KeralaLatest NewsNews

അനർഹമായി മുൻഗണനാ കാർഡുകൾ കൈവശം വച്ചിട്ടുള്ളവരെ കണ്ടെത്താൻ ‘ഓപ്പറേഷൻ യെല്ലോ’ പദ്ധതി: മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം: അനർഹമായി മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വച്ചിട്ടുള്ളവരെ കണ്ടെത്താൻ ‘ഓപ്പറേഷൻ യെല്ലോ’ പദ്ധതി നടപ്പാക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. പൊതുജനങ്ങളുടെ സഹായത്തോടെയാണു പരിപാടി സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി പൊതുവിതരണ വകുപ്പിന്റെ 24 x 7 പ്രവർത്തിക്കുന്ന മൊബൈൽ നമ്പരിലും ടോൾഫ്രീ നമ്പരിലും (മൊബൈൽ നം. 9188527301, ടോൾഫ്രീ നം. 1967) അനർഹമായി കാർഡുകൾ കൈവശം വച്ചിട്ടുള്ളവരെക്കുറിച്ചുള്ള വിവരങ്ങൾ അറിയിക്കാമെന്നും മന്ത്രി പറഞ്ഞു.

Read Also: വി. മുരളീധരന്‍ നടത്തിയത് ഗൗരവതരമായ പരാമര്‍ശം: കേരള കൂട്ടായ്മയ്ക്ക് നേരെയുള്ള ഭയപ്പെടുത്തലാണെന്ന് മുഹമ്മദ് റിയാസ്

വിവരങ്ങൾ നൽകുന്ന വ്യക്തിയുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. 2013 ലെ ഭക്ഷ്യഭദ്രതാ നിയമപ്രകാരം കേരളത്തിൽ ആകെയുള്ള 92.61 ലക്ഷം കാർഡുടമകളിൽ 43.94 ശതമാനം റേഷൻകാർഡുകാരെയാണ് മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വിവിധ കാലഘട്ടങ്ങളിലെ പരിശോധനയിൽ മുൻഗണനാ വിഭാഗത്തിൽ അനർഹരായ നിരവധി ആളുകൾ ഉൾപ്പെട്ടിട്ടുള്ളതായി കണ്ടെത്തുകയും അപ്രകാരം കണ്ടെത്തിയ കാർഡുടമകളെ ഒഴിവാക്കി പകരം 2.54 ലക്ഷത്തോളം (2,54,135) പുതിയ കുടുംബങ്ങൾക്ക് മുൻഗണനാ കാർഡുകൾ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നൽകുന്നതിനും സാധിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

റേഷൻകാർഡുകൾ സ്വമേധയാ തിരികെ ഏൽപ്പിക്കുന്നതിന് നിരവധി അവസരങ്ങൾ നൽകിയിട്ടും മുൻഗണനാ വിഭാഗത്തിൽ ഇനിയും നിരവധി അനർഹരായ കാർഡുടമകൾ ഉൾപ്പെട്ടിട്ടുള്ളതായി ബോധ്യപ്പെട്ടിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കാൻ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.

Read Also: നവജാത ശിശുക്കളുടെ ത്വക്കിനെ ബാധിക്കും: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡറിന്റെ ലൈസന്‍സ് റദ്ദാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button