Latest NewsKeralaNewsIndia

‘പെണ്ണ് ഇരയാണ് എന്ന് പഠിപ്പിക്കുന്ന സമൂഹത്തിൻ്റെ മറുവശത്ത് യഥാർത്ഥ ഇരകളായി നിൽക്കുന്നത് പുരുഷന്മാരാണ്’: അഞ്‍ജു പാർവതി

അഞ്‍ജു പാർവതി പ്രഭീഷ്

ഇന്നലെ മുതൽ ടൺ കണക്കിന് ട്രോളുകളും വായിൽ തോന്നിയത് കോതയ്ക്ക് പാട്ട് കണക്കെയുള്ള നരേറ്റീവുകളും ഒക്കെ ചേർന്ന് ആകെ അവിയൽ പരുവത്തിൽ സോഷ്യൽ മീഡിയയിൽ കിടപ്പുണ്ട് മാരിറ്റൽ റേപ്പ് (marital rape ) അഥവാ വൈവാഹിക ബലാത്സംഗം. അരിയെത്ര എന്ന ചോദ്യത്തിന് പയറഞ്ഞാഴി എന്ന് പറഞ്ഞ് ശീലിച്ച മാധ്യമപുഴുക്കുത്തുകളുടെ പാതി വെന്ത വാർത്തയും കൂടി ആയതോടെ ഇന്ന് മുതൽ ഭാര്യയ്ക്കൊപ്പം കിടക്കണമെങ്കിൽ സമ്മതപത്രം വേണമെന്ന തരത്തിലായി അഭ്യൂഹങ്ങൾ. അതിൻ്റെ മറ പിടിച്ച് തീർത്തും സ്ത്രീവിരുദ്ധമായ പോസ്റ്റുകളും ട്രോളുകളും. ഒപ്പം പുരുഷ വിദ്വേഷ കേന്ദ്രങ്ങളിൽ നിന്നും പൊടിപ്പും തൊങ്ങലും വച്ച കഥകൾ കൂടി ആയപ്പോൾ പതിവുപോലെ പാത്രിയാർക്കിസ് കൊടിയേറ്റം കം മെയിൽ ഷോവനിസ്റ്റ് ചാപ്പയടി. മാരിറ്റൽ റേപ്പ് കുറ്റകൃത്യമാക്കിയാൽ അതിന് ഒരുപോലെ തന്നെ ഗുണവശങ്ങളും ദോഷവശങ്ങളുമുണ്ട്.

ഇന്നലെ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി എന്ന ആക്റ്റിന്റെ പരിധിക്കുള്ളിൽ നില്ക്കുന്ന ഒന്നായിരുന്നു. മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രേഗ്നെൻസിസ് റൂൾസ്‌ പ്രകാരം അബോർഷൻ ചെയ്യാൻ നിയമം അനുവദിക്കുന്ന സാഹചര്യങ്ങളിൽ ഒന്നാണ് ബലാത്സംഗത്തിന് ഇരയാവുക എന്നുള്ളത്. എന്നാൽ, ഭാര്യയുടെ സമ്മതമില്ലാതെ ഭർത്താവ് നടത്തുന്ന ലൈംഗിക വേഴ്ച ഇന്ത്യൻ പീനൽ കോഡിന്റെ സെക്ഷൻ 375 ന്റെ exception 2 പ്രകാരം നിലവിൽ ഒരു കുറ്റകൃത്യമല്ല. (ഈ നിയമത്തിന് ഭേദഗതി വരുത്തണമെന്നു വൈവാഹികബലാത്സംഗം കുറ്റകൃത്യമാണെന്ന് കരുതി കടുത്ത ശിക്ഷകള്‍ ഏര്‍പ്പെടുത്തണമെന്നും ജസ്റ്റിസ് വര്‍മ്മ കമ്മിറ്റി 2013 ജനുവരിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നിരുന്നാലും മാരിറ്റൽ റേപ്പിന്റെ കാര്യത്തിൽ ഇതുവരെ ഒരു വിധി വന്നിട്ടില്ല; സമീപ ഭാവിയിൽ ഉണ്ടായേക്കാം). ഇത്തരമൊരു നൂലാമാല അബോർഷനുമായി related ആയ സാഹചര്യത്തിലാണ് Medical Termination Of Pregnancy Rule ന്റെ 3B(a)യിൽ പറയുന്ന റേപ്പിനു ഇരയാവൾ എന്നു പറയുന്നതിന്റെ വ്യാഖ്യാനത്തിൽ തന്റെ സമ്മതമില്ലാതെ ഭർത്താവിൻ്റെ ലൈംഗിക വേഴ്ചയ്ക്ക് വിധേയമായവൾ കൂടി ഉൾപ്പെടും എന്നാണ് ബഹുമാനപ്പെട്ട സുപ്രീം കോടതി വിധിയിൽ പറഞ്ഞിരിക്കുന്നത്. മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രേഗ്നെൻസി ആക്ടിൻ്റെയും റൂൾസിന്റെയും ആവശ്യത്തിന് വേണ്ടി മാത്രമാണ് നിലവിൽ ഈ വിധി ബാധകമാകുന്നത് എന്നാണർത്ഥം. അല്ലാതെ സോഷ്യൽ മീഡിയയിലെ പുരുഷ വിദ്വേഷികളും സ്ത്രീവിരുദ്ധരും ഇട്ട് അലക്കുന്നത് പോലെയല്ല കാര്യങ്ങൾ.

