KeralaLatest NewsNews

വാമനവേഷം പൂണ്ട മഹാവിഷ്ണു മഹാബലിയുടെ അടുക്കലെത്തി ഭിക്ഷ ചോദിച്ചു: ഓണത്തിന് പിന്നിലെ ആ ഐതീഹ്യമിങ്ങനെ

ഓണം സംബന്ധിച്ച് പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പു അഥവാ വ്യാപാരോത്സവമാണെന്ന് കരുതിപ്പോരുന്നു. എന്നിരുന്നാലും ഒന്നിലധികം ഐതീഹ്യങ്ങളാണ് ഓണവുമായി നിലനില്‍ക്കുന്നത്. എന്നാല്‍, പ്രധാനമായും ഓണത്തിന്റെ ഐതീഹ്യമായി പറഞ്ഞുവരുന്നത് മഹാബലിയുടെയും വാമനന്റെ കഥയാണ്. വാമനനും മഹാബലിയും ഇല്ലാതെ എന്ത് ഓണം. ഭാഗവതത്തിൽ അഷ്ടമസ്കന്ധത്തിൽ പതിനെട്ടു മുതൽ ഇരുപത്തിമൂന്ന് വരെയുള്ള അദ്ധ്യായങ്ങളിലായി ഭഗവാൻ വിഷ്ണുവിന്റെ വാമനാവതാരത്തെയും മഹാബലി ചക്രവർത്തിയെയും പറ്റി പറയുന്നുണ്ട്.

ആ കഥയിങ്ങനെ

അസുരരാജാവും വിഷ്ണുഭക്‌തനുമായിരുന്ന പ്രഹ്ലാദന്റെ പേരക്കുട്ടി ആയിരുന്നു മഹാബലി. മഹാബലി എന്ന വാക്കിനർത്ഥം ‘വലിയ ത്യാഗം’ ചെയ്‌തവൻ എന്നാണ്‌. ദേവൻമാരെപ്പോലും അസൂയപ്പെടുത്തുന്നതായിരുന്നു മഹാബലിയുടെ (മാവേലിയുടെ) ഭരണകാലം. അക്കാലത്ത്‌ മനുഷ്യരെല്ലാവരും ഒരുപോലെയായിരുന്നു. കള്ളവും ചതിയും പൊളിവചനങ്ങളും ഇല്ലായിരുന്നു. എങ്ങും എല്ലാവർക്കും സമൃദ്ധിയായിരുന്നു. മഹാബലിയുടെ ഭരണത്തിൽ അസൂയ പൂണ്ട ദേവന്മാർ മഹാവിഷ്ണുവിന്റെ സഹായം തേടി.

അങ്ങനെ വിഷ്ണു വാമനനായി അവതാരമെടുത്ത് മഹാബലിയെ സന്ദർശിച്ചു. ‘വിശ്വജിത്ത്‌’ എന്ന യാഗം ചെയ്യുന്ന സമയത്തായിരുന്നു വാമനന്റെ വരവ്. വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടു. ചതി മനസ്സിലാക്കിയ അസുരഗുരു ശുക്രാചാര്യർ മഹാബലിയെ വിലക്കി. എന്നാൽ, ഇത് വയ്ക്കാതെ മഹാബലി മൂന്നടി മണ്ണ്‌ അളന്നെടുക്കാൻ വാമനന്‌ അനുവാദം നൽകി. ഉടൻ ആകാശംമുട്ടെ വളര്‍ന്ന് വാമനൻ മഹാബലിയെ ഞെട്ടിച്ചു. വാമനന്‍ തന്റെ കാല്‍പ്പാദം അളവുകോലാക്കി മാറ്റി. ആദ്യത്തെ രണ്ടടിക്കു തന്നെ സ്വര്‍ഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു. മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെ വന്നപ്പോള്‍ മഹാബലി തന്റെ ശിരസ്സ് കാണിച്ചുകൊടുത്തു. വാമനന്‍ തന്റെ പാദസ്പര്‍ശത്താല്‍ മഹാബലിയെ അഹങ്കാരത്തില്‍ നിന്ന് മോചിതനാക്കി സുതലത്തിലേക്ക് ഉയര്‍ത്തി.

ആണ്ടിലൊരിക്കല്‍ അതായത് ചിങ്ങമാസത്തിലെ തിരുവോണനാളില്‍ തന്റെ പ്രജകളെ സന്ദര്‍ശിക്കുന്നതിന് അനുവാദവും വാമനന്‍ മഹാബലിക്കു നല്‍കി. അങ്ങനെ ഓരോ വര്‍ഷവും തിരുവോണ നാളില്‍ മഹാബലി തന്റെ പ്രജകളെ അദൃശ്യനായി സന്ദര്‍ശിക്കാന്‍ വരുന്നു എന്നാണ് ജനങ്ങളുടെ ഇടയില്‍ ഉള്ള വിശ്വാസം. ഈ ദിനമാണ് തിരുവോണമായി ആഘോഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button