Latest NewsNewsIndia

‘150 ദിവസം ഊണും ഉറക്കവും ഇനി കണ്ടെയ്നറിൽ’: ഭാരത് ജോഡോ യാത്രയിൽ താമസിക്കാൻ ഹോട്ടൽ വേണ്ടെന്ന് രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്തുടനീളം 3,500 കിലോ മീറ്റര്‍ ഭാരത് ജോഡോ യാത്രക്ക് ഒരുങ്ങുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ താമസം പ്രത്യേകം ഒരുക്കിയ കണ്ടെയ്‌നറുകളില്‍. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം എന്‍ഡിഎ സര്‍ക്കാരിനെ താഴെയിറക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഭാരത് ജോഡോ യാത്ര ഒരുങ്ങുന്നത്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 150 ദിവസങ്ങളിലായിട്ടാണ് രാഹുലിന്റെ യാത്ര. ചില കണ്ടെയിനറുകളില്‍ ഉറങ്ങാനുള്ള കിടക്ക, ശൗചാലയം, എയര്‍കണ്ടീഷനര്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

പാകിസ്ഥാൻ മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാത പിന്തുടരുകയാണ് രാഹുൽ എന്ന് സോഷ്യൽ മീഡിയ നിരീക്ഷിക്കുന്നു. 2014-ൽ ഖാൻ തന്റെ പ്രക്ഷോഭ ദിനങ്ങൾ കണ്ടെയ്‌നറുകളിൽ ആയിരുന്നു ചിലവഴിച്ചത്. പൊതുജനങ്ങളുടെ അനുഭാവം നേടുന്നതിനും പാക് പ്രധാനമന്ത്രിയുടെ കസേര ഉറപ്പിക്കുന്നതിനുമായിട്ടായിരുന്നു ഖാൻ കണ്ടെയ്‌നറുകളിൽ താമസിച്ചത്. സമാനമായ രീതിയാണ് ഇപ്പോൾ രാഹുൽ ഗാന്ധിയും നടപ്പിലാക്കാൻ പോകുന്നത്.

അടുത്ത 150 ദിവസത്തേക്ക്, കന്യാകുമാരി മുതൽ കാശ്മീർ വരെയുള്ള 3,750 കിലോമീറ്റർ യാത്രയിൽ രാഹുൽ ഗാന്ധിയുടെ ഊണും ഉറക്കവുമെല്ലാം ഒരു കണ്ടെയ്‌നറിൽ ആയിരിക്കും. 2024 ലെ പൊതു തിരഞ്ഞെടുപ്പിൽ മോദിയെ നേരിടാനുള്ള ഒരു ‘മാസ്റ്റർസ്ട്രോക്ക്’ ആയിട്ടാണ് ഈ നീക്കത്തെ കോൺഗ്രസ് വിശ്വസ്തരും അനുഭാവി വൃത്തങ്ങളും നോക്കികാണുന്നത്.

യാത്ര ആരംഭിക്കുന്ന ഘട്ടത്തില്‍ തന്നെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്റെ ഭക്ഷണം, താമസം തുടങ്ങിയ കാര്യങ്ങളില്‍ ചില ആശങ്കകള്‍ ഉയര്‍ന്നിരുന്നു. വലിയ ഇടവേളകളില്ലാതെയുള്ള ദീര്‍ഘ പര്യടനം രാഹുല്‍ ഗാന്ധിയുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി. ഹോട്ടലില്‍ താമസിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സ്ഥിരം യാത്രികരായ എല്ലാവര്‍ക്കുമൊപ്പം ലളിത സൗകര്യങ്ങള്‍ മതിയെന്നും രാഹുല്‍ ഗാന്ധി പാര്‍ട്ടിയെ അറിയിച്ചു. ഇതിനകം 60 കണ്ടെയ്‌നറുകള്‍ കന്യാകുമാരിയിലേക്ക് അയച്ചിട്ടുണ്ട്. രാഹുലിന് ഒപ്പമുള്ള സ്ഥിരം യാത്രക്കാരും കണ്ടെയ്‌നറുകളിലാണ് താമസിക്കുക. എല്ലാവര്‍ക്കും ഒരുമിച്ചുള്ള താമസവും ഭക്ഷണവുമാണ് ഒരുക്കിയതെന്നും കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button