മാരിറ്റൽ റേപ്പ് കുറ്റ കൃത്യമാക്കിയാൽ കുടുംബ പ്രശ്നങ്ങളുടെ ഭാഗമായി വരുന്ന കേസുകളിൽ അത് ദുരുപയോഗം ചെയ്യാൻ ഒരുപാട് സാധ്യതകൾ ഉണ്ട് എന്നത് ഇപ്പോഴും അതിനെ കുറ്റകൃത്യമാക്കാതെ നിലനിർത്തുന്നതിന്റെ കാരണങ്ങളിൽ ഒന്നാണ്. നിലവിലെ പല സംഭവങ്ങളും ചേർത്തു വായിച്ചാൽ അങ്ങനെ ആശങ്കപ്പെടുന്നത് തെറ്റാണെന്ന് സമർത്ഥിക്കാനും കഴിയില്ല.

വ്യക്തി വൈരാഗ്യത്തിൻ്റെ പേരിൽ പുരുഷനെതിരെ ആരോപണം ഉന്നയിച്ചാൽ, ആരോപണത്തിൽ കഴമ്പ് ഉണ്ടോ ഇല്ലയോ എന്നു പോലും നോക്കാതെ ഉടൻ തന്നെ അവൻ്റെ പേരും മുഖവും വീട്ടുപേരടക്കമുള്ള അഡ്രസ്സും അച്ചടിച്ചുവരുന്ന നടപ്പുരീതിക്ക് നിറഞ്ഞ കയ്യടിയാണിവിടെ. അവനെതിരെ ഒളിയിടങ്ങളിൽ ഇരുന്ന് അമ്പെയ്യുന്ന പെണ്ണിന് സൊസൈറ്റി കല്പിച്ചുനല്കിയിരിക്കുന്ന ഇരയെന്ന പ്രിവിലേജാണ് ഇതിനു കാരണം. പലപ്പോഴും നാം കാണുന്ന, കേൾക്കുന്ന പല പീഡനകഥകളും പീന്നീട് ഫാബ്രിക്കേറ്റഡ് അല്ലെങ്കിൽ കുക്ക്ഡ് അപ്പ് സ്റ്റോറികളാണെന്ന് തെളിയുമ്പോൾ, ആരോപണ വിധേയനായ പുരുഷൻ നിരപരാധിയെന്ന് തെളിയുമ്പോൾ പെണ്ണിന് ഒന്നും സംഭവിക്കുന്നില്ല. അത്തരം അവസ്ഥകളിൽ അവന്റെ ഭാഗം കേൾക്കാൻ ആരും ഇല്ലാതെ പോകുകയും സമൂഹം മൊത്തം കുറ്റവാളിയാക്കി ചിത്രീകരിക്കുകയും ചെയ്യുമ്പോൾ അവനു കൈമോശം വരിക അവൻ്റെ ജീവിതം തന്നെയായിരിക്കും. അത്തരം ട്രോമ ജീവിതകാലം മുഴുവൻ അവനെ വേട്ടയാടുന്നു. ചിലർ ആ ട്രോമയുടെ ആഘാതം കൊണ്ട് ജീവിതം മതിയാക്കി റിട്ടേൺ ടിക്കറ്റ് എടുക്കുന്നു. എപ്പോഴും ദുർബലതയുടെ വശമായ സ്ത്രീയുടെ ഭാഗം മാത്രം ചിന്തിക്കുന്നത് കൊണ്ടാകാം പുരുഷ പീഡനങ്ങൾ പലപ്പോഴും നമ്മുടെ ശ്രദ്ധയിൽ പെടാതെ പോകുകയും തമസ്ക്കരിക്കപ്പെടുകയും ചെയ്യുന്നു.

