KeralaLatest NewsNews

തൊഴിൽ അന്വേഷണം ഇനി കൂടുതൽ എളുപ്പം: വരുന്നു തൊഴിൽസഭകൾ

തിരുവനന്തപുരം: യുവതയെ തൊഴിലിലേക്കും സംരംഭങ്ങളിലേക്കും നയിക്കുന്ന കേരളത്തിന്റെ മഹാമുന്നേറ്റമായ തൊഴിൽസഭകൾക്ക് തുടക്കമാവുകയാണെന്ന് മന്ത്രി എം ബി രാജേഷ്. തൊഴിലന്വേഷകരെ വാർഡ് അടിസ്ഥാനത്തിൽ തിരിച്ചറിയുകയും ഗ്രാമസഭ മാതൃകയിൽ സംഘടിപ്പിക്കുകയും തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ തൊഴിൽ ആസൂത്രണം സാധ്യമാക്കുകയും ചെയ്യുന്നതിനുള്ള സൂക്ഷ്മതല ജനകീയ സംവിധാനമായിരിക്കും തൊഴിൽസഭകളെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Read Also: ഐഫോൺ 14 സ്വന്തമാക്കാൻ തിരക്കുകൂട്ടി ആളുകൾ, ഓൺലൈൻ സ്റ്റോറുകൾ ഭൂരിഭാഗവും പ്രവർത്തന രഹിതം

വകുപ്പുകളുടെയും സർക്കാർ ഏജൻസികളുടെയും ചുമതലയിൽ ഉള്ള തൊഴിൽ-സംരംഭക പദ്ധതികളും പരിപാടികളും തൊഴിലന്വേഷകരിലേക്കും പുതുതലമുറ സംരംഭകരിലേക്കും നേരിട്ടെത്തിക്കുന്നതിനുള്ള പാലമായിരിക്കും തൊഴിൽസഭകൾ. നമ്മുടെ നാട്ടിലെ അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകരെ കെ-ഡിസ്‌കിന്റെ കീഴിൽ നോളജ് ഇക്കോണമി മിഷന്റെ ഭാഗമായി പരിശീലനം നൽകിക്കൊണ്ട് കേരളത്തിനും രാജ്യത്തിനും അകത്തും പുറത്തുമുള്ള തൊഴിലുകളിലേക്ക് നയിക്കുക എന്നത് തൊഴിൽസഭകളുടെ ലക്ഷ്യമാണെന്നും അദ്ദേഹം അറിയിച്ചു.

കൂടാതെ കുടുംബശ്രീയുടെ ഷീ-സ്റ്റാർട്‌സ് എന്ന പുത്തൻ സംരംഭക പ്രസ്ഥാനത്തിലൂടെ തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് സംരം ഭക പ്രവർത്തനങ്ങൾ സാധ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കും തൊഴിൽസഭ ഊർജ്ജം നല്കും. പ്രാദേശികമായി തൊഴിൽ കൂട്ടായ്മകളെ പ്രൊഫഷണൽ മനോഭാവത്തോടെയും സാങ്കേതിക സഹായത്തോടെയും പുന:സംഘടിപ്പിക്കുകയും നഗര-ഗ്രാമ ഭേദമില്ലാതെ ലഭ്യമാക്കുകയും ചെയ്യുന്നതിനുള്ള സാധ്യതകളും തൊഴിൽസഭകൾ ആലോചിക്കുമെന്ന് മന്ത്രി അറിയിച്ചു.

പ്രാദേശികമായി യുവജനങ്ങളെ സംഘടിപ്പിച്ച് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ തൊഴിലിലേക്ക് എത്തിക്കാനുള്ള ഈ പുത്തൻ ആശയം ലോകത്ത് തന്നെ ആദ്യത്തേതായിരിക്കും. പ്രാദേശിക സംരംഭങ്ങളും തൊഴിൽ സാധ്യതകളും കണ്ടെത്തിക്കൊണ്ട് തൊഴിലന്വേഷകരുടെ കഴിവുകൾ മെച്ചപ്പെടുത്തുകയും നൈപുണ്യ വികസനത്തിലൂടെ തൊഴിലിന് കൂടുതൽ അനുയോജ്യമാക്കുകയും ചെയ്യുകയാണ് തൊഴിൽസഭകൾ ചെയ്യുന്നതെന്ന് മന്ത്രി വിശദമാക്കി.

തൊഴിൽസഭകളിൽ തൊഴിൽ/ സംരംഭക ക്ലബ്ബുകൾ രൂപീകരിക്കുകയും തൊഴിൽ തേടുന്നതിനുള്ള പങ്കാളിത്ത പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യും. കേരളത്തിന്റെ സമഗ്ര വളർച്ചയ്ക്കായി പ്രാദേശിക സാമ്പത്തിക വികസന പരിപാടികൾ ഏറ്റെടുക്കുന്ന പ്രവർത്തനത്തിലേക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സർക്കാർ കൈകോർക്കുന്നത്തിന്റെ പുതിയ ഘട്ടമാണ് തൊഴിൽസഭകളിലൂടെ ആരംഭിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനകീയ ഇടപെടലുകളിലൂടെ ബദലുകൾ സൃഷ്ടിക്കുന്ന മറ്റൊരു കേരളീയ മാതൃകയ്ക്ക് കണ്ണൂർ ജില്ലയിലെ പിണറായിയിലാണ് തുടക്കമാകുന്നത്. സ്വന്തം വാർഡിലെ തൊഴിൽ സഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത് ഔദ്യോഗികമായി തൊഴിൽ സഭകൾ ഉദ്ഘാടനം ചെയ്യും. പ്രിയ സുഹൃത്തുകളെ, തൊഴിൽസഭകളിലൂടെ നമുക്ക് കൈകോർക്കാമെന്നും എം ബി രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു.

Read Also: സംസ്ഥാനത്തെ 170 പ്രദേശങ്ങളെ തെരുവ് നായ ഹോട്ട്‌സ്പോട്ടായി പ്രഖ്യാപിച്ച് മൃഗസംരക്ഷണ വകുപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button