Latest NewsIndiaNews

‘ഡോക്ടർ സാക്കിർ നായിക്കിനോട് ആരും മാപ്പ് ചോദിച്ചില്ല, പിന്നെന്തിന് നൂപുർ മാപ്പ് പറയണം’: രാജ് താക്കറെ

ന്യൂഡൽഹി: പ്രവാചകൻ മുഹമ്മദ് നബിക്കെതിരായി നടത്തിയ പരാമർശങ്ങളിലൂടെ വിവാദം സൃഷ്ടിച്ച മുൻ ബി.ജെ.പി വക്താവ് നൂപുർ ശർമ്മയെ പിന്തുണച്ച് എം.എൻ.എസ് മേധാവി രാജ് താക്കറെ. എല്ലാവരും നൂപൂർ ശർമ്മയോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടപ്പോൾ, താൻ അവളെ പിന്തുണയ്ക്കുകയായിരുന്നു ചെയ്തതെന്ന് രാജ് താക്കറെ പറഞ്ഞു.

‘എല്ലാവരും നൂപൂർ ശർമ്മയോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. ഞാൻ അവളെ പിന്തുണച്ചു. അവൾ പറഞ്ഞത് ഡോക്ടർ സാക്കിർ നായിക് നേരത്തെ പറഞ്ഞിട്ടുള്ളതാണ്. നായിക്കിനോട് ആരും മാപ്പ് ചോദിച്ചില്ല. സാക്കിർ നായിക്കിന്റെ അഭിമുഖം നോക്കുക. അദ്ദേഹം മുസ്ലിം ആണ്. നൂപുർ പറഞ്ഞ കായം സാക്കിറും പറഞ്ഞിട്ടുണ്ട്. അയാൾക്ക് ഒന്നും സംഭവിച്ചില്ല. ആരും മാപ്പ് ആവശ്യപ്പെട്ടില്ല. ആരും മാപ്പ് പറഞ്ഞുമില്ല. ആദ്യം സാക്കിറിനെതിരെ കേസെടുത്ത് ശിക്ഷ വാങ്ങിക്കൊടുക്ക്’, രാജ് താക്കറെ പറഞ്ഞു.

മുൻപ് സാക്കിർ നായിക് പ്രവാചകനെ കുറിച്ച് പറഞ്ഞത് തന്നെയാണ് ഇപ്പോൾ നൂപുർ ശർമ്മയും പറഞ്ഞതെന്നാണ് രാജ് താക്കറെ ചൂണ്ടിക്കാട്ടുന്നത്. നൂപുർ പറഞ്ഞ കാര്യം സാക്കിർ പറഞ്ഞപ്പോൾ ആരും കേസെടുക്കാതിരുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. നൂപുർ മനഃപൂർവ്വം പറഞ്ഞ ഒരു കാര്യമല്ല അതെന്നും, എന്നിട്ടും എല്ലാവരും അവൾക്ക് വേണ്ടി മാപ്പ് ചോദിച്ചുവെന്നും അദ്ദേഹം പറയുന്നു.

Also Read:‘ജലീലിന്റെ പോസ്റ്റ് കലാപ ഉദ്ദേശത്തോടെ’: കെ.ടി ജലീലിനെതിരെ കേസെടുത്ത് പോലീസ്

ഒരു ടി.വി ചർച്ചയ്ക്കിടെയായിരുന്നു നൂപുറിന്റെ വിവാദ പരാമർശം. ഓഗസ്റ്റ് 10 ന്, നൂപുർ ശർമ്മയ്‌ക്കെതിരെ രാജ്യത്തുടനീളം രജിസ്റ്റർ ചെയ്ത എല്ലാ എഫ്‌ഐആറുകളും സുപ്രീം കോടതി ക്ലബ് ചെയ്യുകയും അവ ഡൽഹി പോലീസിന് കൈമാറുകയും ചെയ്തു. ഇതിനിടെ, റഷ്യയിൽ പിടിയിലായ ഇസ്ലാമിക് സ്റ്റേറ്റ് ചാവേറിന് നൂപുർ ശർമ്മയെ കൊലപ്പെടുത്തുക എന്ന ദൗത്യമാണ് ഉണ്ടായിരുന്നതെന്ന് ഉന്നത രഹസ്യാന്വേഷണ വൃത്തങ്ങൾ അറിയിച്ചു. തുർക്കി വംശജനായ അസമോവ് എന്നയാളാണ് റഷ്യയിൽ പിടിയിലായ ചാവേർ. നൂപുർ ശർമ്മയ്ക്കെതിരെ തീവ്രവാദി ആക്രമണമുണ്ടാകുമെന്ന വിവരം ജൂലൈയിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരുന്നു.

1992 ൽ ജനിച്ച അസമോവ് തുർക്കിയിൽ നിന്നാണ് ഐ.എസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടത്. അവിടെനിന്ന് പരിശീലനം പൂർത്തിയാക്കിയശേഷമാണ് ഐഎസ് ചാവേറായി മാറാൻ അസമോവ് തയ്യാറെടുത്തത്. നൂപുർ ശർമ്മ മുഹമ്മദ് നബിയെ അപമാനിക്കുന്ന പ്രസ്താവന നടത്തിയെന്നും അതിനാൽ അവരെ ഇല്ലാതാക്കണമെന്നും അസമോവ് വിശ്വസിച്ചിരുന്നു. പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ വിസ ലഭിക്കുന്നതിനായാണ് ഇയാൾ റഷ്യയിലേക്ക് വന്നത്. ന്യൂഡൽഹിയിൽ എത്തുമ്പോൾ പ്രാദേശിക സഹായം ലഭിക്കുന്നതിന് ആവശ്യമായ ഇടപെടലുകളും നടത്തിയിരുന്നു. ഓൺലൈൻ വഴിയാണ് ഐ.എസ് നേതാക്കളുമായി ബന്ധപ്പെട്ടിരുന്നതെന്നും ഇതുവരെ ആരെയും നേരിൽ കണ്ടിട്ടില്ലെന്നും അസമോവ് ചോദ്യം ചെയ്യലിൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button