KeralaLatest NewsNews

കണ്ണൂരിൽ ബോംബുമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ പിടിയിൽ: നാല് പേർ ഓടിരക്ഷപ്പെട്ടു

കണ്ണൂർ: പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ കണ്ണൂരിൽ പരക്കെ ആക്രമണം. കണ്ണൂരിൽ പെട്രോൾ ബോംബുമായി യുവാവ് അറസ്റ്റിൽ. പാപ്പിനിശ്ശേരിയിൽ ബോംബുമായി പിടിയിലായത് പിഎഫ്ഐ പ്രവർത്തകൻ അനസ് ആണ്. മങ്കടവ് സ്വദേശി ആണ് അനസ്. സ്കൂട്ടറിൽ പെട്രോൾ ബോംബുമായി പോകുമ്പോൾ സംശയം തോന്നിയ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. കണ്ണപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ കല്യാശ്ശേരിയിൽ വച്ചാണ് ഇയാളെ പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന നാല് പേർ ഓടിരക്ഷപ്പെട്ടു.

രണ്ടിടത്ത് ബോംബേറ് നടന്നു. മട്ടന്നൂർ ഇല്ലൻമൂലയിലെ ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബേറുണ്ടായി. പെട്രോൾ ബോംബേറിൽ കെട്ടിടത്തിലെ ജനൽ ചില്ലുകൾ തകർന്നു. ചെറിയ രീതിയിൽ നാശ നഷ്ടങ്ങളുണ്ടായതായാണ് വിവരം. അക്രമ സംഭവങ്ങളെ തുടർന്ന് കണ്ണൂർ ജില്ലയിലെ KSRTC ബസ് സർവീസ് പൂർണമായി നിർത്തി വച്ചു. പിഎഫ്ഐ ഹർത്താൽ സംഘർഷത്തെ തുടർന്ന് എറണാകുളം ജില്ലയിൽ പതിനാറു പേരെ അറസ്റ്റ് ചെയ്തു.

അതേസമയം, പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഹര്‍ത്താലിലെ അക്രമ സംഭവങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും ഹൈക്കോടതി നിർദ്ദേശം നൽകി. ഹര്‍ത്താല്‍ കോടതി നിരോധിച്ചതാണെന്നും കോടതി വ്യക്തമാക്കി. ദേശീയ തലത്തില്‍ എന്‍ എ ഐ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡിനും തുടര്‍ന്നുള്ള സംഘടനാ നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഹര്‍ത്താലിനോട് അനുബന്ധിച്ച സംസ്ഥാനത്ത് രാവിലെ ഏഴ് മണി മുതല്‍ വലിയ അക്രമ സംഭവങ്ങളാണ് അരങ്ങേറുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button