KeralaLatest NewsNews

ലഹരിക്കടത്തുകാരുടെ ഡാറ്റ ബാങ്ക് തയാറാക്കും: കുറ്റം ആവർത്തിച്ചാൽ കരുതൽ തടങ്കൽ

 

തിരുവനന്തപുരം: ലഹരിക്കെതിരായ ബോധവത്കരണം ശക്തിപ്പെടുത്തുന്നതിനൊപ്പം മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ അടിച്ചമർത്താൻ സർക്കാർ ശക്തമായ നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സിന്തറ്റിക് രാസലഹരി വസ്തുക്കൾ തടയുന്നതു മുൻനിർത്തി അന്വേഷണ രീതിയിലും കേസുകൾ ചാർജ്ജ് ചെയ്യുന്ന രീതിയിലും മാറ്റങ്ങൾ വരുത്തും. എൻ.ഡി.പി.എസ് നിയമത്തിലെ 31, 31-എ വിഭാഗത്തിലുള്ളവർക്ക് ഉയർന്ന ശിക്ഷ ഉറപ്പുവരുത്താൻ മുൻകാല കുറ്റകൃത്യങ്ങൾ കൂടി കുറ്റപത്രത്തിൽ  ഉൾപ്പെടുത്തുക, കാപ്പ രജിസ്റ്റർ മാതൃകയിൽ  ലഹരിക്കടത്ത് കുറ്റകൃത്യം ചെയ്യുന്നവരുടെ ഡാറ്റാബാങ്ക് തയാറാക്കുക, ആവർത്തിച്ച് കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവർക്കെതിരെ കരുതൽ തടങ്കൽ നടപടികൾ സ്വീകരിക്കുക തുടങ്ങിയവ നടപ്പാക്കും. കുറ്റകൃത്യം ആവർത്തിക്കില്ല എന്ന ബോണ്ട് വയ്പ്പിക്കും. മയക്കുമരുന്ന് കടത്തിൽ പതിവായി ഉൾപ്പെടുന്നവരെ കരുതൽ തടങ്കലിൽ പാർപ്പിക്കും.

ട്രെയിനുകൾ വഴിയുള്ള മയക്കമരുന്നു കടത്തു തടയാൻ സ്നിഫർ ഡോഗ് സ്‌ക്വാഡിനെ ഉപയോഗിക്കും. മയക്കുമരുന്ന് കടന്നുവരാനിടയുള്ള എല്ലാ അതിർത്തികളിലും പരിശോധന കർക്കശമാക്കും. വിദ്യാഭ്യാസ സ്ഥാപന പരിസരത്തുള്ള കടകളിൽ  ലഹരി വസ്തു ഇടപാടു കണ്ടാൽ കട അടപ്പിക്കും. പിന്നീട് തുറക്കാൻ അനുവദിക്കില്ല. സ്‌കൂളുകളിൽ പ്രവേശിച്ചുള്ള കച്ചവടം പൂര്‍ണ്ണമായും തടയും. പാർലമെന്റ് പാസാക്കിയ പി.ഐ.ടി.എൻ.ഡി.പി.എസ് ആക്ട് പ്രകാരം സ്ഥിരം കുറ്റവാളികളെ രണ്ട് വർഷം വരെ വിചാരണ കൂടാതെ കരുതൽ തടങ്കലിൽ പാർപ്പിക്കാനാകും. ഇതു പ്രകാരമുള്ള ശുപാർശ സമർപ്പിക്കാൻ പൊലീസിനും എക്സൈസിനും നിർദ്ദേശം നൽകിയിട്ടുണ്ട്. മയക്കുമരുന്ന് കേസുകളിൽ ഒന്നിലധികം തവണ ഉൾപ്പെടുന്നവരുടെ വിവരശേഖരണം നടത്തി ഒരു ഹിസ്റ്ററി ഷീറ്റ് തയ്യാറാക്കി പോലീസ് സ്റ്റേഷനുകളിലും എക്സൈസ് റെയ്ഞ്ച് ഓഫീസുകളിലും സൂക്ഷിക്കുകയും അവരെ നിരന്തരം നിരീക്ഷിക്കുകയും ചെയ്യും.

മയക്കുമരുന്ന് ഉത്പാദകരെയും വിതരണക്കാരെയും വിൽപ്പനക്കാരെയും ദേശവിരുദ്ധ, സാമൂഹ്യദ്രോഹ ശക്തികളായി കാണുന്ന സംസ്‌കാരം ശക്തിപ്രാപിക്കണം. മയക്കുമരുന്നുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ വിട്ടുവീഴ്ചയില്ലാതെ കേസെടുക്കും. നിലവിൽ സർക്കാർ സംവിധാനങ്ങളുടെ ഏകോപിതമായ പരിശ്രമത്തിന്റെ ഫലമായി ലഹരി കടത്തുകുറ്റകൃത്യങ്ങൾ വലിയതോതിൽ തടയാൻ സാധിക്കുന്നുണ്ട്. മയക്കുമരുന്നിനെതിരെ സംസ്ഥാന തലത്തിൽ കേരള ആന്റി നർകോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും ജില്ലാ തലത്തിൽ ഡിസ്ട്രിക്ട് ആന്റി നർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും പ്രവർത്തിച്ചുവരുന്നുണ്ട്. എല്ലാ സ്റ്റേഷൻ പരിധിയിലും മാസത്തിൽ രണ്ട് ആഴ്ച എൻ.ഡി.പി.എസ് സ്പെഷ്യ  ഡ്രൈവ് നടത്തുന്നുണ്ട്. എല്ലാ എക്സൈസ് ഓഫീസിലും ലഹരി ഉപഭോഗവും വിതരണവും സംബന്ധിച്ച വിവരങ്ങൾ സമാഹരിക്കാൻ കൺട്രോൾ റൂം ആരംഭിക്കും. വിവരം നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button