KeralaLatest NewsNews

തൊഴില്‍ സഭ സംരംഭകര്‍ക്കുള്ള ജനകീയ പദ്ധതി: മന്ത്രി എ.കെ ശശീന്ദ്രന്‍

വയനാട്: സംരംഭകരെ സൃഷ്ടിക്കുന്ന ജനകീയ പദ്ധതിയാണ് തൊഴില്‍ സഭകളെന്നും സഭകളില്‍ നടക്കുന്ന ചര്‍ച്ചകളിലൂടെ മികച്ച സംരംഭകരാകാന്‍ പുതുതലമുറ ശ്രമിക്കണമെന്നും വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. യുവതയെ തൊഴിലിലേക്കും സംരംഭങ്ങളിലേക്കും നയിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ തൊഴില്‍സഭകളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മീനങ്ങാടി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ജില്ലയിലെ എല്ലാ വാര്‍ഡുകളിലും തൊഴില്‍ സഭകള്‍ വിളിച്ചു ചേര്‍ക്കുന്നത്. റിസോഴ്സ് പേഴ്സണ്‍മാരാണ് പദ്ധതി ഏകോപിപ്പിക്കുന്നത്. ഗ്രാമസഭകളുടെ മാതൃകയില്‍ അതത് തദ്ദേശ സ്ഥാപനത്തിലെ തൊഴിലന്വേഷകരുടെ സഭ രൂപീകരിച്ചാണ് തൊഴില്‍ സഭയുടെ പ്രവര്‍ത്തനം നടക്കുന്നത്. വിവിധ വകുപ്പുകളിലെ അവസരം അതത് പ്രദേശങ്ങളിലുള്ളവര്‍ക്ക് തൊഴില്‍ സഭയിലൂടെ ഉറപ്പാക്കും. പ്രാദേശിക സംരംഭകത്വം വര്‍ധിപ്പിച്ച്, തൊഴില്‍ സാധ്യകള്‍ കൂട്ടി, വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള ബദല്‍ ഇടപെടലാണ് തൊഴില്‍സഭയിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തിനും രാജ്യത്തിന് അകത്തും പുറത്തുമുള്ള തൊഴിലിലേക്ക് തൊഴിലന്വേഷകരെ എത്തിക്കുന്നതും തൊഴില്‍ സഭയുടെ ലക്ഷ്യമാണ്. ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ തുടങ്ങാനുള്ള പദ്ധതിയും, കെ ഡിസ്‌ക് വഴി 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതിയുമെല്ലാം തൊഴില്‍ സഭകളുടെ സഹകരണത്തോടെയാകും നടപ്പിലാക്കുക. വ്യത്യസ്ത വകുപ്പുകളുടെയും ഏജന്‍സികളുടെയും പ്രവര്‍ത്തനങ്ങളെ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ ഏകോപിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ സംവിധാനങ്ങളുടെയും സ്വകാര്യ മേഖലകളുടെയും സഹായം തൊഴില്‍ അന്വേഷകരിലേക്ക് നേരിട്ടെത്തിക്കുക എന്നതും തൊഴില്‍ സഭയുടെ പ്രധാന ലക്ഷ്യമാണ്. ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ലിസിയാമ്മ സാമുവല്‍ തൊഴില്‍ സഭകളുടെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു.

സ്വയംസംരംഭങ്ങള്‍ തുടങ്ങി വിജയം കൈവരിച്ച നെന്‍മേനി സ്വദേശി സിനു ആന്റണി, നടവയല്‍ സ്വദേശിനി ജെയ്നി എന്നിവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. പരിപാടിയുടെ ഭാഗമായി ബോധവത്ക്കരണ വീഡിയോ പ്രദര്‍ശനം, ഗ്രൂപ്പ് ചര്‍ച്ച എന്നിവയും നടന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button