KeralaLatest NewsNews

‘ഞങ്ങളെ ആരും കല്യാണം വിളിക്കാറില്ല’: ശവം വാരി എന്ന പേരിൽ വിനുവിനെ എല്ലാവരും ഒറ്റപ്പെടുത്തിയപ്പോൾ കൂട്ടിനെത്തിയത് വിൻസി

അഴുകിയ ശവങ്ങളും അനാഥ ശവങ്ങളും ഒക്കെ പരിശോധിക്കലാണ് ആംബുലൻസ് ഡ്രൈവർ ആയ ആലുവാക്കാരനാണ് വിനുവിന്റെ ജോലി. ചെറുപ്പത്തിൽ തന്നെ വിനു ഈ ജോലി ചെയ്തു തുടങ്ങിയിരുന്നു. ഏകാന്ത ജീവിതമായിരുന്നു വിനുവിന്. ശവം വാരി എന്ന് നാട്ടുകാർ വിളിക്കുന്ന വിനു കല്യാണ വീടുകളിൽ അതിഥിയായി എത്താറില്ല. ആരും ക്ഷണിക്കാറില്ല. ഇക്കഴിഞ്ഞ ഏപ്രിലിൽ വിനു വിൻസിയെ വിവാഹം ചെയ്തു. വിനുവിന്റെ കഥയറിഞ്ഞ് വിനുവിനോട് പ്രണയം തോന്നി വിൻസി തന്നെയാണ് വിവാഹത്തിന് തയ്യാറായത്. ഇപ്പോൾ ഇവരുടെ ജീവിതത്തിലേക്ക് ഒരു സന്തോഷം വരികയാണ്. വിൻസി ഗർഭിണിയാണ്.

എല്ലാവരും ഒരിക്കൽ പോകാനുള്ളതാണെന്നും, ആര് ഒഴിവാക്കിയാലും തനിക്കൊരു കുഴപ്പമില്ലെന്നും ബിഹൈൻവുഡ്‌സിന് നൽകിയ അഭിമുഖത്തിൽ ഇരുവരും പറഞ്ഞു. ഒറ്റപ്പെടലിൽ തന്നെയാണ് ഇപ്പോഴും ഇവരുടെ ജീവിതം. പക്ഷെ, ഇരുവരും സന്തോഷത്തിലാണ്. കണ്ട് വളർന്ന സമൂഹം ഇപ്പോഴും തന്നെ ഒറ്റപ്പെടുത്തുകയാണെന്ന് വിനു പറയുന്നു. സ്‌കൂളിൽ തുടങ്ങിയ ജീവിതമാണ്. പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത് പുഴയിൽ അഴുകിയ നിലയിൽ കണ്ട ഒരു മൃതദേഹത്തെ എടുക്കാൻ ആരും തയ്യാറാകാതെ വന്നപ്പോൾ അതിന് മുൻകൈ എടുത്തത് വിനു ആയിരുന്നു. അന്ന് സുഹൃത്തുക്കളും അധ്യാപകരും വിനുവിനെ ഏറെ അഭിനന്ദിച്ചിരുന്നു.

‘മൃതദേഹങ്ങൾ കണ്ടാൽ അറപ്പ് തോന്നേണ്ട കാര്യമില്ല. ഞാനാണേലും ആരാണേലും അങ്ങനെ ഒരു അവസ്ഥയിൽ വന്നാൽ എന്നാണേലും ചീയും. അതൊരു വൃത്തികെട്ട മാനമായി തോന്നിയിട്ടില്ല. നാല് ആൾക്കാർ നിൽക്കുമ്പോൾ മാറ്റി നിർത്തപ്പെടാറുണ്ട്. അത് വിഷമമാണ്. ഫീൽ ചെയ്യും. ആർക്കെങ്കിലും നീരസം തോന്നിയാൽ അത് എനിക്ക് പെട്ടെന്ന് മനസ്സിലാകും. ആരെയും കുറ്റപ്പെടുത്താൻ പറ്റില്ല. കല്യാണത്തിനൊന്നും പോകാറില്ല. കല്യാണം ഒക്കെ കണ്ട കാലം മറന്നു. കുടുംബക്കാരുടെ കല്യാണപ്പന്തലിൽ നിന്നും എഴുന്നേൽപ്പിച്ച് വിട്ട ശേഷം എവിടെയും പോയിട്ടില്ല. എല്ലാവരും ഒരുപോലെ കാണില്ല. അറിഞ്ഞ് തുടങ്ങിയപ്പോൾ സുഹൃത്തുക്കളും പോയി. ഇപ്പോൾ ഉള്ളത് വിൻസിയാണ്. പ്രേതത്തിലും ഭൂതത്തിലും ഒക്കെ വിശ്വാസമുള്ളവർ എങ്ങനെ നമ്മടെ കൂടെ കൂടാനാണ്?’, വിനു ചോദിക്കുന്നു.

‘വിനുവേട്ടന്റെ കഥ കേട്ടിട്ട് സെന്റിമെൻസ് ഉണ്ടായിരുന്നു. പക്ഷെ പ്രണയം പിന്നീട് എപ്പഴോ തോന്നി. ഞാൻ തന്നെയാണ് വിനുവേട്ടനെ ഇഷ്ടമാണെന്ന് പറഞ്ഞത്. ഞാൻ ഹാപ്പിയാണ്. അഭിമാനമാണ്. തലയുയർത്തിപ്പിടിച്ച് തന്നെയാണ് കൂടെ നടക്കുന്നത്. നാലാളുടെ മുഖത്ത് നോക്കാൻ എനിക്കൊരു മടിയുമില്ല. ആരെങ്കിലും ചോദിച്ചാൽ ഭർത്താവിന്റെ ജോലി ഇതാണെന്ന് പറയാൻ എനിക്ക് മടിയൊന്നുമില്ല. ഇപ്പോൾ എന്നെ സുഹൃത്തുക്കളൊന്നും വിളിക്കാറില്ല. ഒരു കുഴപ്പവുമില്ല. ആരുമില്ലെങ്കിലും, വിനുവേട്ടൻ എന്റെ കൂടെയുണ്ട്. ഒഴിവാക്കിയതിൽ ഇപ്പോൾ എന്ത് പറയാനാണ്? എല്ലാവരും ഇപ്പോൾ ഒരു ദിവസം ഒറ്റയ്ക്ക് അങ്ങ് പോകാനുള്ളതാണ്’, വിൻസി പറയുന്നു.

വിനു ആദ്യം ഒരു വിവാഹം കഴിച്ചിരുന്നു. പക്ഷെ, ശവം എടുക്കുന്നവനോട് വെറുപ്പായി, കളഞ്ഞിട്ട് പോയി. ഏറ്റെടുക്കാന്‍ അവകാശികളില്ലാത്ത അനാഥ ജഡങ്ങള്‍ സ്വന്തം കൈകളില്‍ കോരിയെടുത്തു വാടക ആംബുലന്‍സില്‍ കയറ്റി മോര്‍ച്ചറിയിലും ശ്മശാനത്തിലും എത്തിക്കുകയും കൂടപ്പിറപ്പിനെപ്പോലെ നിന്ന് അന്ത്യകര്‍മങ്ങള്‍ നടത്തി സംസ്‌കരിക്കുകയും ചെയ്യുന്ന വിനുവിന്റെ കഥ മറുനാടന്‍ മലയാളിയിലൂടെയായിരുന്നു മലയാളികള്‍ ആദ്യം അറിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button