Latest NewsKeralaNewsIndia

മലപ്പുറത്ത് ലഹരി വിരുദ്ധ കാമ്പയിൻ, ജനകീയമാകാൻ പുതിയ പദ്ധതിയുമായി എസ്.ഡി.പി.ഐ

മലപ്പുറം: പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ തങ്ങളുടെ മുഖം ജനകീയമാക്കാനുള്ള ഒരുക്കത്തിലാണ് എസ്.ഡി.പി.ഐ. ഇതിന്റെ ഭാഗമായി മലപ്പുറത്ത് ലഹരി വിരുദ്ധ കാമ്പയിൻ നടത്താനൊരുങ്ങുകയാണ് പാർട്ടി. എസ്.ഡി.പി.ഐയെയും നിരോധിക്കണമെന്ന കേന്ദ്ര തീരുമാനം നിലനിൽക്കെയാണ് പുതിയ ഉദയത്തിനായി പാർട്ടി കച്ചകെട്ടി ഇറങ്ങിയിരിക്കുന്നത്. നിരോധനത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിപ്രായം തേടിയിരിക്കുകയാണ് കേന്ദ്രം. ഇതിന്റെ ഭാഗമായി എസ്.ഡി.പി.ഐയുടെ ധനഇടപാടുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷിച്ച് വരികയാണെന്നാണ് റിപ്പോർട്ട്.

‘വിലക്ക്’ മുന്നിൽ കണ്ട് കൂടുതൽ ജനകീയ ഇടപെടലുകൾ നടത്താനൊരുങ്ങുകയാണ് പാർട്ടി. ഇതിന്റെ ഭാഗമായിട്ടാണ് മലപ്പുറത്ത് ലഹരി വിരുദ്ധ കാമ്പെയിൻ സംഘടിപ്പിക്കുന്നത്. മലപ്പുറം ജില്ലയെ സമ്പൂർണ ലഹരി വിരുദ്ധ ജില്ലയാക്കുക എന്നതാണ് കാമ്പെയിന്റെ ലക്‌ഷ്യം. ഒക്ടോബർ ഒന്നിന് ആരംഭിക്കുന്ന കാമ്പെയിൻ 15 ദിവസം നീണ്ടുനിൽക്കും. വര്‍ധിച്ച് വരുന്ന ലഹരി ഉപയോഗത്തിന്നെതിരെ ജനബോധവല്‍കരണത്തിന്റെ ഭാഗമായി പഞ്ചായത് തലങ്ങളില്‍ ലഹരി വിരുദ്ധ കാമ്പെയിൻ സംഘടിപ്പിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ തീരുമാനമായി.

അതേസമയം, പോപ്പുലർ ഫ്രണ്ടിനും അനുബന്ധ സംഘടനകൾക്കുമേർപ്പെടുത്തിയ നിരോധനം ബിജെപി സർക്കാർ തുടരുന്ന അപ്രഖ്യാപിത അടിയന്തിരാവസ്ഥയുടെ ഭാഗമാണെന്ന് എസ്ഡിപിഐ പ്രതികരിച്ചിരുന്നു. പോപ്പുലർ ഫ്രണ്ടിനും അനുബന്ധ സംഘടനകൾക്കും ബിജെപി സർക്കാർ ഏർപ്പെടുത്തിയ നിരോധനം ഇന്ത്യൻ ജനാധിപത്യത്തിനും ജനങ്ങൾക്ക് ഭരണഘടന നൽകുന്ന അവകാശങ്ങൾക്കും നേരെയുള്ള വെല്ലുവിളിയാണെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ്‌ എംകെ ഫൈസിയാണ് ആരോപിച്ചത്.

‘ബിജെപിയുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സംസാരിക്കുന്നവരെ റെയ്ഡും അറസ്റ്റും കൊണ്ട് ഭയപ്പെടുത്താൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ പോലും കാറ്റിൽ പറത്തി അഭിപ്രായ സ്വാതന്ത്ര്യത്തെയും ജനകീയ പ്രതിഷേധങ്ങളേയും സംഘടനകളെയും തന്നെ അടിച്ചമർത്തുകയാണ് ബിജെപി സർക്കാർ. സർക്കാർ ഏജൻസികളെ ദുരുപയോഗപ്പെടുത്തിയും നിയമങ്ങൾ കൊണ്ടു വന്ന് പ്രതിപക്ഷത്തെ നിശബ്ദമാക്കിയും ജനങ്ങൾ ഉയർത്തുന്ന വിയോജിപ്പിന്റെ ശബ്ദങ്ങളേയും അടിച്ചമർത്തിക്കൊണ്ട് തുടരുന്ന അപ്രഖ്യാപിത അടിയന്തിരാവസ്ഥ രാജ്യത്ത് വ്യക്തമായിരിക്കുകയാണ്. രാജ്യത്തിന്റെ ഭരണഘടന മൂല്യങ്ങളും ജനാധിപത്യവും സംരക്ഷിക്കാൻ മതേതര പാർട്ടികളും ജനങ്ങളും ഒറ്റക്കെട്ടായി ബിജെപി നേതൃത്വം കൊടുക്കുന്ന ഏകാധിപത്യ ഭരണകൂടത്തെ എതിർക്കേണ്ട സാഹചര്യമാണിത്’, ഫൈസി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button