പെണ്ണ് ഇരയാണ് എന്ന് പഠിപ്പിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തിൻ്റെ എൻ്റർടെയിന്മെൻ്റുകളുടെ മറുവശത്ത് യഥാർത്ഥ ഇരകളായി നില്ക്കുന്നത് പുരുഷന്മാരാണ് പലപ്പോഴും. ആ വരച്ച വര വിട്ടൊന്ന് മാറി നടക്കുന്ന ആണുങ്ങൾ ഇവിടെ വളരെ വിരളമാവുന്നതിന് കാരണം ഇവിടെ നിലനിന്നുപ്പോരുന്ന സോഷ്യൽ ഓഡിറ്റിങ്ങും ജഡ്ജ്മെൻറുകളും സ്ത്രീകൾക്കനുകൂലം മാത്രം ആകുന്നതിലാണ്. അവൾ ആക്രമണം നേരിടാൻ ഇടയുണ്ടെന്നത് നമ്മുടെ മനസിലുള്ളതുകൊണ്ട് അവളെയും അവളുടെ ആരോപണത്തെയും അപ്പാടെ വിഴുങ്ങും; അതിനെ മാത്രം ശ്രദ്ധിക്കും. എന്നാൽ അതേ പോലെ വൾനറബിളാണ് പുരുഷന്മാരും എന്നത് ശ്രദ്ധിക്കുകയേ ഇല്ല.

ഇര എന്നു കേട്ടാലുടൻ കരയുന്ന പെണ്ണിൻ്റെ ചിത്രം മാത്രമല്ല വരേണ്ടത് സമൂഹത്തെ പേടിക്കുന്ന, ടെൻഷനുള്ള, കരയുന്ന, കണ്ണ് നിറയുന്ന, അപമാനം കൊണ്ട് തല കുമ്പിടേണ്ടി വരുന്ന ആണുങ്ങളെന്നു കൂടിയുണ്ട്. മാരിറ്റൽ റേപ്പ് ഒരു കുറ്റകൃത്യമാക്കിയാൽ അത് ഗാർഹികപീഡനം അഥവാ ഡൊമസ്റ്റിക് വയലൻസ് എന്ന പേരിൽ ഫേക്ക് ഫാബ്രിക്കേറ്റഡ് കഥയുൾപ്പെടുത്തി വ്യക്തി വൈരാഗ്യത്തിനായി ഉപയോഗിക്കുന്നതിനൊപ്പം ചേർത്ത് ഉപയോഗിക്കില്ലെന്ന് എന്താണ് ഉറപ്പ്? വൈവാഹിക ജീവിതത്തിൽ വെന്തുരുകുന്ന പെൺജീവിതങ്ങൾ പോലെ എണ്ണമറ്റ ആൺജീവിതങ്ങളുമുണ്ട്. പീഡനമെന്നത് കേവലം വൺ സൈഡഡ് പ്രോസസ് അല്ല. അതൊരു ടൂ വേ പ്രോസസ് തന്നെയാണ്.

