Article

കുട്ടികളിലെ മാനസീക ആരോ​ഗ്യ പ്രശ്നങ്ങൾ

ഇന്ന് കുട്ടികളുടെ ഇടയിൽ ആത്മഹത്യ പ്രവണത വളരെ കൂടുതലാണ്. ഈ സാഹചര്യത്തിൽ, കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോ​ഗ്യം ഉറപ്പുവരുത്തേണ്ടതുണ്ട്. സെപ്റ്റംബര്‍ 10നാണ് ലോക ആത്മഹത്യാ പ്രതിരോധ ദിനം.

കേരളത്തില്‍ അഞ്ചുവര്‍ഷത്തിനിടെ ആയിരത്തിഅഞ്ഞൂറോളം കുട്ടികള്‍ ആത്മഹത്യ ചെയ്തതായി സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. രക്ഷകര്‍ത്താക്കള്‍ ശാസിച്ചത് മുതല്‍ പ്രണയനൈരാശ്യംവരെയാണ് ആത്മഹത്യയിലേക്കു നയിക്കുന്നത്.

കൗമാരകാലം ശാരീരികവും മാനസികവും സാമൂഹ്യവുമായ സവിശേഷ വികാസത്തിന്റെ ഘട്ടമാണ്. വിഷയങ്ങളെ വിചാരപരമായി സമീപിക്കുന്നതിനുപകരം വികാരപരമായി സമീപിക്കുന്ന സ്വഭാവരീതിയാണ് കൗമാരക്കാർക്കുള്ളത്. വിചാരിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്ന കാര്യങ്ങൾ ഉടൻ സാധിക്കണം എന്ന ചിന്ത. വരുംവരായ്കകൾ ചിന്തിക്കാതെ എടുത്തുചാടി പുറപ്പെടുന്ന സമീപനം. ഇത് അവരെ തിരുത്താൻ കഴിയാത്ത പ്രതിസന്ധികളിലേക്കും അത് പരിഹരിക്കാൻ കഴിയാതെ വരുമ്പോൾ ആത്മഹത്യയിലേക്കും തള്ളിവിടും. ആഗ്രഹം മാതാപിതാക്കൾ സാധിച്ചു കൊടുക്കാതെ വരുമ്പോഴും ഇത്തരം പ്രതിസന്ധികൾ ഉണ്ടാകുന്നു. ചിലപ്പോൾ അവർ വീട് വിട്ടുപോകുന്നതിനാകും ശ്രമിക്കുക. വെല്ലുവിളികളെ വിശകലനംചെയ്ത് വരുംവരായ്കകൾ പരിഗണിച്ച് പ്രശ്നങ്ങളെ നേരിടുന്നതിനുള്ള കഴിവ് അവർ ആർജിക്കുന്നത് കൗമാര ഘട്ടത്തിന്റെ പൂർത്തീകരണത്തോടുകൂടിയാണ്. ഈ പ്രശ്നപരിഹാരശേഷി അവർ സ്വായത്തമാക്കുന്നത് തലച്ചോറിന്റെ മുൻദളത്തിന്റെ വികാസം പൂർത്തിയാകുന്നതോടുകൂടിയാണ്. ഈ വികാസപ്രക്രിയ പൂർത്തീകരിക്കപ്പെടുന്നത് കുട്ടിക്ക് 18–-20 വയസ്സ്‌ കഴിയുന്നതോടുകൂടിയാണ്. അതായത് കൗമാരകാലത്ത് അവർ ശാരീരികമായ വികാസം ആർജിക്കുമെങ്കിലും ശരിയായ മനോവികാസം ആർജിക്കുന്നതിന് സമയമെടുക്കും.

