Latest NewsNewsIndiaInternational

മുംബൈ ഭീകരാക്രമണം: സൂത്രധാരൻ ഹാഫിസ് സയീദ് ഇപ്പോഴും സംരക്ഷിക്കപ്പെടുന്നുവെന്ന് ജയശങ്കർ, വിചിത്ര മറുപടിയുമായി പാകിസ്ഥാൻ

ന്യൂഡൽഹി: 2008 നവംബർ 26ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ആയ ലഷ്‌കർ ഇ ടി തലവൻ ഹാഫിസ് സയീദ് ഇന്നും ശിക്ഷിക്കപ്പെടാതെ സംരക്ഷിക്കപ്പെടുകയാണെന്ന വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ പ്രസ്താവനയോട് പ്രതികരിച്ച് പാകിസ്ഥാൻ. ജയശങ്കറിന്റെ ആരോപണത്തെ ഇസ്‌ലാമാബാദ് പൂർണമായും നിഷേധിക്കുകയാണ്. കേസ് കാര്യക്ഷമമായ തീർപ്പാക്കലിന് വിധേയമാക്കണമെങ്കിൽ, നിഷേധ്യവും നിയമപരമായി സാധുതയുള്ളതുമായ തെളിവുകൾ ആവശ്യമാണെന്ന് പാകിസ്ഥാൻ പറഞ്ഞു.

2008 നവംബർ 26ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ഗൂഢാലോചനക്കാരായ ലഷ്‌കർ ഇ ടി തലവൻ ഹാഫിസ് സയീദ് സംരക്ഷിതനായി തുടരുകയാണെന്ന് യുഎൻ രക്ഷാസമിതിയുടെ തീവ്രവാദ വിരുദ്ധ സമിതിയുടെ പ്രത്യേക യോഗത്തിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. തീവ്രവാദിയായ ഹാഫിസ് സയീദ് ഇപ്പോഴും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലഷ്‌കർ ഇ ടി തലവൻ ഹാഫിസ് സയീദിനെപ്പോലുള്ള ഭീകരർ മുംബൈ ആക്രമണത്തിലെ പങ്കിന് ശിക്ഷിക്കപ്പെടാതെ തുടരുന്നതിനെയാണ് അദ്ദേഹം പരാമർശിച്ചത്.

‘ഭീകരരിലൊരാൾ (അജ്മൽ കസബ്) ഇന്ത്യയിലെ പരമോന്നത നീതിപീഠം വിചാരണ ചെയ്യുകയും ശിക്ഷിക്കുകയും ചെയ്തപ്പോൾ, 26/11 ഭീകരാക്രമണത്തിന്റെ പ്രധാന ഗൂഢാലോചനക്കാരും ആസൂത്രകരും സംരക്ഷിക്കപ്പെടുകയും ശിക്ഷിക്കപ്പെടാതെ തുടരുകയും ചെയ്യുന്നു’, ജയശങ്കർ പറഞ്ഞു. ഞെട്ടിക്കുന്ന ഭീകരാക്രമണം മുംബൈയിൽ മാത്രമല്ല, രാജ്യാന്തര സമൂഹത്തിനു നേരെയുണ്ടായ ആക്രമണമാണെന്നും ജയശങ്കർ പറഞ്ഞു. ‘വാസ്തവത്തിൽ, ഈ നഗരം മുഴുവൻ അതിർത്തിക്കപ്പുറത്ത് നിന്ന് കടന്ന തീവ്രവാദികളുടെ ബന്ദികളായിരുന്നു’, അദ്ദേഹം പാകിസ്ഥാന്റെ പേര് പറയാതെ പറഞ്ഞു.

എന്നാൽ, ഇതിൽ വിചിത്രമായ ന്യായമാണ് പാകിസ്ഥാൻ ഉയർത്തുന്നത്. തീവ്രവാദികളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ, യു.എൻ രക്ഷാസമിതിക്ക് ചില കേസുകളിൽ രാഷ്ട്രീയ പരിഗണനകൾ മൂലം പക്ഷം ചേരൽ ഉണ്ടെന്ന കാര്യം ഖേദകരമാണെന്ന് പാക്കിസ്ഥാൻ ആരോപിച്ചു. ജയശങ്കറിന്റെ പാകിസ്ഥാനെ മറച്ചുള്ള ആക്രമണത്തോട് പ്രതികരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു പാക് വിദേശകാര്യ ഓഫീസ്.

‘ആഗോള ഭീകരതയെ നേരിടുന്നതിൽ പാകിസ്ഥാന്റെ പങ്കിനെക്കുറിച്ച് അന്താരാഷ്ട്ര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ ഇന്ത്യ യു.എൻ രക്ഷാസമിതിയുടെ (യുഎൻഎസ്‌സി) ഒരു സുപ്രധാന സമിതിയെ ദുരുപയോഗം ചെയ്യാൻ തീരുമാനിച്ചതിൽ ഖേദമുണ്ട്. മുംബൈ ആക്രമണക്കേസ് കോടതിയിലാണെന്നും ആരുടെയും ഇച്ഛകളെയോ ആഗ്രഹങ്ങളെയോ ആശ്രയിക്കുന്നതിനു പകരം, കാര്യക്ഷമമായ തീർപ്പാക്കലിന് അനിഷേധ്യവും നിയമപരമായി സാധുതയുള്ളതുമായ തെളിവുകൾ ആവശ്യമാണെന്നും ഇന്ത്യ ഓർക്കണം’, പാകിസ്ഥാൻ ന്യായീകരിച്ചു.

പാകിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) ഭീകരർ നടത്തിയ മുംബൈ ഭീകരാക്രമണത്തിൽ 140 ഇന്ത്യൻ പൗരന്മാരും 23 രാജ്യങ്ങളിൽ നിന്നുള്ള 26 പൗരന്മാരും കൊല്ലപ്പെട്ടിരുന്നു. ഭീകരത, ശത്രുത, അക്രമം എന്നിവയില്ലാത്ത അന്തരീക്ഷത്തിൽ ഇസ്ലാമാബാദുമായി സാധാരണ അയൽപക്ക ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് ഇന്ത്യ ആവർത്തിച്ച് പാകിസ്ഥാനോട് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button