KeralaLatest NewsNews

പ്രളയതീവ്രത ലഘൂകരണ പദ്ധതി നടപ്പാക്കിയത് വിദേശ മാതൃകയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട്: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ നടപ്പാക്കിയ പല പ്രധാന പദ്ധതികളും വിദേശ രാജ്യങ്ങളിൽ വിജയകരമായി നടപ്പാക്കിയ പദ്ധതികളുടെ തദ്ദേശീയ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദേശയാത്രകൾ കൊണ്ട് എന്താണ് പ്രയോജനമെന്ന ചോദ്യങ്ങൾ ഉയർന്ന സാഹചര്യം മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോഴാണ് മുഖ്യമന്ത്രിയുടെ പരാമർശം.

Read Also: ‘ചീറ്റ പദ്ധതി’യുടെ ക്രെഡിറ്റ് ഏറ്റെടുത്ത് കോൺഗ്രസ്: ചീറ്റകൾ ഇന്ത്യയിലെത്തുന്നത് പാർട്ടി പദ്ദതി പ്രകാരമെന്നും വാദം

വസ്തുത മനസിലാക്കിയാൽ വിദേശ യാത്രകൾ കൊണ്ട് ഉണ്ടായ നേട്ടങ്ങൾ മനസിലാക്കാനാകും. 1990ൽ മുഖ്യമന്ത്രി ഇ. കെ നായനാരും വ്യവസായ മന്ത്രി കെ ആർ ഗൗരിയമ്മയും അമേരിക്കയിലെ ഐടി ഹബ്ബ് ആയ സിലിക്കൺ വാലിയും സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയും സന്ദർശിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് കേരളത്തിൽ ഒരു ടെക്‌നോപാർക്ക് എന്ന ആശയം രൂപപ്പെട്ടതും, രാജ്യത്തെ തന്നെ ആദ്യ ഐടി പാർക്കായി അത് മാറിയതും. വിദേശ രാജ്യങ്ങളിലെ വികസന മാതൃകകൾ സംസ്ഥാനത്തിന്റെ സമഗ്രമായ വികസനത്തിന് ഉതകുന്ന രീതിയിൽ പകർത്തിയെടുക്കാൻ നമുക്കാകണം. വിദേശ യാത്രകളുടെ ലക്ഷ്യമതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തിനു ശേഷം പ്രകൃതി ദുരന്തങ്ങളെ തടയാനും പ്രതിരോധിക്കാനും വേണ്ടി നടപ്പാക്കിയ ഡച്ച് മാതൃകയിലുള്ള ‘റൂം ഫോർ റിവർ’ പദ്ധതി മറ്റൊരു ഉദാഹരണമായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 2019ൽ നെതർലാൻറ്‌സ് സന്ദർശിച്ചാണ് വെള്ളപ്പൊക്കത്തെ മറികടക്കാനുള്ള ഈ ഡച്ച് മാതൃക വിലയിരുത്തിയത്. 2018 ലെ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ കുട്ടനാട് ഉൾപ്പെടെ സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങളിൽ റൂം ഫോർ റിവർ പദ്ധതി നടപ്പാക്കാനാകുമോ എന്നായിരുന്നു അന്ന് പരിശോധിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നെതർലാന്റ്‌സ് കേരളം പോലെ മഴക്കെടുതികളും വെള്ളപ്പൊക്ക ഭീഷണിയും അനുഭവിക്കുന്ന പ്രദേശമാണ്. കുട്ടനാട് പോലെ സമുദ്രനിരപ്പിനോട് താഴ്ന്നു കിടക്കുന്ന നിരവധി പ്രദേശങ്ങൾ ഇവിടെയുണ്ട്. 