കൊല്ലം: മാതാപിതാക്കളെ ബന്ദികളാക്കിയ ശേഷം തമിഴ്നാട്ടിൽ നിന്നും പതിനാലുകാരനെ തട്ടിക്കൊണ്ടു വന്ന യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കൊല്ലം പൂതകുളം സ്വദേശിയായ രാകേഷിനെ ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാകേഷ് തട്ടിക്കൊണ്ടുവന്ന് തടവിലിട്ട കുട്ടി രക്ഷപ്പെട്ട് നാട്ടുകാരെ വിവരം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാകേഷിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. കേരളത്തിലും തമിഴ്നാട്ടിലുമായി കണ്‍സ്ട്രക്ഷന്‍ ജോലികൾ ചെയ്ത് വരികയായിരുന്നു കൊല്ലം പൂതകുളം സ്വദേശിയായ രാകേഷ്.
Read Also : ‘ഞാൻ വാഗ്ദാനം ചെയ്തത് നിറവേറ്റി, ഇതിൽ കൂടുതൽ സന്തോഷം എന്താണ് വേണ്ടത്’: സുരേഷ് ഗോപി
തിരുപ്പൂരിൽ ചെയ്ത ജോലിക്ക് കിട്ടേണ്ട പണത്തെ ചൊല്ലി വേലൻപാളയത്തെ ഒരു കുടുംബവുമായി തർക്കം ഉണ്ടായി. ഇതേത്തുടര്‍ന്നാണ് രാകേഷ് ഇന്നലെ വൈകിട്ട് വേലൻപാളയത്ത് എത്തി മാതാപിതാക്കളെ ബന്ദികളാക്കിയ ശേഷം 14 വയസുകാരനെ തട്ടിക്കൊണ്ടുവന്നത്. പൂതക്കുളത്തെത്തിയ രാകേഷ് കുട്ടിയെ വീടിന് പിന്നിലുള്ള ഷെഡിൽ കെട്ടിയിട്ടു. എന്നാൽ കുട്ടി ഇന്ന് പുലര്‍ച്ചെ രക്ഷപ്പെട്ടോടി. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന്, പൊലീസ് കുട്ടിയോട് വിവരങ്ങൾ അന്വേഷിച്ചപ്പോഴാണ് നടന്നതെല്ലാം വെളിപ്പെട്ടത്. കുട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് രാകേഷിന്‍റെ വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. സമീപത്ത് നിന്നും കളിത്തോക്കും കണ്ടെത്തിയിട്ടുണ്ട്.
കുട്ടിയെ തിരുപ്പൂര്‍ പൊലീസിന് കൈമാറി. തിരുപ്പൂർ സ്വദേശികളും രാകേഷുമായുള്ള സാമ്പത്തിക ഇടപാടുകൾ എന്തായിരുന്നുവെന്ന് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.
Post Your Comments