KeralaLatest NewsNews

കെ ടി ജലീലിന്റെ ആത്മകഥ പച്ചകലര്‍ന്ന ചുവപ്പ് നിര്‍ത്തിവച്ചതെന്തുകൊണ്ട്?

അദ്ദേഹം എഴുതിയ ഉള്ളടക്കവും ഈ തീരുമാനവുമായി യാതൊരു ബന്ധവുമില്ല

കെ ടി ജലീലിന്റെ ആത്മകഥയായ പച്ചകലര്‍ന്ന ചുവപ്പിന്റെ പ്രസിദ്ധീകരണം സമകാലിക മലയാളം വരിക നിർത്തിവച്ചതിനു പിന്നാലെ മീഡിയാ വൺ വ്യക്തി-രാഷ്ട്രീയ താൽപര്യങ്ങൾ കാരണമാണ് ഇത് നിർത്തിയതെന്നു വിമർശിച്ചു. ഇതിനു വിശദീകരണവുമായി സമകാലിക മലയാളം വാരികയുടെ എഡിറ്റർ സജി ജെയിംസ്. മീഡിയാ വണ്ണിൻ്റെ വാർത്ത പച്ച നുണയാണെന്ന വിശദീകരണവുമായി കെ ടി ജലീലും രംഗത്തെത്തിയിരുന്നു.

മലയാളം വാരിക എഡിറ്റർ സജി ജെയിംസ് തൻ്റെ ഫേസ് ബുക്കിൽ എഴുതിയ കുറിപ്പ്  

പച്ചകലര്‍ന്ന ചുവപ്പ് നിര്‍ത്തിവച്ചതെന്തുകൊണ്ട്?

കഴിഞ്ഞ മെയ് ആദ്യ ആഴ്ച കെ ടി ജലീലിന്റെ ആത്മകഥ, പച്ചകലര്‍ന്ന ചുവപ്പ് പ്രസിദ്ധീകരിച്ചു തുടങ്ങുമ്പോള്‍ മുതല്‍ ഇതുവരെ വായനക്കാരില്‍ നിന്നു ഞങ്ങള്‍ക്കു കിട്ടിക്കൊണ്ടിരുന്നത് സ്വാഭാവികമായും സമ്മിശ്ര പ്രതികരണങ്ങളാണ്. ആത്മകഥയെന്നല്ല എന്തു പ്രസിദ്ധീകരിച്ചാലും അനുകൂലമായും എതിര്‍ത്തും കത്തുകളും വിളികളും മറ്റുമുണ്ടാവുന്നത് പതിവാണുതാനും. എംഎല്‍എയും മുന്‍ മന്ത്രിയും പ്രമുഖ ഇടതുസഹയാത്രികരിലൊരാളുമായ കെ ടി ജലീലിന്റെ പല തുറന്നു പറച്ചിലുകളും പലരെയും അലോസരപ്പെടുത്തുന്നത് വിവിധ പ്രതികരണങ്ങളിലൂടെ അപ്പപ്പോള്‍ വാരിക അറിയുന്നുണ്ടായിരുന്നു. നേരെ മറിച്ച്, കൂടുതല്‍ കാര്യങ്ങള്‍ തുറന്നു പറയണമെന്നും പഴയകാലം പറയുന്നത് പിന്നത്തേയ്ക്കു മാറ്റിവച്ച് സമകാലിക രാഷ്ട്രീയ അനുഭവങ്ങളിലേക്കു പോകണമെന്നും പറഞ്ഞവരുമുണ്ട് നിരവധി.

read also:എംപിമാരുടെ ചികിത്സയ്ക്ക് മുൻഗണന ഇല്ല: ഉത്തരവ് പിൻവലിച്ച് എയിംസ്

കെ ടി ജലീലിനെ രാഷ്ട്രീയമായി ഇല്ലാതാക്കാനും കേസുകളില്‍ കുടുക്കാനും നടന്ന ശ്രമങ്ങള്‍, മന്ത്രിപദവിയില്‍ നിന്നുള്ള രാജിയിലേക്ക് എത്തിച്ച സംഭവങ്ങള്‍ തുടങ്ങിയതിലൊക്കെ അദ്ദേഹം എന്തു പറയുന്നു; ‘അന്തര്‍നാടകങ്ങള്‍’ എന്തൊക്കെയാണ്, പുറത്തുവരാതെ രാഷ്ട്രീയ അകങ്ങളില്‍ നീറിപ്പുകഞ്ഞത് എന്തൊക്കെയാണ് എന്നൊക്കെ അറിയാനുള്ള കേരളത്തിന്റെ ആകാംക്ഷ പത്രാധിപസമിതിയെ ചുട്ടുപൊള്ളിച്ചിട്ടുണ്ട്. പക്ഷേ, അദ്ദേഹം അതിന്റെ സ്വാഭാവിക ഒഴുക്കില്‍ത്തന്നെ എഴുതട്ടെ എന്നും, സമയമെടുത്തും സ്വന്തം തീരുമാനങ്ങളുടെ മാത്രം അടിസ്ഥാനത്തിലും മുന്‍ഗണന നിശ്ചയിക്കട്ടെ എന്നുമായിരുന്നു ഞങ്ങളുടെ നിലപാട്.
എഴുതുന്ന ആളുടെ സ്വാതന്ത്ര്യത്തിലേക്ക് സെന്‍സേഷനലിസത്തിന്റെ സമ്മര്‍ദവും ഇടപെടലും നടത്തുന്നതല്ല സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം എന്നതു തന്നെയാണ് കാരണം.

