Latest NewsNewsIndiaInternational

‘ഇന്ത്യയുടെ വലിയ ആരാധകനാണ് ഞാൻ, ഒരുമിച്ച് പ്രവർത്തിച്ചാൽ പലതും സംഭവിക്കും’: ചൈനീസ് ഉന്നത ഉദ്യോഗസ്ഥന്റെ തുറന്നു പറച്ചിൽ

ധാക്ക: ഇന്ത്യയും ചൈനയും ഒരുമിച്ച് പ്രവർത്തിച്ചാൽ സാമ്പത്തികവും ഭൗമരാഷ്ട്രീയവുമായ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന് താൻ കരുതുന്നുവെന്ന് ബംഗ്ലാദേശിലെ ചൈനയുടെ ഉന്നത നയതന്ത്രജ്ഞൻ ലി ജിമിംഗ്. താൻ വ്യക്തിപരമായി ഇന്ത്യയുടെ വലിയ ആരാധകനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുമായി ചൈനയ്ക്ക് തന്ത്രപരമായ മത്സരമില്ലെന്നും ‘കനത്ത ആയുധങ്ങളുള്ള’ ബംഗാൾ ഉൾക്കടൽ കാണാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം ധാക്കയിൽ പറഞ്ഞു.

ഇന്ത്യ-ചൈന ബന്ധത്തെക്കുറിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ സൺ വെയ്‌ഡോങ്ങിനോട് ശക്തമായ അഭിപ്രായം പറഞ്ഞതിനെ തുടർന്നാണ് ലി ജിമിംഗിന്റെ പ്രതികരണം. ഇന്ത്യയ്ക്കും ചൈനയ്ക്കും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അവർ പൊതുവായ ആശയങ്ങൾ തേടണമെന്നും, അഭിപ്രായവ്യത്യാസങ്ങളാൽ തങ്ങളുടെ ബന്ധത്തെ നിർവചിക്കാൻ അനുവദിക്കരുതെന്നും സൺ വീഡോംഗ് തന്റെ വിടവാങ്ങൽ പരാമർശത്തിൽ പറഞ്ഞിരുന്നു. ചൈനയ്ക്കും ഇന്ത്യയ്ക്കും ഒരുമിച്ച് വികസിക്കുന്നതിന് ലോകത്ത് മതിയായ ഇടമുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഇരുപക്ഷവും അഭിപ്രായവ്യത്യാസങ്ങൾ കൈകാര്യം ചെയ്യാനും പരിഹരിക്കാനും ശ്രമിക്കണം, ചൈന-ഇന്ത്യ പ്രശ്നം രൂക്ഷമാകുന്നതിന് പകരം സംഭാഷണത്തിലൂടെയും കൂടിയാലോചനയിലൂടെയും ശരിയായ പരിഹാരം തേടണം. ഇരു രാജ്യങ്ങളും പരസ്പരം രാഷ്ട്രീയ സംവിധാനങ്ങളെയും വികസന പാതകളെയും ബഹുമാനിക്കുകയും പരസ്പരം ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കുക എന്ന തത്വം ഉയർത്തിപ്പിടിക്കുകയും ചെയ്യണം’, സൺ വെയ്‌ഡോങ് പറഞ്ഞിരുന്നു.

ഇതിന് മറുപടിയായി ഇന്ത്യ-ചൈന ബന്ധം സാധാരണ നിലയിലാക്കുന്നത് ഇരു രാജ്യങ്ങളുടെയും മേഖലയുടെയും താൽപ്പര്യമാണെന്നായിരുന്നു ജയശങ്കറിന്റെ പ്രതികരണം. ജയശങ്കറിന്റെ ഈ മറുപടിയാണ് ബംഗ്ലാദേശിലെ ചൈനീസ് പ്രതിനിധിയായ ലീ ജിമിംഗ് തന്റെ അഭിപ്രായം തുറന്നു പറയാൻ കാരണമായത്. ചൈന ഇന്ത്യയെ ഒരു മത്സര എതിരാളിയായി കാണുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം, വ്യക്തിപരമായി താൻ ഇന്ത്യയുടെ വലിയ ആരാധകനാണെന്നും തുറന്നു പറഞ്ഞു. സാമ്പത്തികവും ഭൗമരാഷ്ട്രീയവുമായ പ്രശ്നങ്ങൾ പരിഹരിക്കാൻ നമുക്ക് കൂടുതൽ അടുത്ത് പ്രവർത്തിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button