KeralaLatest NewsNews

ഐസ്‌ക്രീം വില്‍പ്പനയും ലോട്ടറി കച്ചവടവും പൊടിപൊടിക്കുന്നു: നരഹത്യ നടന്ന വീടിന് വിനോദ സഞ്ചാര കേന്ദ്രത്തിന്റെ പ്രതീതി

ഇലന്തൂരിലെ നരബലി സംസ്ഥാനത്തെ ഞെട്ടിച്ചിരിക്കുകയാണ്. മുഖ്യപ്രതിയായ ഭഗവൽസിംഗിന്റെ വീടിന് മുന്നിൽ കാഴ്ചക്കാരെ കൊണ്ട് തിങ്ങിനിറഞ്ഞിരിക്കുകയാണ്. നരബലിയെ കുറിച്ച് കേട്ടുകേൾവി മാത്രമുള്ള മലയാളികൾ അത് സംഭവിച്ചയിടത്തേക്ക് ഒഴുകുകയാണ്. ഇരട്ട നരബലി നടന്ന വീട്ടിൽ സന്ദർശകരുടെ പ്രവാഹമാണ്. ഇവിടെയിപ്പോള്‍ ഐസ്‌ക്രീം കച്ചവടക്കാര്‍ക്കും ലോട്ടറി വില്‍പ്പനക്കാര്‍ക്കും ചാകരയാണ്. അയൽജില്ലകളിൽ നിന്നും വിദൂര സ്ഥലങ്ങളിൽ നിന്നുപോലും ആളുകൾ ഇലന്തൂരിലേക്ക് എത്തുകയാണ്.

അവധി ദിവസമായിരുന്ന ഇന്നലെ വലിയ രീതിയിലായിരുന്നു ആളുകൾ ഇലന്തൂരിലേക്ക് എത്തിയത്. ആളുകളെ നിയന്ത്രിക്കാൻ പോലീസിനും കഴിഞ്ഞില്ല. ഇവിടെയെത്തുന്നവർക്കായി സമീപത്ത് ഐസ്ക്രീം വില്പനയുമുണ്ട്. വെറുതെ കണ്ടിട്ട് പോകാമെന്ന് കരുതിയാണ് വന്നതെന്ന് നാട്ടുകാർ പറയുന്നു. ടൂറിസ്റ്റ് സ്ഥലം പോലെയാണ് ആളുകൾ ഈ വീടിനെ ഇപ്പോൾ കാണുന്നത്. കൂട്ടുകാർക്കൊപ്പവും കുടുംബത്തോടൊപ്പവും ഇവിടെത്തി, സ്ഥലവും വീടും കണ്ട് ഫോട്ടോയും എടുത്ത് പുറത്തേക്കിറങ്ങുന്നവരെ കാത്ത് ലോട്ടറി വില്പനക്കാരും ഐസ്ക്രീം വില്പനക്കാരുമുണ്ട്.
അവരുടെ കച്ചവടവും പൊടിപൊടിക്കുന്നു.

‘കണ്ടിട്ട് പോകാമെന്ന് കരുതി’ എന്നാണ് ഇവർ പറയുന്നു. കൗതുകകരമായ കാര്യമെന്തെന്നാൽ കൊച്ചുകുട്ടികളെയും കൂടിയാണ് പലരും എത്തിയിരിക്കുന്നത്. ഇത്രയും വലിയൊരു സംഭവം നടന്ന സ്ഥലം ഒന്ന് കാണണമല്ലോ എന്ന് കരുതി വന്നവരാണിവർ. റോഡ് സൈഡിൽ നിറയെ വാഹനങ്ങൾ നിർത്തിയിട്ടിരിക്കുകയാണ്. ‘ഇതുപോലൊരു പിച്ചാത്തി വെച്ച് ലൈലയെയും കൊല്ലണം’ എന്നാണ് നാട്ടുകാർ പ്രകോപിതരായി പറയുന്നത്.

കൂടാതെ, പ്രതികളുടെ വീട്ടിലേക്ക് പ്രത്യേക ‘ഓട്ടോ സർവീസും’ ഉണ്ട്. ‘നരബലി ഭവന സന്ദർശനം 50 രൂപ’ എന്നെഴുതിയ സ്റ്റിക്കർ പതിച്ച ഓട്ടോറിക്ഷയുടെ ചിത്രം വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. ഗിരീഷ് എന്ന ഓട്ടോ ഡ്രൈവറാണ് തന്റെ വാഹനത്തിന് മുന്നിൽ സ്റ്റിക്കർ പതിച്ചത്. ഇന്ന് ഞായറാഴ്ച്ചയായതിനാൽ എത്തുന്ന സന്ദർശകരുടെ എണ്ണവും കൂടി. ഇന്നലെ മാത്രം തനിക്ക് 1200 രൂപയുടെ ഓട്ടം കിട്ടിയെന്നാണ് ഗിരീഷ് പറയുന്നത്. കേരളത്തിന്റെ ദൂരദേശങ്ങളിൽ നിന്നുപോലും ആളുകൾ എത്തി വഴി ചോദിക്കുന്നത് കൊണ്ടാണ് താൻ സ്റ്റിക്കർ പതിച്ചതെന്ന് ഗിരീഷ് പറയുന്നു.

ഇതോടെ, സന്ദർശനം നടത്താനെത്തിയവരെ സോഷ്യൽ മീഡിയ പരിഹസിക്കുകയും ചെയ്യുന്നു. ‘അവിടെ ഏറ്റവും അത്യാവശ്യം ഒരു ബിവറേജസ് ഷോപ്പ് ആണ്. കൂടെ ഒരു തട്ടുകടയും. പുള്ളാർക്ക് കളിക്കാൻ ഒരു ചെറിയ പാർക്കും കൂടി ഉണ്ടെങ്കിൽ കെങ്കേമം’ എന്നാണ് പലരും കമന്റ് ചെയ്യുന്നത്. ‘ദൈവത്തിന്റെ സ്വന്തം നാട് … നരബലി നടന്ന സ്ഥലം വിനോദ സഞ്ചാര കേന്ദ്രം പോലെ. ഇവിടെ വന്നു നിൽക്കുന്നവരുടെ മാനസികാവസ്ഥയും ആശങ്കപ്പെടുത്തുന്നതു തന്നെ’ മറ്റൊരാൾ കമന്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button