Latest NewsNewsIndia

അമ്മയില്ലാത്ത കുട്ടി, അച്ഛനെ സഹായിക്കാൻ ട്യൂഷൻ ക്ലാസ്: ഷാരൂഖ് ഇല്ലാതാക്കിയത് പോലീസാകുന്നത് സ്വപ്നം കണ്ട അങ്കിതയെ

ന്യൂഡൽഹി: നോവായി പ്രണയാഭ്യർത്ഥന നിരസിച്ചതിന് ജീവനും ജീവിതവും നഷ്ടമായ അങ്കിതയെന്ന പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി. പത്തൊൻപതുകാരിയായ അങ്കിത ഗേൾസ് സ്‌കൂളിലെ വിദ്യാർത്ഥിനിയായിരുന്നു. ഒരു പോലീസ് ഓഫീസർ ആവുക എന്നതായിരുന്നു അങ്കിതയുടെ സ്വപ്നം. പ്രണയാഭ്യർത്ഥനയുമായി നടന്ന ഷാരൂഖിനെ അങ്കിത അവഗണിച്ചതാണ് പകയ്ക്ക് കാരണമായത്.

കാൻസർ ബാധിതയായ അമ്മയെ കുട്ടിക്കാലത്ത് തന്നെ അങ്കിതയ്ക്ക് നഷ്ടമായി. അച്ഛന്റെ തണലിലായിരുന്നു അവൾ കഴിഞ്ഞിരുന്നത്. അവളുടെ വീട്ടുകാർ സ്നേഹപൂർവ്വം ഛോട്ടി എന്നായിരുന്നു അവളെ വിളിച്ചിരുന്നത്. അമ്മയുടെ കാൻസർ ചികിത്സയ്ക്കായി ഭൂമിയും വസ്തുവകകളും വിൽക്കാൻ നിർബന്ധിതരായതിനാൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട കുടുംബമായിരുന്നു അവളുടേത്. പ്രതിദിനം 200 രൂപയായിരുന്നു അങ്കിതയുടെ അച്ഛന് ലഭിച്ചിരുന്നത്. അച്ഛനെ സഹായിക്കുന്നതിനായി അങ്കിത വിദ്യാർത്ഥികൾക്ക് ട്യൂഷൻ നൽകുകയും ഇതുവഴി എല്ലാ മാസവും 1,000 രൂപ സമ്പാദിക്കുകയും ചെയ്തിരുന്നു.

അച്ഛൻ, ആറാം ക്ലാസ് വിദ്യാർത്ഥിയായ ഇളയ സഹോദരൻ എന്നിവർക്കൊപ്പം ദുംകയിലെ രണ്ട് മുറിയുള്ള വീട്ടിലാണ് അങ്കിത താമസിച്ചിരുന്നത്. ഈ വീട്ടിൽ വെച്ചാണ് ഷാരൂഖ് അങ്കിതയെ ജീവനോടെ കൊളുത്തിയത്. സംഭവം നടക്കുമ്പോൾ തൊട്ടടുത്ത മുറിയിൽ അച്ഛനും അനിയനും ഉറങ്ങുകയായിരുന്നു. ഓഗസ്റ്റ് 23ന് കിടപ്പുമുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അങ്കിതയെ പ്രതി പെട്രോൾ ഒഴിച്ച് ജീവനോടെ കത്തിക്കുകയായിരുന്നു. ഷാരൂഖ് അവളുടെ മുറിയിലെ ജനൽ വഴിയായിരുന്നു പെട്രോൾ അവളുടെ ദേഹത്തേക്ക് ഒഴിച്ചത്. ചാടിയെഴുന്നേറ്റെങ്കിലും ഷാരൂഖ് തീപ്പെട്ടി ഉരച്ച് അവളുടെ ദേഹത്ത് ഇട്ടിരുന്നു. ഉടൻ തീ ആളിപ്പടർന്നു.

