എട്ട് വർഷം പിന്നിട്ടു, പട്ടിണി കൂടി: കമ്മ്യൂണിസ്റ്റ് ഭരണം കേരളത്തിൽ പട്ടിണി ഇല്ലാതാക്കി – കോടിയേരിയുടെ വാദം

കണ്ണൂർ: ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി രാഷ്ട്രപതി ദ്രൗപദി മുർമു നൽകിയ സന്ദേശത്തെ വിമർശിച്ച് കോടിയേരി ബാലകൃഷ്ണൻ. ഏകഭാരതം ശ്രേഷ്ഠഭാരതം എന്ന സങ്കൽപ്പവുമായി രാജ്യം മുന്നോട്ടുപോകുകയാണെന്ന രാഷ്ട്രപതിയുടെ പരാമർശമാണ് കോടിയേരി ഇപ്പോൾ ചോദ്യം ചെയ്യുന്നത്. രാജ്യത്ത് നിലനിൽക്കുന്ന അയിത്തത്തെ കുറിച്ച് യാതൊരു പരാമർശവും നടത്താതെയായിരുന്നു രാഷ്ട്രപതിയുടെ സന്ദേശമെന്ന് കോടിയേരി വിമർശിക്കുന്നു.

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാൻ അക്രമാസക്തമായി നിലകൊള്ളുന്ന ആർഎസ്എസിനെയും അതിന്റെ ആചാര്യൻമാരെയും വെള്ളപൂശാനും പ്രകീർത്തിക്കാനുമുള്ള അവസരമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ചെങ്കോട്ട പ്രസംഗത്തെ മാറ്റിയെന്നും അദ്ദേഹം ആരോപിച്ചു. സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുക്കാമെന്ന് ഉറപ്പുനൽകിയ സവർക്കറെ ഗാന്ധിജിക്കൊപ്പം കൂട്ടിയിണക്കിയത് മാപ്പർഹിക്കാത്ത പാതകമാണെന്നും, ഗാന്ധി വധക്കേസിൽ പ്രതിയായിന്ന ഒരാളെ ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ പ്രതീകമായി പ്രധാനമന്ത്രി അവതരിപ്പിക്കുമ്പോൾ അപമാനിക്കപ്പെടുന്നത് രാജ്യസ്വാതന്ത്ര്യത്തിനുവേണ്ടി ജീവൻ ത്യജിച്ച ലക്ഷക്കണക്കിന് രക്തസാക്ഷികളാണെന്നും കോടിയേരി ഫേസ്‌ബുക്കിൽ കുറിച്ചു.

‘മോദി ഭരണം എട്ട് വർഷം പിന്നിട്ടു. പട്ടിണി കൂടി. 2021ൽ ലോകരാജ്യങ്ങളിൽ വിശപ്പിന്റെ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 101 ആണ്. ഇത് അപമാനകരമാണ്. പാർപ്പിടം, ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം, ആരോഗ്യസുരക്ഷ ഇതിനെയെല്ലാം അടിസ്ഥാനമാക്കിയാണ് പട്ടിണി അളക്കുന്നത്. ഈ ഘട്ടത്തിൽ ഇന്ത്യയുടെ പൊതുചിത്രത്തിൽനിന്ന്‌ കേരളം വ്യത്യാസപ്പെട്ടിരിക്കുന്നു. പട്ടിണി നമ്മൾ ഏറെക്കുറെ ഇല്ലാതാക്കി. ആരോഗ്യരംഗത്തെ ഒരു ഉദാഹരണം നോക്കുക. ഒരു ലക്ഷം പ്രസവത്തിൽ കേരളത്തിൽ 30 മാതൃമരണം. എന്നാൽ, ഇന്ത്യയിൽ പലയിടത്തും 140 മുതൽ 456 വരെയാണ്. അസമിൽ 215 ആണ്. തെക്കേഇന്ത്യയിൽ ശരാശരി 59 ആണ്. ഈ സ്ഥിതിവിവരക്കണക്ക് ചൂണ്ടിക്കാട്ടുന്നത് കേരളത്തെപ്പോലെ മറ്റ് സംസ്ഥാനങ്ങളിലും ജീവിതനിലവാരത്തിൽ വേണമെങ്കിൽ മാറ്റം വരുത്താം എന്നതാണ്. എന്നാൽ, കേരളത്തിലെ നേട്ടത്തിനു കാരണം ഇവിടത്തെ നവോത്ഥാന പ്രസ്ഥാനത്തിന്റെയും കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെയും ഇടപെടലുകളും കമ്യൂണിസ്റ്റ് ഇടതുപക്ഷ ഭരണങ്ങളുടെ നയങ്ങളുമാണ്‌’, കോടിയേരി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button