1993 ലും 1995 ലും കടുത്ത മഴ മൂലം നെതർലാൻറ്‌സിൽ പ്രളയമുണ്ടായിരുന്നു. കനത്ത നാശനഷ്ടമായിരുന്നു പ്രളയം അവിടെ ഉണ്ടാക്കിയത്. തൊണ്ണൂറുകളിലെ ആ കെടുതികളാണ് ആണ് ‘റൂം ഫോർ റിവർ’ എന്ന ഒരു വിപുലമായ പ്രളയപ്രതിരോധ പദ്ധതിയിലേക്ക് ആ രാജ്യത്തെ എത്തിക്കുന്നത്. 10 വർഷങ്ങൾ കൊണ്ട് നടപ്പാക്കിയ പദ്ധതി വഴി വെള്ളപ്പൊക്കത്തിൻറെ ആക്കം കുറയ്ക്കാൻ നെതർലാൻറ്‌സിന് കഴിഞ്ഞു. വെള്ളത്തിന് ഒഴുകിപ്പോകാനുള്ള സ്ഥലം നൽകുക എന്നതാണ് ‘റൂം ഫോർ റിവർ’ എന്ന ആശയം. ഈ പദ്ധതി കുട്ടനാട് പോലെയുള്ള താഴ്ന്ന പ്രദേശങ്ങളിൽ ഉപകരിക്കുമെന്ന് മനസിലായതിന്റെ അടിസ്ഥാനത്തിലാണ് അത് ഇവിടെ പ്രാവർത്തികമാക്കാൻ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പമ്പയാറും അച്ചൻകോവിലാറും സംഗമിച്ച് കടലിലേക്ക് ഒഴുകുന്ന ഭാഗത്തിന്റെ വീതി വളരെ കുറവാണ് എന്ന വസ്തുത പരിഗണിച്ച് ഈ ഭാഗത്തിന്റെ വീതി 80 മീറ്ററിൽ നിന്ന് 400 മീറ്ററായി ഉയർത്തുകയും പമ്പയിൽ നിന്ന് 75000 ക്യൂബ്ബിക് മീറ്റർ എക്കലും ചെളിയും നീക്കം ചെയ്ത് ആഴം കൂട്ടുകയും ചെയ്തു. ഇങ്ങനെ നദീജലത്തിന് ഒഴുകി പോകാൻ സ്ഥലം നൽകിയതിലൂടെ പ്രളയതീവ്രത ലഘൂകരിക്കാൻ സാധിച്ചു. ഹരിത കേരളം മിഷന്റെ ഭാഗമായി മലിനമായി കിടന്ന ജല സ്രോതസ്സുകൾ ശുദ്ധീകരിച്ചു നീരൊഴുക്ക് സാധ്യമാക്കി. ഒഴുക്കു നിലച്ചു പൂർണ്ണമായും വറ്റിയ വരട്ടാറിനെ പുനരുജ്ജീവിപ്പിച്ചു. 412 കിലോമീറ്റർ പുഴയാണ് ഹരിത കേരളം മിഷന്റെ ഭാഗമായി ഇപ്രകാരം വീണ്ടെടുത്തത്. പമ്പ, അച്ചൻകോവിൽ, മണിമല എന്നീ നദികളിലെ ജലമാണ് പ്രളയത്തിന്റ പ്രധാന കാരണം. കടലിലേക്ക് ജലമൊഴുക്കാൻ തോട്ടപ്പള്ളി സ്പിൽവേയിൽ 360 മീറ്റർ വീതിയിൽ പൊഴി മുറിച്ച് ആഴം വർദ്ധിപ്പിച്ചത് പ്രളയ തീവ്രത കുറച്ചു. അടുത്ത ഘട്ടത്തിന് വിശദ പദ്ധതി രേഖ തയ്യാറാക്കി വരികയാണ്. കനാലുകളുടെ ആഴവും വീതിയും വർധിപ്പിച്ച് വെള്ളം സുഗമമായി ഒഴുകുന്നതിന് ശാസ്ത്രീയ പ്രവർത്തനങ്ങളാണ് ഇനിയുള്ള ഘട്ടങ്ങളിൽ നടത്തുക. മഴക്കെടുതി തുടർച്ചയാകുന്ന സാഹചര്യത്തിൽ ഇനിയുള്ള പ്രവർത്തനങ്ങളും സുസ്ഥിര പുനർനിർമ്മാണത്തിന്റെ മാതൃകയിലാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കുട്ടനാട് പാക്കേജിന്റെ കീഴിൽ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ കൃത്യമായി നിയന്ത്രിച്ചുകൊണ്ട് മഴവെള്ളവും പ്രളയജലവും ഒഴുകി പോകുന്നതിന് സൗകര്യം ഒരുക്കി. റൂം ഫോർ റിവർ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കുന്ന ഡി പി ആറിന്റെ ഡ്രാഫ്റ്റ് ചെന്നൈ ഐഐടിയുടെ സഹായത്തോടെ തയ്യാറാക്കിയിട്ടുണ്ട്. അത് ജലസേചന വകുപ്പിന്റെ പരിഗണനയിലാണെന്ന് അദ്ദേഹം വ്യക്തമാക്കി.