Also Read:അക്രമകാരികളായ തെരുവുനായ്ക്കളെ വെടിവയ്ക്കാൻ അനുമതി തേടി കോഴിക്കോട് കോർപ്പറേഷൻ

കത്തിച്ച തീപ്പെട്ടി അവളുടെ നേരെ എറിഞ്ഞശേഷം ഷാരൂഖ് ഓടിപ്പോയി. വേദന കൊണ്ട് പുളഞ്ഞ അങ്കിത സഹായത്തിനായി അടുത്ത മുറിയിൽ ഉറങ്ങി കിടക്കുകയായിരുന്ന അച്ഛനടുത്തേക്ക് നിലവിളിച്ച് കൊണ്ട് ഓടി.

‘ബഹളം കേട്ട് ഞാൻ എഴുന്നേറ്റപ്പോൾ ഒരു കെട്ട് തീജ്വാല എന്റെ നേരെ വരുന്നത് കണ്ടു. അതൊരു ഭയങ്കര കാഴ്ചയായിരുന്നു. എന്റെ ഛോട്ടി ആയിരുന്നു അതെന്ന് അറിഞ്ഞപ്പോൾ സ്തംഭിച്ച് പോയി. ‘എന്നെ രക്ഷിക്കൂ, പപ്പാ… രക്ഷിക്കൂ…’ അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു’, അങ്കിതയുടെ പിതാവ് സഞ്ജീവ് സിംഗ് ആ നിമിഷം ഓർത്തെടുക്കുന്നു. ThePrint-നോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മകളുടെ വേർപാട് പിതാവിന് ഇപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. മകളെ രക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ എന്നോർത്ത് ഉരുകുകയാണ് പിതാവ് സഞ്ജീവിന്റെ മനസ്.

സംഭവം നടക്കുന്നതിന്റെ തലേദിവസം രാത്രി എട്ട് മണിയോടെ ഷാരൂഖ് അങ്കിതയെ വിളിച്ചിരുന്നു. സംസാരിക്കാൻ താൽപ്പര്യമില്ലെന്ന് പറഞ്ഞപ്പോൾ കൊന്നുകളയുമെന്ന് ഷാരൂഖ് ഭീഷണിപ്പെടുത്തി. രാത്രി 10 മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ പിതാവിനോട് അങ്കിത തന്നെയാണ് ഇക്കാര്യം പറഞ്ഞത്.

‘ഞാൻ അവളോട് പറഞ്ഞു, സമയം വൈകി. നാളെ ഷാരൂഖിന്റെ വീട്ടിൽ പോയി അവന്റെ അമ്മയോട് ഞാൻ നേരിട്ട് സംസാരിക്കാം. മോള് ഉറങ്ങിക്കോ എന്ന് ഞാൻ അവളോട് പറഞ്ഞു. എന്നാൽ, അതിന്റെ ആവശ്യം വന്നില്ല. അതിനുമുന്നേ അവൻ അവളെ…’, വാക്കുകൾ മുറിഞ്ഞ് സിംഗ്.

പുലർച്ചെ 4 മണിയോടെയായിരുന്നു ഷാരൂഖ് അവളെ പെട്രോൾ ഒഴിച്ച് കത്തിച്ചത്. തനിക്ക് അവളെ രക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന ഖേദം തന്റെ ജീവിതാവസാനം വരെ ഉണ്ടാകുമെന്ന് പിതാവ് പറയുന്നു.

അവനെ പേടിച്ച് അവൾക്ക് വീടിന്റെ പുറത്തേക്ക് പോലും ഇറങ്ങില്ലായിരുന്നുവെന്ന് അച്ഛൻ പറയുമ്പോൾ, സഹോദരിയുടെ വേർപാടിന്റെ ഞെട്ടലിലാണ് അങ്കിതയുടെ ചേച്ചി. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും തന്റെ ഇളയ സഹോദരി എപ്പോഴും സന്തോഷവതിയും ജീവിതത്തിൽ സ്വപ്‌നങ്ങൾ ഉള്ളവളുമായിരുന്നുവെന്ന് സഹോദരി ഇഷിക പറഞ്ഞു. അമ്മയുടെ മരണശേഷം അക്ഷരാർത്ഥത്തിൽ വീട് കൈകാര്യം ചെയ്തത് താനാണെന്നും അവർ കൂട്ടിച്ചേർത്തു.

ഫോട്ടോ: ദി പ്രിന്റ്

shortlink

Related Articles

Post Your Comments

Related Articles


Back to top button