KeralaLatest NewsNews

രാഹുൽ ഗാന്ധിയുടെ ‘ഭാരത്‌ ജോഡോ’ വേദിയിൽ ഇരിപ്പിടമില്ല, കയറ്റിയത് പോലുമില്ല: പിണങ്ങി പോയി മുരളീധരൻ

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭാരത്‌ ജോഡോ യാത്രയുടെ കേരളത്തിലെ ആദ്യദിവസം തന്നെ വിവാദത്തിൽ. നേമത്തെ സ്വീകരണ കേന്ദ്രത്തിൽ ഇരിപ്പിടം കിട്ടാത്തതിനെ തുടർന്ന്‌ മുരളീധരൻ വേദിവിട്ടിറങ്ങി. ഇത് യാത്രയ്‌ക്ക്‌ മങ്ങലേൽപ്പിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുരളീധരൻ മത്സരിച്ച നേമം മണ്ഡലത്തിലെ സ്വീകരണത്തിനിടെയാണ്‌ അദ്ദേഹത്തെ കോൺഗ്രസ്‌ നേതൃത്വം പരസ്യമായി അപമാനിച്ചത്. വേദിയിൽ അദ്ദേഹത്തിന് ഇരിക്കാനുള്ള ഇരിപ്പിടം ഒരുക്കിയില്ല, കടത്തി വിട്ടുമില്ല. സംഭവത്തിൽ പ്രതിഷേധിച്ച് അദ്ദേഹം പിണങ്ങി പോയി.

വേദിയിൽ ആരെല്ലാമുണ്ടാകണമെന്ന്‌ തീരുമാനിക്കുന്നത്‌ അതാത്‌ ഡിസിസികളാണ്‌. വൈകിട്ട്‌ ആറിനായിരുന്നു നേമത്തെ സ്വീകരണം. മുരളീധരനെക്കാൾ താരതമ്യേന ജൂനിയർ നേതാക്കൾക്ക് വേദിയിൽ ഇരിപ്പിടം കിട്ടി. എന്നാൽ, മുരളിയെ തഴഞ്ഞു. പാർലമെന്റ്‌ അംഗമാണെന്നറിയിച്ചിട്ടും കടത്തിവിട്ടില്ല. ഇതോടെയാണ്‌ മുരളീധരൻ വേദി വിട്ടത്‌. പിണങ്ങിപ്പോയ മുരളിയെ അനുനയിപ്പിക്കാൻ നേതാക്കൾ പിന്നീട് ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. രാഹുൽ ഗാന്ധി നയിക്കുന്ന യാത്ര ആയതിനാൽ അടുത്ത ദിവസങ്ങളിലും പങ്കെടുക്കുമെന്നാണ്‌ മുരളീധരൻ വ്യക്തമാക്കിയിരിക്കുന്നത്‌.

Also Read:തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ചത്ത നിലയില്‍: ‘നിരുപദ്രവകാരികളായ നായകളെ വിഷം വെച്ച് കൊന്നു’-പ്രതിഷേധവുമായി മൃഗസ്‌നേഹികള്‍

അതേസമയം, നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രി പരിസരത്തെ സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതി മണ്ഡപം അനാച്ഛാദനം ചെയ്യാൻ രാഹുൽ ഗാന്ധി എത്താതിരുന്നതും കോൺഗ്രസിന് തിരിച്ചടിയായി. രാഹുലിനെതിരെ സംഘാടകർ പരസ്യപ്രതിഷേധം ഉയർത്തുമെന്ന സ്ഥിതി വന്നതോടെ കെപിസിസി നേതൃത്വം മാപ്പ്‌ പറഞ്ഞ്‌ തടിയൂരുകയായിരുന്നു. രാഹുലിനെതിരെ കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ പരസ്യമായി രംഗത്തെത്തി. രാഹുൽ എത്താതിരുന്നത് മോശമായെന്ന് അദ്ദേഹം പറഞ്ഞു.

ഉദ്ഘാടനത്തിനായി കാത്തുനിന്ന നേതാക്കളെയും ജനങ്ങളെയും രാഹുല്‍ ഗാന്ധി വരില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ അറിയിച്ചതോടെ നേതാക്കൾ അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു. സ്വാതന്ത്ര്യ സമര സേനാനികളായ ഗാന്ധിയൻ പി ഗോപിനാഥൻ നായർ, കെ ഇ മാമൻ എന്നിവരുടെ നെയ്യാറ്റിൻകരയിലെ സ്‌മൃതി മണ്ഡപം അനാച്ഛാദനം ചെയ്യാമെന്ന്‌ നേരത്തെ രാഹുൽ ഉറപ്പുനൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെയും കെ ഇ മാമന്റെയും ബന്ധുക്കളും, യുഡിഎഫ് കണ്‍വീനര്‍ എം എം ഹസനും, ശശി തരൂരും അടക്കമുള്ള നേതാക്കൾ ചടങ്ങിനെത്തിയിരുന്നു. ഭാരത് ജോഡോ യാത്ര ഞായറാഴ്ച കടന്നുപോകുമ്പോള്‍ സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്.

വൈകിട്ട്‌ നാലിനായിരുന്നു ചടങ്ങ്‌ നിശ്ചയിച്ചിരുന്നത്‌. സമയം കഴിഞ്ഞിട്ടും രാഹുൽ എത്തിയില്ല. രാഹുലിന് വേണ്ടി കാത്തിരുന്നവരോട് രാഹുല്‍ പങ്കെടുക്കില്ലെന്ന് കെ സുധാകരന്‍ അറിയിക്കുകയായിരുന്നു. പങ്കെടുക്കാനെത്തിയവർ അതൃപ്തി പ്രകടിപ്പിച്ചു. ഇതോടെ സംഘാടകർ കെപിസിസി നേതൃത്വത്തെ പരാതി അറിയിച്ചു. ഇതോടെയാണ്‌ കെപിസിസി നേതൃത്വം മാപ്പ്‌ പറഞ്ഞ്‌ തടിയൂരിയത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button