പച്ച കലര്‍ന്ന ചുവപ്പ് ഇനിയും മുന്നോട്ട് എഴുതാനും രാഷ്ട്രീയ പ്രാധാന്യമുള്ള പലതും അതില്‍ വരാനുമുണ്ട് എന്നുതന്നെയാണ് കെ ടി ജലീലില്‍ നിന്നു ഞങ്ങള്‍ മനസ്സിലാക്കിയത്. എന്നാല്‍ അദ്ദേഹത്തിന്റെ വിദേശയാത്രയുടെ സന്ദര്‍ഭത്തില്‍ എഴുത്ത് മുടങ്ങുന്ന സ്ഥിതിയുണ്ടായി. 2022 ഒക്ടോബര്‍ 17നു പുറത്തിറങ്ങിയ ലക്കത്തിനു ശേഷം ഏതാനും ആഴ്ചത്തേക്കു പ്രസിദ്ധീകരണം നിര്‍ത്തിവയ്ക്കണം എന്നും തിരിച്ചുവന്ന ശേഷം എഴുതിത്തരാം എന്നും പറഞ്ഞു. അതായത് 2022 ഒക്ടോബര്‍ 24ന്റെ ലക്കം മുതല്‍ ചില ലക്കങ്ങള്‍ പച്ച കലര്‍ന്ന ചുവപ്പ് മുടങ്ങും. ഈ സമീപനം അംഗീകരിക്കാന്‍ വാരികയ്ക്കു ബുദ്ധിമുട്ടുണ്ടായി. മുന്‍കൂട്ടി നിശ്ചയിച്ച യാത്രയാണ്; അതനുസരിച്ച് പരമ്പര എഴുതിത്തരാനുള്ള ഉത്തരവാദിത്തവും അദ്ദേഹത്തിനുണ്ട്. ആ ഉത്തരവാദിത്തം അദ്ദേഹം പാലിക്കാതിരുന്നതുകൊണ്ട് ഈ ലക്കം മുതല്‍ പച്ച കലര്‍ന്ന ചുവപ്പിന്റെ പ്രസിദ്ധീകരണം സ്ഥിരമായി നിര്‍ത്തിവയ്ക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചത്. അത് വായനക്കാരെ അറിയിക്കുകയും ചെയ്തു.

അതിനപ്പുറത്ത്, അദ്ദേഹം എഴുതിയ ഉള്ളടക്കവും ഈ തീരുമാനവുമായി യാതൊരു ബന്ധവുമില്ല. പ്രസിദ്ധീകരിക്കാവുന്നത് എന്തെന്നും പ്രസിദ്ധീകരിക്കാന്‍ പാടില്ലാത്തത് എന്തെന്നും കൃത്യമായി ബോധ്യമുള്ള പത്രാധിപസമിതിയുള്ള പ്രസിദ്ധീകരണമാണ് സമകാലിക മലയാളം വാരിക.
കഴിഞ്ഞ കാല്‍ നൂറ്റാണ്ടുകാലത്തെപ്പോലെതന്നെ തുടര്‍ന്നും വായനക്കാരുടെ പിന്തുണയാണ് ഞങ്ങളുടെ കരുത്ത്.
നന്ദി
സജി ജെയിംസ്
എഡിറ്റര്

കെ ടി ജലീലിന്റെ കുറിപ്പ് 

മീഡിയാ വണ്ണിൻ്റെ പച്ച നുണ
കഴിഞ്ഞ രണ്ടാഴ്ചയായി ഞാൻ സ്ഥലത്തില്ലാത്തത് ഏവർക്കും അറിയാമല്ലോ? കൽക്കത്ത, ഡാക്ക, നേപ്പാൾ എന്നിവിടങ്ങൾ സന്ദർശിച്ച് യാത്രാ വിവരണം തയ്യാറാക്കുന്ന തിരക്കിലായിരുന്നു.