2020 ൽ ആരംഭിച്ച് വെറും രണ്ട് വർഷമേ കേരളത്തിലെ റൂം ഫോർ റിവർ പദ്ധതിക്ക് പ്രായം ആയിട്ടുള്ളൂ. ആ സമയം കൊണ്ടാണ് കേരളത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ നമുക്ക് കഴിഞ്ഞത്. പുഷ്പകൃഷി നടത്തുന്നതിനായി നെതർലാന്റുമായി സഹകരിച്ചു പ്രവർത്തിക്കുന്നതിനും അന്നത്തെ സന്ദർശനത്തിൽ തീരുമാനിച്ചിരുന്നു. വയനാട് അമ്പലവയലിൽ ഇതിനായുള്ള സ്ഥലം കണ്ടെത്തി. ചരിത്ര പ്രാധാന്യമുള്ള ഇൻഡോ-ഡച്ച് ആർക്കൈവ്‌സ് തയ്യാറാക്കുന്നതിനായി ധാരണാപത്രം ഒപ്പുവെച്ചു. അതിന്റെ നടപടികൾ പുരോഗമിക്കുന്നു. ജർമ്മനിയുമായി നടത്തിയ നയതന്ത്ര ചർച്ചയുടെ ഭാഗമായി നോർക്കയുമായി സഹകരിച്ചു നഴ്‌സുമാർക്ക് ജർമ്മനിയിൽ തൊഴിൽ അവസരം നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഒഡെപെക് വഴി കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിദേശ ജോലി ലഭിച്ചത് 2,753 പേർക്കാണ്. കോവിഡ് പ്രതിസന്ധി നിലനിന്നിരുന്ന 2021 ൽ പോലും 787 പേർക്ക് വിദേശ ജോലി ലഭ്യമാക്കാൻ സാധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിനോദസഞ്ചാര വകുപ്പ് വിവിധ രാജ്യങ്ങളിൽ നേരിട്ട് സംഘടിപ്പിച്ച വ്യാപാര മീറ്റുകളിലും വിവിധ അന്തർദേശീയ മേളകളിലും പങ്കെടുത്ത് കൂടുതൽ വിദേശസഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കുന്നതിനും ടൂറിസം മേഖലയിൽ തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിക്കാനും കഴിഞ്ഞു. ജക്കാർത്തയിൽ നടന്ന ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ ഇൻറർനാഷണൽ ബ്‌ളൂ ഇക്കോണമി മിനിസ്റ്റേഴ്‌സ് കോൺഫറൻസിൽ ഫിഷറീസ് വകുപ്പ് മന്ത്രി പങ്കെടുത്തു. ഇന്ത്യൻ മഹാസമുദ്രവുമായി ചേർന്നു കിടക്കുന്ന ഇരുപതിലധികം രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തുവാനും മൽസ്യബന്ധനം, ശീതീകരണ പ്രക്രിയ, വിപണനസമ്പ്രദായങ്ങൾ, മെച്ചപ്പെട്ട തൊഴിൽ സേവന വ്യവസ്ഥകൾ, സുരക്ഷ, കടലിലെ പ്ലാസ്റ്റിക് നിർമ്മാർജ്ജനം, ആധുനിക ബോട്ട് നിർമ്മാണ സാങ്കേതിക വിദ്യകൾ, രാജ്യാന്തര തലത്തിലുള്ള ആഴക്കടൽ മൽസ്യബന്ധനം മുതലായ വിഷയങ്ങളെപ്പറ്റി മനസ്സിലാക്കുവാനും നടപ്പിലാക്കുവാനും ഈ കോൺഫറൻസ് വഴി സാധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

അബുദാബിയിൽ സംഘടിപ്പിച്ച വേൾഡ് സ്‌കിൽ കോംപറ്റീഷൻ പരിപാടിയിൽ അന്നത്തെ തൊഴിൽ മന്ത്രി പങ്കെടുത്തിന്റെ ഭാഗമായി കേരളത്തിൽ നൈപുണ്യ വികസന കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് കമ്പനികളെ ക്ഷണിക്കുന്നതിന് സാധിച്ചു. കേരളത്തിലെ നഴ്‌സുമാർക്ക് യുഎഇയിൽ തൊഴിൽ അവസരങ്ങൾ കണ്ടെത്തുന്നതിനും തൊഴിൽ വകുപ്പ് മന്ത്രിയുടെ വിദേശയാത്രകൾ ഫലം കണ്ടിട്ടുണ്ട്. സംസ്ഥാനത്തെ മെട്രോപോളിറ്റൻ നഗരങ്ങളിൽ നോട്ടിംഹാം സിറ്റിക്ക് സമാനമായി ഇലക്ട്രിക് വാഹനഗതാഗതം നടപ്പിലാക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കുന്നതിന് ഗതാഗത വകുപ്പ് മന്ത്രിയുടെ ലണ്ടൻ യാത്ര ഉപയോഗപ്രദമായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read Also: ചാറ്റുകൾ ബാക്കപ്പ് ചെയ്യാൻ ഇനി വളരെ എളുപ്പം, ഇംപോർട്ട് ഓപ്ഷൻ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button