Read Also : ഇന്ത്യയിലെ ആദ്യത്തെ ഇൻട്രാനാസൽ കോവിഡ് വാക്സിന് ഡി.സി.ജി.ഐയുടെ അംഗീകാരം

കുടുംബ‐സാമൂഹ്യ കാരണങ്ങൾ

ഗാർഹിക വഴക്ക്, ഗാർഹിക പീഡനം, മദ്യപാനം തുടങ്ങിയ കാരണങ്ങളാൽ അന്തഃച്ഛിദ്രം നിറഞ്ഞ കുടുംബാന്തരീക്ഷം കുട്ടികൾക്കും കൗമാരക്കാർക്കും മാനസികമായി വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ആവശ്യമായ മാനസിക പിന്തുണ ഇത്തരം കുടുംബങ്ങളിൽനിന്ന് ലഭിക്കുകയില്ല. കൗമാരക്കാർ ആത്മഹത്യ ചെയ്യപ്പെടുന്ന കുടുംബങ്ങളെ മനഃശാസ്ത്ര വിശകലനത്തിന് വിധേയമാക്കുമ്പോൾ ഊഷ്മളമായ കുടുംബ ബന്ധത്തിന്റെ അഭാവവും പിന്തുണരാഹിത്യവും കാണാം. കുടുംബങ്ങളിലെ മാനസിക ഐക്യവും പരസ്പര സഹകരണവും പരസ്പര പിന്തുണയും കുട്ടികൾക്ക്‌ വലിയ ശക്തിയാണ്. മുതിർന്നവരുടെ ആത്മഹത്യാപ്രവണതയെ പ്രതിരോധിക്കുന്നതിനും ഇത് പ്രധാനമാണ്. സാമൂഹ്യമാധ്യമങ്ങളുടെ ഉപയോഗം സൃഷ്ടിക്കുന്ന മാനസിക പിരിമുറുക്കവും തുടർന്നുണ്ടാകുന്ന ആത്മഹത്യാ പ്രവണതയും വളരെ പ്രധാനമാണ്.

ഇന്ന് കൗമാരപ്രായക്കാർ നേരിടുന്ന പ്രധാന പ്രശ്നമാണ് ഉത്കണ്ഠാ രോഗങ്ങള്‍. ഏകദേശം 15 ശതമാനം പേര്‍ക്കും ഇത്തരം രോഗങ്ങളുണ്ടെന്ന് കണക്കുകള്‍ പറയുന്നു. ഫലപ്രദമായി ചികിത്സിച്ചില്ലെങ്കില്‍ ജീവിതത്തിന്റെ പല മേഖലകളെയും ദോഷകരമായി ബാധിച്ചേക്കാവുന്നതാണിത്.

സോഷ്യല്‍ ഫോബിയ അതിലൊന്നാണ്. പൊതുചടങ്ങുകളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാനും അപരിചിതരുമായി ഇടപെടാതിരിക്കാനും പരമാവധി ശ്രദ്ധിക്കുന്ന 10 ശതമാനം പേര്‍ കൗമാരക്കാര്‍ക്കിടയിലുണ്ട്. കഠിനമായ ഉത്കണ്ഠ കാരണമാണിത്. എതിര്‍ ലിംഗത്തിലുള്ളവരുമായി സംസാരിക്കാനും പൊതുചടങ്ങുകളില്‍ പ്രസംഗിക്കാനും ഇക്കൂട്ടര്‍ക്ക് ബുദ്ധിമുട്ടാണ്. ഇവരാണ് സോഷ്യല്‍ ഫോബിയക്കാര്‍. മറ്റുള്ളവര്‍ തന്നെ മാത്രം വീക്ഷിക്കുന്നുവെന്ന തോന്നലാണിതിന് കാരണം. അമിതമായ നെഞ്ചിടിപ്പ്, വിറയല്‍, നാക്കും ചുണ്ടുകളും വരണ്ടുണങ്ങുക, അമിത വിയര്‍പ്പ് തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.

വീട്ടില്‍ത്തന്നെ ചടഞ്ഞുകൂടാനായിരിക്കും ഇവര്‍ക്ക് താല്‍പര്യം. ഇത്തരം കുട്ടികളില്‍ അപകര്‍ഷബോധം കൂടുതലായിരിക്കും. ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും ഏറെക്കുറെ തുല്യമായ തോതില്‍ ഇതു കണ്ടുവരുന്നുണ്ട്.

ഇന്ന് കുടുംബങ്ങളിൽ കുട്ടികൾക്ക് ആശയവിനിമയം നടത്താൻ മാതാപിതാക്കൾ മാത്രമായി മാറുന്ന അവസ്ഥയും ഉണ്ടാകുന്നുണ്ട്. അണുകുടുംബങ്ങളാണ് കൂടുതലും. അതോടെ മികച്ച ആശയവിനിമയത്തിനുള്ള അവസരം കുറയുന്നു.

