Latest NewsKeralaNews

കേരളത്തെ ഇകഴ്ത്തിക്കാട്ടാൻ ശ്രമിക്കുകയാണ് ഗവർണറും സംഘികളും: വിമർശനവുമായി തോമസ് ഐസക്ക്

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി മുൻ ധനമന്ത്രി തോമസ് ഐസക്ക്. കേരളത്തെ ഇകഴ്ത്തിക്കാട്ടാൻ ശ്രമിക്കുകയാണ് ഗവർണറും സംഘികളും ചില സാമ്പത്തിക വിദഗ്ധരുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തെ ഇകഴ്ത്താൻ സംഘികൾ കണ്ടുപിടിച്ച അവഹേളനമായിരുന്നു കേരളത്തിന്റെ മുഖ്യവരുമാന സ്രോതസ് മദ്യവും ലോട്ടറിയും ആണെന്നത്. ഇതിനു പിൻബലമായി ചില സാമ്പത്തിക വിദഗ്ധരും രംഗത്തിറങ്ങിയതോടെ ഈ വാദത്തിന് ഒരു ആധികാരികത കൈവന്നു. വന്നു വന്നിപ്പോൾ സംസ്ഥാന ഗവർണ്ണറും കേരള സർക്കാരിനെ ആക്ഷേപിക്കാൻ ഇത് ഏറ്റുപിടിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also: വെറ്റില കൊടുക്കുമ്പോഴും വാങ്ങുമ്പോഴും ഈ കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം

ലോട്ടറി സംബന്ധിച്ച് ഇത്രമാത്രം തെറ്റിദ്ധാരണ ഉണ്ടാകുന്നതിന് ഒരു കാരണം ലോട്ടറിയിൽ നിന്നുള്ള മൊത്തം (ഗ്രോസ്) വരുമാനം ഏതാണ്ട് 10000 കോടി രൂപയോളം വരുമായിരുന്നു എന്നതാണ്. ഇതിൽ നിന്ന് നികുതി കിഴിച്ച് ബാക്കി സംഖ്യയുടെ 60 ശതമാനം സമ്മാനത്തിനായി ചെലവാകും. വിൽപ്പനക്കാർക്കുള്ള കമ്മീഷൻ, ഏജന്റുമാർക്കുള്ള ശതമാന വിഹിതം എന്നിവ 31.5 ശതമാനം വരും. മറ്റു ചെലവുകൾ 5.5 ശതമാനം കഴിഞ്ഞാൽ മിച്ചം 3 ശതമാനം മാത്രമാണ്. ജിഎസ്ടി സംസ്ഥാന വിഹിതവും കൂടി ചേർത്താൽ 17 ശതമാനം മാത്രമാണ് സംസ്ഥാന സർക്കാരിന് ലഭിക്കുക. ഈ ജിഎസ്ടി വിഹിതംകൂടി കണക്കാക്കിയാൽപ്പോലും മൊത്തം റവന്യു വരുമാനത്തിന്റെ ഒരു ശതമാനമേ ലോട്ടറി വരുമാനം വരൂവെന്ന് അദ്ദേഹം പറഞ്ഞു.

വിമർശകരുടെ ചോദ്യം ഇതാണ്, നികുതി വരുമാനങ്ങളെയെല്ലാം ഗ്രോസ് വരുമാനത്തിലാണല്ലോ കണക്കിൽ രേഖപ്പെടുത്തുന്നത്. പിന്നെ ലോട്ടറി വരുമ്പോൾ മാത്രം ഗ്രോസ് നികുതി വിട്ട് അസൽ നികുതി വരുമാനം കണക്ക് പറയുന്നത് എന്തിന്? ഇതു വസ്തുതകൾ മറയ്ക്കാനല്ലേ എന്നാണു ചോദ്യം. വസ്തുത എന്താണ്? ബാക്കി നികുതികളുടെ ചെറിയൊരു ശതമാനം മാത്രമേ കളക്ഷൻ ചെലവായി വരൂ. എന്നാൽ ലോട്ടറിയുടെ കാര്യത്തിൽ മൊത്ത വരുമാനത്തിന്റെ 80 ശതമാനത്തിലേറെ ഇത്തരം ചെലവുകളാണ്. സാധാരണഗതിയിൽ ഇത്തരം ചെലവുകൾ കിഴിച്ച് അസൽ വരുമാനമാണ് ഖജനാവിൽ ഒടുക്കുക. ബിവറേജസ് കോർപ്പറേഷന്റെ മൊത്തം വിറ്റുവരവും ട്രഷറിയിൽ വരവു വയ്ക്കുന്നില്ല. കോർപ്പറേഷന്റെ ലാഭവും എക്‌സൈസ് വിൽപ്പന നികുതികളും മാത്രമേ വരവു വെയ്ക്കൂവെന്ന് അദ്ദേഹം അറിയിച്ചു.

