KeralaLatest News

വിവാദത്തിനിടെ ​ഗോപിനാഥ് രവീന്ദ്രന് തിരിച്ചടി: കണ്ണൂര്‍ വി സിക്കെതിരെ ഗവര്‍ണര്‍ക്ക് പരാതിയുമായി മുന്‍ വിദ്യാര്‍ത്ഥി

തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വിസി പ്രൊഫ. ​ഗോപിനാഥ് രവീന്ദ്രൻ ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ ചരിത്രവിഭാഗം അധ്യാപകനായിരിക്കേ നിലവാരമില്ലെന്ന് പറഞ്ഞ് പ്രബന്ധം മുടക്കിയെന്ന് ​ഗവർണർക്ക് പരാതി നൽകി മുൻ വിദ്യാർത്ഥി. കോട്ടയം സ്വദേശി ഷിനു ജോസഫ് ആണ് പരാതി നൽകിയത്. ഇതുമൂലം താനുൾപ്പെടെ ഒട്ടേറെ വിദ്യാർത്ഥികൾക്ക് പഠനം നിർത്തേണ്ടി വന്നുവെന്നും പരാതിക്കാരൻ ആരോപിച്ചു.

ഇതേകുറിച്ച് പ്രത്യേക അക്കാദമിക് സമിതിയെ നിയോ​ഗിച്ച് അന്വേഷിക്കണമെന്നും ഷിനു ജോസഫ് ആവശ്യപ്പെട്ടു. ഗോപിനാഥ് രവീന്ദ്രന്റെ അശ്രദ്ധയും അഹംഭാവവും കാരണമാണ് എംഫിൽ, ​ഗവേഷക വിദ്യാർത്ഥികൾക്ക് പഠനം നിർത്തി പോകേണ്ടി വന്നത്. ഇങ്ങനെ പഠനം മുടങ്ങിയ ഒട്ടേറെ വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് താൻ പരാതി നൽകിയതെന്നും ഷിനു ജോസഫ് കൂട്ടിച്ചേർത്തു.

കണ്ണൂർ വിസിയായി ​ഗോപിനാഥ് രവീന്ദ്രൻ നിയമിക്കപ്പെട്ടപ്പോൾ ജാമിയയിലെ മുൻ വിദ്യാർത്ഥികൾ ട്വിറ്ററിൽ എഴുതിയ സന്ദേശങ്ങളുടെ പകർപ്പും പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്. 2006ൽ ആണ് ഡൽഹി ജാമിയ മിലിയ സർവകലാശാലയിൽ പ്രൊഫ. ​ഗോപിനാഥിന് കീഴിൽ ഷിനു എംഫില്ലിന് രജിസ്റ്റർ ചെയ്തത്. എന്നാൽ അക്കാദമിക വിഷയത്തിൽ ഒരു തരത്തിലുളള ചർച്ചയ്ക്കൊ, എഴുതി നൽകിയ പ്രബന്ധം വിലയിരുത്താനോ ​ഗോപിനാഥ് രവീന്ദ്രൻ തയ്യാറായില്ല.

കരടു പ്രബന്ധം നാല് തവണ കളഞ്ഞുവെന്നും ഷിനു ആരോപിച്ചു. ജാമിയയിൽ എംഎ ചരിത്രത്തിൽ ഷിനു ജോസഫിന് ഉയർന്ന മാർക്ക് നേടിയിരുന്നു. പ്രൊഫസറുടെ നടപടിയിൽ സർവകലാശാല അധികൃതർക്ക് പരാതി നൽകിയെങ്കിലും മലയാളികളടക്കമുളള അധ്യാപകർ ഒത്തുതീർപ്പുമായി വന്നു. തന്റെ പിഴവു കൊണ്ടാണ് പ്രബന്ധം നഷ്ടപ്പെട്ടതെന്ന് വ്യാജ സത്യവാങ്മൂലം നല്‍കാന്‍ അധ്യാപകർ നിർബന്ധിച്ചതിനെ തുടർന്ന് താൻ അത് ചെയ്തുവെന്നും ഷിനു ജോസഫ് പറഞ്ഞു.

പിന്നീട് നിലവാരമില്ലെന്ന് പറഞ്ഞ് പ്രബന്ധം സമർപ്പിക്കാൻ അനുവദിച്ചില്ല. ഇതിനെ തുടർന്ന് എംഫിൽ ഉപേക്ഷിക്കേണ്ടി വന്നുവെന്നും ഷിനു പറയുന്നു. ഗവർണറും വിസിയും തമ്മിലുള്ള പോരിനിടെയാണ് വിദ്യാർത്ഥിയുടെ പരാതി വന്നിരിക്കുന്നത്. വിസിയ്‌ക്ക് പിന്തുണയുമായി സിപിഎം പരസ്യമായി സമരത്തിന് ഇറങ്ങിക്കഴിഞ്ഞു. എംവി ജയരാജന്റെ നേതൃത്വത്തിലാണ് കണ്ണൂർ സർവകലാശാലയിൽ ഗവർണർക്കെതിരെ പ്രതിഷേധ യോഗം സംഘടിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button