Latest NewsKeralaNews

‘ആദ്യം വയലാർ പാൽപ്പായസമാണോ സെപ്റ്റിക് ടാങ്കാണോ എന്ന് തീരുമാനിക്ക്, എന്നിട്ട് മീശയെ കുറിച്ച് സംസാരിക്കാം’: ശാരദക്കുട്ടി

തിരുവനന്തപുരം: വയലാർ അവാർഡ് എസ് ഹരീഷിന്‍റെ മീശ എന്ന നോവലിന് നല്‍കുന്നതിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയ്ക്ക് മറുപടിയുമായി എഴുത്തുകാരി ശാരദക്കുട്ടി. വയലാർ അവാർഡ് നിർണയ കമ്മിറ്റി അപമാനിച്ചത് ഹിന്ദുക്കളെയല്ല, മറിച്ച് വയലാറിനെത്തന്നെയാണെന്ന് ശശികല പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ശാരദക്കുട്ടി രംഗത്തെത്തിയത്.

‘ഗുരുവായൂരമ്പല നടയിൽ ഒരു ദിവസം ഞാൻ പോകും എന്നു മാത്രമല്ല വയലാർ എഴുതിയത്. മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണു പങ്കു വെച്ചു , മനസ്സു പങ്കു വെച്ചു , ഇന്ത്യ ഭ്രാന്താലയമായീ എന്നും കൂടി എഴുതിയിട്ടുണ്ട്. അപ്പോൾ വയലാർ പാൽപ്പായസമാണോ സെപ്റ്റിക് ടാങ്കാണോ എന്ന് ആദ്യം തീരുമാനിക്ക്. എന്നിട്ട് മീശയെ കുറിച്ച് ബാക്കി സംസാരിക്കാം’, ശാരദക്കുട്ടി ഫേസ്‌ബുക്കിൽ കുറിച്ചു.

ഗുരുവായൂരമ്പല നടയിൽ പോകാനും ഗോപുര വാതിൽ തുറന്ന് ഗോപകുമാരനെ കാണാനും മോഹിപ്പിച്ച വയലാറിന്‍റെ പേരിലുള്ള ഒരു ഫലകം ഒരു തെറിയെഴുത്തുകാരന്‍റെ സ്വീകരണ മുറിയിൽ കൊണ്ട് വയ്ക്കുന്നത് പാല്‍പ്പായസം സെപ്റ്റിക്ക് ടാങ്കിൽ വിളമ്പുന്നതിന് തുല്യമാണ് എന്നായിരുന്നു ശശികല പറഞ്ഞത്. ഒരു മൂന്നാം കിട അശ്ലീല നോവലിനെ അവാർഡിന് തിരഞ്ഞെടുത്തതിലൂടെ മലയാളത്തിലെ മറ്റെഴുത്തുകാരെല്ലാം അതിലും മോശക്കാരാണെന്ന ധ്വനിയാണ് സൃഷ്ടിക്കുന്നതെന്നും ശശികല പറഞ്ഞു.

‘സ്ത്രീകളുടെ മഹത്വം പറഞ്ഞ് പണ്ട് ചാക്കിൽ കേറി പ്രതിഷേധിച്ച സാറാ ജോസഫിൽ നിന്ന് സ്ത്രീകളെ അപമാനിച്ച ഒരു കൃതിക്ക് ബഹുമതി എന്നത് വിരോധാഭാസമാണ്. ഹിന്ദു വിരുദ്ധതയ്ക്ക് സമ്മാനം കൊടുക്കണമെങ്കിൽ ആകാം, പക്ഷേ അത് വയലാറിന്‍റെ പേരിൽ ആകരുതായിരുന്നു. ഈ നടപടി അത്യന്തം പ്രതിഷേധാർഹമാണ്’, ശശികല കൂട്ടിച്ചേര്‍ത്തു.

അതേസമയം, വയലാർ രാമവർമ്മ ട്രസ്റ്റ് ചെയർമാൻ പെരുമ്പടവം ശ്രീധരനാണ് അവാർഡ് പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്ന പുരസ്കാരം വയലാര്‍ രാമവര്‍മയുടെ ചരമവാര്‍ഷികമായ ഒക്ടോബര്‍ 27ന് തിരുവനന്തപുരത്ത് സമ്മാനിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button