ആഗ്രഹിക്കാത്ത തരത്തിലുള്ള സെക്‌സ് അനുഭവിക്കേണ്ടി വരുന്നവരില്‍ ലോകത്ത് തന്നെ ലൈംഗികത്തൊഴിലാളികളേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ ഭാര്യമാരാണ് എന്ന് ബര്‍ട്രാന്‍ഡ് റസ്സല്‍ പതിറ്റാണ്ടുകള്‍ക്കു മുന്‍പ് പറഞ്ഞിട്ടുണ്ട്. ശരിക്കും പറഞ്ഞാൽ മാരിറ്റല്‍ റേപ്പ്’ എന്ന വാക്കിനു ബദലായ ഒരു വാക്ക് പോലും മലയാളത്തില്‍ ഇല്ല. ഇത് കേരളത്തില്‍ ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ ബലാല്‍സംഗം ചെയ്യുന്ന കേസുകള്‍ ഇല്ലാത്തത് കൊണ്ടല്ല, അത് ഒരു കുറ്റകൃത്യമായിട്ടോ ഒരു പ്രശ്‌നമായിട്ടോ അഡ്രസ്സ് ചെയ്തിട്ടില്ലാത്തതുകൊണ്ടാണ്. മറ്റ് അവസരങ്ങളിലുണ്ടാകുന്ന ബലാത്സംഗങ്ങളേക്കാള്‍ സ്ത്രീകളെ ആഴത്തിൽ ബാധിക്കുന്നതാണ് വിവാഹബന്ധത്തിനുള്ളിലെ ലൈംഗികാതിക്രമങ്ങൾ എന്നത് ഒരു യാഥാർത്ഥ്യമാണ്. സ്ത്രീയോട് ക്രൂരത കാട്ടാനുള്ള ലൈസൻസല്ല വിവാഹമെന്നും ഭാര്യയുടെ ശരീരത്തിന്റെയും മനസിന്റെയും ആത്മാവിന്റെയും ഉടമസ്ഥൻ ഭർത്താവാണെന്ന അറുപഴഞ്ചൻ ചിന്താഗതി‌ മാറ്റിയാൽ തന്നെ പല പ്രശ്നങ്ങൾക്കും പരിഹാരമാകും. ശരിക്കും ജെൻഡർ ന്യൂട്രൽ ആയിട്ടുള്ള മാറ്റം വരേണ്ടത് വിവാഹം എന്ന കൺസപ്റ്റിനാണ്. ഒരാളെ കെട്ടിയാൽ പിന്നെ തൻ്റെ കാര്യം മൊത്തം നോക്കേണ്ടത് കെട്ടിയോൻ ആണെന്ന ധാരണ പെണ്ണും താലി കൊണ്ട് ഉറപ്പിച്ച ബന്ധം ഒരുവളുടെ ശരീരത്തിൻ്റെയും മനസ്സിൻ്റെയും ചിന്തകളുടെയും മൊത്തം ഉടയോൻ താനെന്ന ധാരണ ആണിനും മാറിയാൽ പിന്നെ എന്ത് മാരിറ്റൽ റേപ്പ്; എന്ത് ഗാർഹിക പീഡനം?

മാരിറ്റൽ റേപ്പ് എന്ന ഒരൊറ്റ വാക്കിൽ തൂങ്ങി അതിനെ ജനറലൈസ് ചെയ്ത് എല്ലാ പുരുഷന്മാർക്കെതിരെയും വാളോങ്ങുന്ന പ്രബുദ്ധർ ദീപികാ ഭരദ്വാജിൻ്റെ ഇന്ത്യാസ് സൺസ് India’s Sons എന്ന ഡോക്യുമെൻ്ററി കൂടി കാണുക. നമുക്കിടയിൽ സ്ലീവാച്ചന്മാർ മാത്രമല്ല ഉള്ളത് എന്ന തിരിച്ചറിവിനായെങ്കിലും False Rape Caseനെ കുറിച്ച് കൂടി അറിയുക. Martyrs of marriage എന്ന് പറയുമ്പോൾ അതിൽ ആണും പെണ്ണും ഉൾപ്പെടുന്നുണ്ട് എന്നുമറിയുക. ഒരു സുപ്രധാന വിധിയെ പോലും കൃത്യമായി പൊതുസമൂഹത്തിനു മുന്നിലെത്തിക്കാതെ പാതിവെന്ത അർത്ഥ സത്യങ്ങളായി എത്തിക്കുന്ന കേരളീയ പ്രബുദ്ധതയുടെ ഒടുക്കത്തെ ഉദാഹരണമാണ് മാരിറ്റൽ റേപ്പ് നരേറ്റിവുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button