Latest NewsIndia

ഗുജറാത്തില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനൊരുങ്ങി സര്‍ക്കാര്‍

ഗാന്ധിനഗര്‍: ഗുജറാത്തില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനൊരുങ്ങി സര്‍ക്കാര്‍. യൂണിഫോം സിവില്‍ കോഡ് നടപ്പിലാക്കുന്നതിനേക്കുറിച്ചുള്ള പ്രാഥമിക പഠനത്തിനുള്ള നീക്കം ആരംഭിച്ചെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതിയാകും ഇതിനേക്കുറിച്ച് പഠനം നടത്തുക.

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന് മുന്‍പ് ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ പൗരന്മാരുടെ വ്യക്തിനിയമങ്ങള്‍ മത, ലിംഗ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഒരേ പോലെ ബാധകമാക്കാനുള്ള നീക്കമാണിത്. അധികാരത്തിലെത്തിയാല്‍ യുസിസി നടപ്പാക്കുമെന്ന് 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ബിജെപി പ്രഖ്യാപിച്ചിരുന്നു.

രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതിനായി ഏതെങ്കിലും നിയമം നിര്‍മ്മിക്കാന്‍ പാര്‍ലമെന്റിനോട് നിര്‍ദ്ദേശിക്കാനാകില്ലെന്ന് ഈ മാസമാദ്യം കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, ഏകീകൃത സിവില്‍ കോഡ് ഭരണഘടനാ വിരുദ്ധമാണെന്നും ന്യൂനപക്ഷ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി അഖിലേന്ത്യ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button