ലോട്ടറിയിൽ എന്തുകൊണ്ട് വ്യത്യസ്ത സമീപനം കൈക്കൊള്ളുന്നു? കാരണം ലോട്ടറി നടത്തുന്നതിന് കേന്ദ്ര സർക്കാർ ഉണ്ടാക്കിയിട്ടുള്ള നിയമത്തിലെ വ്യവസ്ഥയാണ്. ലോട്ടറി ടിക്കറ്റ് വിറ്റുകിട്ടുന്ന വരുമാനം പൂർണ്ണമായും ട്രഷറിയിൽ ഒടുക്കണം. അവിടെ നിന്നുവേണം സമ്മാനത്തിനും കമ്മീഷനും മറ്റുമുള്ള ചെലവുകൾക്കുള്ള പണം പിൻവലിക്കാൻ. ലോട്ടറി മാഫിയകളെ നിയന്ത്രിക്കാനാണ് ഇങ്ങനെയൊരു ചട്ടം ഉണ്ടാക്കിയിട്ടുള്ളത്. പക്ഷേ ഈ നിയമം ഇതര സംസ്ഥാനങ്ങളിലെ ലോട്ടറി കോൺട്രാക്ട് അടിസ്ഥാനത്തിൽ എടുത്തു നടത്തുന്ന ലോട്ടറി മാഫിയ പാലിക്കാറില്ല. ഇന്ത്യയിലെ മൊത്തം ലോട്ടറി വിറ്റുവരവ് 11420 കോടി രൂപയാണ്. എന്നാൽ കേരളത്തിലെ ലോട്ടറി വിറ്റുവരവ് 2019-20ൽ 9973 കോടി രൂപയാണ്. ഇന്ത്യയിലെ മൊത്തം ലോട്ടറി വിൽപ്പനയുടെ 87.3 ശതമാനം കേരളത്തിലാണ് പോലും. അതുകൊണ്ട് ഈ കണക്കിൽ നിന്നും മനോരമ ചെയ്യുന്നതുപോലെ കേരളീയരുടെ ലോട്ടറി ആസക്തിയെക്കുറിച്ച് ആലോചിച്ചു ഞെട്ടുകയല്ല വേണ്ടത്. മറിച്ച് കേരളത്തിനു പുറത്തുള്ള ലോട്ടറി നടത്തിപ്പ് എങ്ങനെ ഒരു മാഫിയയുടെ നിയന്ത്രണത്തിലാണെന്ന യാഥാർത്ഥ്യം തിരിച്ചറിയുകയാണു വേണ്ടത്. വരുമാനം ഉണ്ടാക്കുന്നതിന് അധാർമ്മികമായി പാവപ്പെട്ടവരെ മദ്യത്തിലും ചൂതാട്ടത്തിലും മയക്കിപ്പിഴിയുന്ന നയമാണ് കേരളത്തിലെ സർക്കാരുകളുടേത് എന്നാണ് ബിജെപിയും ചില പണ്ഡിത മാന്യന്മാരും ചേർന്നു നടത്തുന്ന പ്രചാരണം. യാഥാർത്ഥ്യം എന്ത്? ലോട്ടറിയും ചൂതാട്ടവും രണ്ടാണ്. ചൂതാട്ടത്തെ കേരളത്തിൽ നിരോധിച്ചിരിക്കുകയാണ്. അതുപോലെ തന്നെ ഓൺലൈൻ ലോട്ടറിയേയും. എന്നാൽ ഗോവ പോലുള്ള സംസ്ഥാനങ്ങളിൽ ഇവ നിയമവിധേയമാണ്.

ലോട്ടറിയും കേരള സർക്കാർ നിരോധിക്കാൻ നിർബന്ധിതമായ ഒരു കാലമുണ്ടായിരുന്നു. എന്നാൽ പിന്നീട് പ്രത്യേത നിയമനിർമ്മാണത്തിനും ചട്ടങ്ങൾക്കും രൂപം നൽകി പുനരാരംഭിക്കുകയായിരുന്നു. കാരണം ലോട്ടറിയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന ഒരുലക്ഷത്തിലേറെ വരുന്ന വിൽപ്പനക്കാരുണ്ട്. അവരിൽ നല്ലൊരുപങ്ക് നിരാലംബരായ ഭിന്നശേഷിക്കാരാണ്. അവരുടെ സംരക്ഷണത്തിനായിട്ടാണ് കേരളം ഏതാണ്ട് ഏകകണ്ഠമായി ലോട്ടറി മാഫിയയേയും ചൂതാട്ടത്തെയും ഒഴിവാക്കി ലോട്ടറി പുനരരാരംഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ഗാംബിയയിലെ 66 കുട്ടികളുടെ മരണം: ‘ഇന്ത്യൻ ഫാർമ കമ്പനിയുടെ കഫ് സിറപ്പിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

shortlink

Related Articles

Post Your Comments


Back to top button