KeralaLatest NewsNews

സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ എണ്ണം വർദ്ധിക്കുന്നു: സെപ്തംബർ പേവിഷ പ്രതിരോധ മാസമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പേവിഷ ബാധയും തെരുവു നായ്ക്കളുടെ ആക്രമണവും കുറച്ചു നാളുകളായി വർദ്ധിച്ചിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പേവിഷബാധയേറ്റ് സംസ്ഥാനത്ത് ഈ വർഷം ഇതുവരെ 21 മരണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇവരിൽ 15 പേരും പേവിഷബാധയ്ക്ക് എതിരെയുള്ള വാക്‌സിനും (ഐ.ഡി.ആർ.വി), ഇമ്മ്യുണോ ഗ്ലോബുലിനും (ഇ.ആർ.ഐ.ജി) എടുക്കാത്തവരാണ്. ഒരാൾ ഭാഗികമായും 5 പേർ നിഷ്‌കർഷിച്ച രീതിയിലും വാക്‌സിൻ എടുത്തിട്ടുള്ളവരാണ്. 21 മരണങ്ങളുടെയും കാരണങ്ങൾ കണ്ടെത്താനുള്ള ഫീൽഡ് ലെവൽ അന്വേഷണം പൂർത്തിയായി. എല്ലാ മരണങ്ങളും വിശദമായി അന്വേഷിക്കുവാൻ വിദഗ്ധ സമിതിയെ നിയമിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ അഫ്ഗാനിസ്ഥാനിൽ: വെളിപ്പെടുത്തലുമായി പാകിസ്ഥാൻ വിദേശകാര്യ മന്ത്രി

കേരള മെഡിക്കൽ സർവീസ് കോർപറേഷന്റെ കണക്കുകൾ പ്രകാരം ആന്റി റാബീസ് വാക്‌സിന്റെ ഉപയോഗത്തിൽ 2021-2022 ൽ 57 ശതമാനം വർദ്ധനവ് 2016-2017 ലേതിനേക്കാൾ ഉണ്ടായിട്ടുണ്ട്. റാബിസ് ഇമ്മ്യൂണോഗ്ലോബുലിൻറെ ഉപയോഗം ഇക്കാലയളവിൽ 109 ശതമാനമാണ് വർധിച്ചത്. ആന്റി റാബീസ് വാക്‌സിനുകളുടെ ഗുണനിലവാരം നിർണ്ണയിക്കുന്നത് കേന്ദ്രമാണ്. കേന്ദ്ര ടെസ്റ്റിംഗ് ലബോറട്ടറികൾ സർട്ടിഫൈ ചെയ്ത വാക്‌സിനുകൾ മാത്രമാണ് കേരള മെഡിക്കൽ സർവീസ് കോർപറേഷൻ വിതരണം ചെയ്യുന്നത്. സർക്കാർ മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ, കമ്മ്യൂണിറ്റി ഹെൽത്ത് സെൻറ്ററുകൾ, തെരഞ്ഞെടുക്കപ്പെട്ട കുടുംബാരോഗ്യ കേന്ദ്രങ്ങൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവയിൽ ആന്റി റാബീസ് വാക്‌സിൻ ലഭ്യമാണ്. പൂർണ്ണമായും സൗജന്യമായാണ് ഇത് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

പേവിഷബാധ നിർമ്മാർജന പദ്ധതികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മൃഗസംരക്ഷണ വകുപ്പും സംയുക്തമായാണ് നടപ്പാക്കുന്നത്. സെപ്തംബർ പേവിഷ പ്രതിരോധ മാസമായി ആചരിക്കുകയാണ്. ഈ വർഷം ഏപ്രിൽ മുതൽ വളർത്തു നായ്ക്കളിൽ 2,00,000 പേവിഷ പ്രതിരോധ കുത്തിവയ്പ് നടത്തി. ഇതു കൂടാതെ 1.2 ലക്ഷം പേവിഷ പ്രതിരോധ കുത്തിവെയ്പ്പുകൾ കടിയേറ്റ മൃഗങ്ങൾക്ക് നൽകി. ആറ് ലക്ഷം ഡോസ് വാക്‌സിന് എല്ലാ മൃഗാശുപത്രികൾക്കും കൈമാറി. ഇനിയും നാലു ലക്ഷത്തോളം വാക്‌സിനുകളാണ് ജില്ലകളിൽ നിന്നും ആവശ്യപ്പെട്ടിട്ടുളളത്. അവ വിതരണം ചെയ്യുന്നതിനുളള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നായ്ക്കളെ കൊന്നൊടുക്കിയത് കൊണ്ട് പരിഹരിക്കാവുന്നതല്ല ഈ പ്രശ്‌നം. വളർത്തുനായകളുടെ രജിസ്‌ട്രേഷൻ സംസ്ഥാനത്ത് നിർബന്ധമാക്കും. ഗ്രാമപഞ്ചായത്ത് പ്രദേശത്ത് വളർത്തുനായകളുടെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട അപേക്ഷകൾ ഐഎൽജിഎംഎസ് പോർട്ടൽ വഴി സമർപ്പിക്കാവുന്നതാണ്. രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് മൂന്ന് ദിവസത്തിനകം വാക്‌സിനേഷൻ പൂർത്തീകരിച്ച് പഞ്ചായത്ത് ലഭ്യമാക്കും. രജിസ്റ്റർ ചെയ്ത നായകൾക്ക് മെറ്റൽ ടോക്കൺ/കോളർ ഉടമയുടെ ഉത്തരവാദിത്തത്തിൽ ഘടിപ്പിക്കണം എന്ന് നിഷ്‌കർഷിച്ചിട്ടുണ്ട്. തെരുവുനായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവെയ്പ് സെപ്തംബർ 20 മുതൽ ആരംഭിക്കും. ഒരു മാസത്തിൽ പത്തോ അതിലധികമോ തെരുവുനായ ആക്രമണം സംഭവിച്ച പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടുകളായി കണക്കാക്കിയാണ് ഈ നടപടി പൂർത്തീകരിക്കുകയെന്നും അദ്ദേഹം വിശദമാക്കി.

തെരുവ് നായ വിഷയത്തിൽ സെപ്തംബർ 20 മുതലാണ് തീവ്ര വാക്‌സിനേഷൻ ഡ്രൈവ് ഔദ്യോഗികമായി തീരുമാനിച്ചത്. എന്നാൽ സംസ്ഥാനത്തെ ബഹുഭൂരിപക്ഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഇതിനകം തന്നെ വാകസിനേഷൻ യജ്ഞം ആരംഭിച്ചുകഴിഞ്ഞു. ഒക്ടോബർ 20 വരെ നീണ്ടു നിൽക്കുന്ന തീവ്ര വാക്‌സിൻ യജ്ഞം നടത്താനാണ് തീരുമാനം. സംസ്ഥാനത്ത് 2017 മുതൽ തെരുവുനായ നിയന്ത്രണ പദ്ധതി തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂർ, എറണാകുളം, വയനാട് എന്നീ 8 ജില്ലകളിൽ കുടുംബശ്രീ മുഖേനയും മറ്റുളള ജില്ലകളിൽ മൃഗസംരക്ഷണ വകുപ്പ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ചേർന്നുമാണ് നടപ്പിലാക്കിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ആം ആദ്മി എം.എൽ.എ അമാനത്തുള്ള ഖാന്റെ സഹായിയിൽ നിന്ന് അനധികൃത ആയുധവും 12 ലക്ഷം രൂപയും കണ്ടെടുത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button