മലയാളം വാരിയിൽ കഴിഞ്ഞ 21 ലക്കത്തിലായി തുടർച്ചയായി ഞാൻ എഴുതിയ “പച്ച കലർന്ന ചുവപ്പ്” (അരനൂറ്റാണ്ടിൻ്റെ കഥ) പ്രസിദ്ധീകരിച്ചു വരികയാണ്. 15 ലക്കത്തിലേക്കുള്ളത് ആദ്യമേ എഴുതിക്കൊടുത്തു. ബാക്കി ഓരോ ലക്കത്തിലേക്കുമുള്ളത് അപ്പപ്പോൾ എഴുതി അയക്കുകയായിരുന്നു. യാത്രാ വിവരണം എഴുതുന്നത് മാറ്റി വെക്കാൻ കഴിയാത്തത് കൊണ്ട് അടുത്ത ലക്കങ്ങളിലേക്ക് എഴുതി നൽകാനുള്ള പ്രയാസം ബന്ധപ്പെട്ടവരെ അറിയിച്ചു. ഇതാണ് യാഥാർത്ഥ്യം.

ഇതുവരെ എഴുതാത്ത ഭാഗങ്ങങ്ങളിൽ വ്യക്തി-രാഷ്ട്രീയ താൽപര്യങ്ങൾ എങ്ങിനെയാണ് കടന്നു കൂടുക? സാമാന്യ ബുദ്ധിക്ക് ചേരുന്നതെങ്കിലുമാകണ്ടേ മീഡിയാ വണ്ണിൻ്റെ കണ്ടെത്തൽ. ഞാനെഴുതി നൽകിയത് പൂർണ്ണമായിത്തന്നെ “മലയാളം” അച്ചടിച്ച് ജനങ്ങളുടെ മുന്നിൽ എത്തിച്ചു. തുടർ ലക്കങ്ങളിലേക്ക് യഥാസമയം എഴുതിത്തീർത്ത് അയക്കാൻ കഴിയാത്തതിൽ മനോവിഷമമുണ്ട്. അക്കാര്യത്തിൽ വാരികക്കുണ്ടായ പ്രയാസത്തിൽ ഞാൻ ഖേദിക്കുന്നു.

പ്രസിദ്ധീകൃതമായ ലക്കങ്ങളിൽ ജമാഅത്തെ ഇസ്ലാമിയെ വിമർശന വിധേയമാക്കിയ ഭാഗങ്ങൾ വായനക്കാർ ശ്രദ്ധിച്ചിട്ടുണ്ടാകും. “പ്രബോധനം” വാരിക എന്നെ വിമർശിച്ച് ലേഖനവും പ്രസിദ്ധീകരിച്ചിരുന്നു. ജമാഅത്തെ ഇസ്ലാമിയോടും അവരുടെ രാഷ്ട്രീയത്തോടും വിയോജിച്ചതിലുള്ള കലിപ്പാവണം “മലയാളം വാരിക” എൻ്റെ ആത്മകഥയുടെ പ്രസിദ്ധീകരണം അഭിപ്രായ വ്യത്യാസത്തെ തുടർന്ന് നിർത്തി എന്ന രൂപത്തിൽ “മീഡിയാ വൺ” തെറ്റായ വാർത്ത നൽകിയതിൻ്റെ അടിസ്ഥാനം.

ആറ് മാസത്തിനുള്ളിൽ എഴുത്ത് പൂർത്തിയാക്കി പുസ്തകമായി ”പച്ച കലർന്ന ചുവപ്പ്” പുറത്തിറക്കാനാണ് ഉദ്ദേശം. ജമാഅത്തെ ഇസ്ലാമിയുടെയും അവരുടെ പ്രസിദ്ധീകരണങ്ങളുടെയും (മാധ്യമം, മീഡിയ വൺ) തനിനിറം ഒരിക്കൽകൂടി ബോദ്ധ്യമാവാൻ ഈ കള്ളവാർത്ത സഹായകമായി.
\
ഈയുള്ളവൻ രചിച്ച “മലബാർ കലാപം ഒരു പുനർവായന” എട്ട് പതിപ്പ് പിന്നിട്ടു. ഡിസി പ്രസിദ്ധീകരിച്ച “മുഖപുസ്തക ചിന്തകൾ”രണ്ടാം എഡിഷൻ പുറത്തിറങ്ങി. ചിന്ത പുറത്തിറക്കിയ ”മതം മതഭ്രാന്ത് മതേതരത്വം” മൂന്നാം എഡിഷനിലേക്ക് കടന്നു . “ഒരു കൊടുങ്കാറ്റായ ന്യൂനപക്ഷ രാഷ്ട്രീയം” രണ്ടാം ലക്കം അച്ചടിച്ച് മാർക്കറ്റിലെത്തി. അടുത്ത പുസ്തകം “യാത്രകൾ കാഴ്ചകൾ” പണിപ്പുരയിലാണ്. അത് കഴിഞ്ഞാകും ”പച്ച കലർന്ന ചുവപ്പ്” പുസ്തകമായി വെളിച്ചം കാണുക.

അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന് കേട്ടിട്ടേയുള്ളൂ. മീഡിയാ വണ്ണിലൂടെ അത് കണ്ടു. ജമാഅത്തെ ഇസ്ലാമിയും കുഞ്ഞാടുകളും എന്തൊക്കെ ഇല്ലാകഥകൾ മെനഞ്ഞാലും അതിന് അൽപ്പായുസ്സേ ഉണ്ടാകൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button