KeralaLatest NewsNews

കള്ളക്കേസിൽ കുടുക്കിയ സരുൺ ക്രിമിനൽ, കുറ്റവാളി, ഒരാളെ കൊന്ന് കളഞ്ഞ ഗ്രീഷ്മ മിടുക്കി: ഒരൊറ്റ കാരണം ! – വൈറൽ കുറിപ്പ്

തിരുവനന്തപുരം: ഷാരോൺ കൊലപാതക കേസിലെ മുഖ്യപ്രതിയായ ഗ്രീഷ്മയെ കുറിച്ച് കേസ് അന്വേഷിക്കുന്ന റൂറൽ എസ്.പി ഡി. ശിൽപ നടത്തിയ പ്രതികരണം ശ്രദ്ധേയമാകുന്നു. ഗ്രീഷ്മ മിടുക്കിയാണെന്നും റാങ്ക് ഹോൾഡറാണെന്നുമുള്ള ശിൽപയുടെ പ്രതികരണം സോഷ്യൽ മീഡിയകളിൽ പുതിയ ചർച്ചകൾക്ക് വഴി തെളിച്ചിരിക്കുന്നു. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമപ്രവർത്തകരുമായി പങ്കുവെയ്ക്കവേയായിരുന്നു ‘ഷീ ഈസ് ഫൈൻ, മിടുക്കിയാണ്, റാങ്ക് ഹോൾഡറാണ്’ എന്ന പരാമർശം ശില്പ നടത്തിയത്. മാധ്യമ പ്രവർത്തകൻ അരുൺകുമാർ ഇതുസംബന്ധിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വൈറലായിട്ടുണ്ട്.

കൊലയാളിയായ ഗ്രീഷ്മയെയും കാട്ടിറച്ചി കൈവശം വെച്ചെന്ന് ആരോപിച്ച് കള്ളക്കേസിൽ കുടുക്കിയ ഇടുക്കി കണ്ണംപടി സ്വദേശിയായ സരുൺ സജി എന്ന ആദിവാസി യുവാവിനെയും ആണ് അരുൺ കുമാർ തന്റെ പോസ്റ്റിൽ പരാമർശിക്കുന്നത്. ഇവരോട് രണ്ട് പേരോടുമുള്ള പൊലീസിന്റെ മനോഭാവത്തെയാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. പൊലീസിന് ഗ്രീഷ്മ മിടുക്കിയും, സരുൺ ക്രിമിനലുമാകുന്നത് അവന്റെ സ്വന്തമാണ്.

അതേസമയം, ഇടുക്കി കണ്ണംപടി സ്വദേശിയായ സരുൺ സജിയെ കാട്ടിറച്ചി കൈവശം വെച്ചെന്ന് ആരോപിച്ച് ഫോറസ്റ്റ് അറസ്റ്റ് ചെയ്ത് ദിവസങ്ങളോളം ജയിലിലടച്ചു. കുടുംബം നൽകിയ പരാതിയെ തുടർന്ന് നടന്ന അന്വേഷണത്തിൽ കള്ളക്കേസാണെന്ന് ബോധ്യമാവുകയായിരുന്നു. മറ്റൊരു സ്ഥലത്ത് നിന്ന് ലഭിച്ച മാംസം ഉദ്യോഗസ്ഥർ സരുണിന്റെ ഓട്ടയിൽ കൊണ്ടുവെക്കുകയും ശേഷം അറസ്റ്റ് ചെയ്യുകയുമാണ് ഉണ്ടായത്. മറ്റൊരു പുരയിടത്തിൽ നിന്നാണ് ഇറച്ചി കിട്ടിയതെന്ന് താൽക്കാലിക വാച്ചറുടെ മൊഴിയാണ് സരുണിന് സഹായകരമായത്. സംഭവത്തിൽ ആറ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സരുണിന്റെ മാതാപിതാക്കൾ നാല് ദിവസം കിഴുക്കാനം ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ നിരാഹര സമരം നടത്തിയതിന് ശേഷമാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്.

അരുൺ കുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

വിഷം ചാലിച്ച് കൂട്ടുകാരനെ കൊന്ന കൊലയാളിയായ ഗ്രീഷ്മയെക്കുറിച്ച് പോലീസ് : “ഷീ ഈസ് ഫൈൻ, മിടുക്കിയാണ് , റാങ്ക് ഹോൾഡറാണ്:

അതേ സമയം, കാട്ടിറച്ചി കൈവശം വെച്ചെന്ന് ആരോപിച്ച് കള്ളക്കേസിൽ കുടുക്കിയ ഇടുക്കി കണ്ണംപടി സ്വദേശിയായ സരുൺ സജി എന്ന ആദിവാസി യുവാവിനെക്കുറിച്ച്: ” ഹീ ഈസ് എ ക്രിമിനൽ, കുറ്റവാളിയാണ്, ജയിലിലടയ്ക്കേണ്ടവനാണ് ”

ഈ സരുൺ പി.എസ്.സി റാങ്ക് ഹോൾഡറാണ്. മൂന്ന് പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഇടം നേടിയ ഭാവി സർക്കാർ ഉദ്യോഗസ്ഥനാണ്. പഠനം കഴിഞ്ഞുള്ള ഒഴിവ് സമയം ഓട്ടോയോടിച്ച് ചിലവ് കണ്ടെത്തുന്നവനാണ്. അവൻ മിടുക്കനല്ലന്നും ഗ്രീഷ്മമിടുക്കിയാണന്നും തോന്നാൻ ഒറ്റ കാരണമേ ഉള്ളു. അത് അവൻ്റെ സ്വത്വമാണ്. കരയോഗമില്ലാത്ത സ്വത്വം.

shortlink

Related Articles

Post Your Comments

Related Articles


Back to top button