Latest NewsIndia

ഡൽഹിയിൽ മഹാരാഷ്ട്രാ മോഡൽ അട്ടിമറി? പല എംഎൽഎമാരുമായും ബന്ധപ്പെടാനാകുന്നില്ലെന്ന് ആം ആദ്മി പാർട്ടി

ന്യൂഡൽഹി: ഡൽഹി സർക്കാരിനെതിരായ അട്ടിമറി ശ്രമം ശക്തമെന്നാരോപിച്ച് ആം ആദ്മി നേതൃത്വം. തങ്ങളുടെ ചില എംഎൽഎമാരുമായി ആശയവിനിമയം സാധ്യമാകുന്നില്ലെന്ന് ആം ആദ്മി നേതൃത്വം വ്യക്തമാക്കുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ ഇന്ന് എംഎൽഎമാരുടെ യോഗം വിളിച്ചിട്ടുണ്ട്. അതിനിടയിലാണ് പല എംഎൽഎമാരുമായും സംസാരിക്കാനോ ബന്ധപ്പെടാനോ പോലുമാകുന്നില്ലെന്ന് പാർട്ടി നേതൃത്വം വെളിപ്പെടുത്തുന്നത്.

രാജ്യവ്യാപകമായി ബിജെപി പരീക്ഷിക്കുന്ന ‘ഓപ്പറേഷൻ ലോട്ടസ്’ ഡൽഹിയിലും പയറ്റാൻ ശ്രമിക്കുന്നുവെന്നാണ് പ്രധാന ആരോപണം. തുടർന്നാണ് എഎപി ദേശീയ കൺവീനർ കൂടിയായ അരവിന്ദ് കേജ്‍രിവാൾ ഇന്ന് എംഎൽഎമാരുടെ യോഗം വിളിച്ചത്. രാവിലെ 11 മണിയോടെ അരവിന്ദ് കേജ്‍രിവാളിന്റെ വസതിയിലാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. മനീഷ് സിസോദിയയ്ക്കെതിരായ സിബിഐ റെയ്ഡും ഇഡി കേസുമാണ് യോഗത്തിലെ പ്രധാന ചർച്ചാ വിഷയം.

ബിജെപി നേതൃത്വം എഎപി എംഎൽഎമാരെ അടർത്തിയെടുക്കാൻ ശ്രമിക്കുന്നുവെന്ന സൂചനകളുടെ അടിസ്ഥാനത്തിൽ നിയമസഭയുടെ പ്രത്യേക യോഗവും സർക്കാർ വിളിച്ചിട്ടുണ്ട്. അതേസമയം നേരത്തെ തന്റെ വീട്ടിൽ സിബിഐ റെയ്ഡ് നടന്നത് താൻ ബിജെപിയിലേക്കുള്ള ക്ഷണം നിരസിച്ചത് കൊണ്ടാണെന്നാണ് ഡൽഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വാദം.

ബിജെപിയുമായി സഹകരിച്ചാൽ മുഖ്യമന്ത്രിയാക്കാമെന്ന് വാഗ്ദാനം ലഭിച്ചതായും സിസോദിയ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ ബിജെപി നേതാക്കൾ കോടികൾ വാഗ്ദാനം ചെയ്ത് എഎപിയുടെ പല എംഎൽഎമാരെയും സമീപിച്ചതായും വെളിപ്പെടുത്തലുണ്ടായി. ഇതിന്റെ പേരിൽ ഇരു പാർട്ടികളും ഏറ്റുമുട്ടുന്നതിനിടെയാണ് ഒരു വിഭാഗം എംഎൽഎമാരുമായി സമ്പർക്കം പുലർത്താനാകുന്നില്ലെന്ന ആം ആദ്മി പാർട്ടിയുടെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button