കുട്ടിക്ക് സാമൂഹിക ഇടപെടലുകൾ നടത്താനുള്ള ഒരു ഇടം ഒരുക്കി നൽകേണ്ടത് മാതാപിതാക്കളാണ്. എന്നാൽ, അതിനുള്ള സാഹചര്യവും ഇന്ന് വളരെ കുറവാണ്. നാട്ടിലെ ഉത്സവങ്ങൾ, കുടുംബങ്ങളുമായുള്ള കൂടിച്ചേരലുകൾ, വിവാഹങ്ങൾ, മറ്റ് ആഘോഷപരിപാടികൾ, അയൽപ്പക്കങ്ങളുമായുള്ള സൗഹൃദങ്ങൾ എന്നിവയൊക്കെ സാമൂഹിക ഇടപെടലുകൾക്ക് സഹായിക്കുന്ന അവസരങ്ങളാണ്.

മറ്റുള്ളവരുമായി ഒത്തുചേർന്ന് പ്രവർത്തിക്കാനുള്ള കഴിവ് (സോഷ്യൽ കൊഗ്‌നിഷ്യൻ), മറ്റുള്ളവരുടെ വികാരങ്ങൾ മനസ്സിലാക്കാനുള്ള കഴിവ് (എമ്പതി), ഒരു പ്രശ്നം നേരിടേണ്ടിവന്നാൽ അത് എങ്ങനെ മറികടക്കും എന്ന തീരുമാനമെടുക്കാനുള്ള കഴിവ് എന്നിവയെല്ലാം സാമൂഹികാവബോധത്തിന്റെ ഭാഗമാണ്. എന്നാൽ, ഇതിനുള്ള അവസരം ശരിയായ തരത്തിൽ ലഭിക്കാത്ത ഒരു കുട്ടി ഈ വികാസങ്ങൾ ലഭിക്കാത്ത അവസ്ഥയിലായിരിക്കും ഉണ്ടാവുക. വളർച്ചയെന്നത് ശരീരവളർച്ച മാത്രമല്ല, മാനസിക വളർച്ച കൂടിയാണ്. അതിനാൽ, ഇത്തരം പ്രശ്നങ്ങളെല്ലാം തീർച്ചയായും അവരുടെ മാനസികവളർച്ചയെ ബാധിക്കാൻ ഇടയാക്കും. കുട്ടികളിലെ വിഷാദം ഇപ്പോൾ വളരെ സാധാരണമായി മാറിയിരിക്കുന്നു. ആശയവിനിമയം കുറയുന്നതാണ് ഇതിന്റെ ഒരു പ്രധാന കാരണം. വിഷാദം, സ്വന്തം കഴിവിൽ വിശ്വാസമില്ലായ്മ, സ്വയം ബഹുമാനം കുറയുക എന്നിവയെല്ലാം ആശയവിനിമയക്കുറവുണ്ടാകുമ്പോൾ കുട്ടികളിലുണ്ടാകുന്ന തകരാറുകളാണ്.

കുടുംബ സംവിധാനത്തെയും കുട്ടികളെയും സ്കൂളുകളെയും സാമൂഹ്യനീതി സംവിധാനങ്ങളെയും പുതിയ വെല്ലുവിളി നേരിടാൻ പാകത്തിൽ ബോധവൽക്കരിച്ച് ഒരു ബഹുമുഖമായ സമീപനരീതി ആസൂത്രണം ചെയ്ത് വേഗത്തിൽ നടപ്പാക്കുകയാണ് അത്യാവശ്യം. അങ്ങനെ പ്രതിസന്ധികളിൽ ഒറ്റയ്‌ക്കല്ല, തങ്ങളെ സഹായിക്കുന്നതിന്‌ നിരവധി വ്യക്തികളും സംവിധാനങ്ങളും ഉണ്ടെന്ന് അവർക്ക് മനസിലാക്കിക്കൊടുക്കുക.

shortlink

Related Articles

Post Your Comments


Back to top button