KeralaLatest NewsNews

കെ ഫോൺ ഗുണഭോക്താക്കളെ ഉടൻ തെരഞ്ഞെടുക്കും: മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം: കെ ഫോൺ പദ്ധതിയിലൂടെ സൗജന്യ ഇന്റർനെറ്റ് കണക്ഷനായി 14,000 ബിപിഎൽ കുടുംബങ്ങളെ തെരഞ്ഞെടുക്കാനുള്ള മാർഗനിർദ്ദേശം തയ്യാറായതായി. തദ്ദേശ സ്വയം ഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷാണ് ഇക്കാര്യം അറിയിച്ചത്. ഓരോ നിയമസഭാ മണ്ഡലത്തിലും നൂറുവീതം കുടുംബങ്ങൾക്കാണ് ആദ്യം കണക്ഷൻ നൽകുക. സ്ഥലം എംഎൽഎ നിർദേശിക്കുന്ന ഒരു തദ്ദേശ സ്വയം ഭരണ സ്ഥാപന പരിധിയിലെ ഒന്നോ തൊട്ടടുത്തുള്ള ഒന്നിലധികം വാർഡുകളിൽ നിന്നോ മുൻഗണനാടിസ്ഥാനത്തിലാകും കുടുംബങ്ങളുടെ തെരഞ്ഞെടുപ്പ്. കെ ഫോൺ കണക്ടിവിറ്റി ഉള്ളതും, പട്ടികജാതി-പട്ടികവർഗ ജനസംഖ്യ കൂടുതലുള്ളതുമായ വാർഡ് തെരഞ്ഞെടുക്കാനാണ് തീരുമാനം. ഇൻറർനെറ്റ് സൗകര്യം എല്ലാവർക്കും ലഭ്യമാക്കാനുള്ള സുപ്രധാന ഇടപെടലാണ് സർക്കാർ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Read Also: പോലീസിനെ ഒരുപാട് പേര്‍ക്ക് ഭയമാണ്, എനിക്ക് വേണ്ടി ഒരു ഫില്‍മി അമ്മാവന്‍ ആകേണ്ടെന്ന് ഉദ്യോഗസ്ഥനോട് ഞാൻ പറഞ്ഞു: പാർവതി

ഇന്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. വിജ്ഞാന സമൂഹ നിർമ്മിതി എന്ന നവകേരള ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പായിരിക്കുമിത്. ഇന്റർനെറ്റ് കുത്തകകൾക്കെതിരെയുള്ള കേരളത്തിന്റെ ജനകീയ ബദലാണ് കെ ഫോൺ. എത്രയും വേഗം ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ നേതൃപരമായി ഇടപെടണമെന്നും മന്ത്രി നിർദ്ദേശിച്ചു.

മണ്ഡലത്തിൽ തെരഞ്ഞെടുക്കപ്പെട്ട വാർഡുകളിലെ ബിപിഎൽ വിഭാഗത്തിൽപ്പെട്ടതും സ്‌കൂൾ വിദ്യാർത്ഥികൾ ഉള്ളതുമായ എല്ലാ പട്ടികവർഗ കുടുംബങ്ങൾക്കുമാണ് തെരഞ്ഞെടുപ്പിൽ ഏറ്റവും ആദ്യം പരിഗണന നൽകുന്നത്. ബിപിഎൽ വിഭാഗത്തിൽപ്പെട്ട, സ്‌കൂൾ വിദ്യാർത്ഥികളുള്ള പട്ടികജാതി കുടുംബങ്ങളെ ഇതിന് ശേഷം പരിഗണിക്കും. ബിപിഎൽ വിഭാഗത്തിൽപ്പെട്ട, കോളേജ് വിദ്യാർത്ഥികളുള്ള പട്ടികവർഗ-പട്ടികജാതി കുടുംബങ്ങൾക്കാണ് പിന്നീടുള്ള പരിഗണന. ബിപിഎൽ വിഭാഗത്തിൽപ്പെട്ട, സ്‌കൂൾ വിദ്യാർത്ഥികളുള്ള, കുടുംബത്തിലെ കുറഞ്ഞത് ഒരാൾക്കെങ്കിലും 40%മോ അതിലധികമോ അംഗവൈകല്യമുള്ളതുമായ എല്ലാ കുടുംബങ്ങൾക്കും ശേഷം പരിഗണന നൽകും.

ബിപിഎൽ വിഭാഗത്തിൽപ്പെട്ടതും സ്‌കൂൾ വിദ്യാർത്ഥികളുള്ളതുമായ മറ്റെല്ലാ കുടുംബങ്ങളെയും ഇതിന് പിന്നാലെ പരിഗണിക്കും. മുൻഗണനാക്രമത്തിൽ ഈ അഞ്ച് വിഭാഗത്തിലെ ഏത് വിഭാഗത്തിൽ വെച്ച് 100 ഗുണഭോക്താക്കൾ തികയുന്നുവോ, ആ വിഭാഗത്തിലെ മുഴുവൻ ആളുകളെയും ഉൾക്കൊള്ളിച്ച് കെ ഫോൺ ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കണം. ഒരു വാർഡിലെ ഗുണഭോക്തൃ പട്ടികയിൽ ഇങ്ങനെ നൂറിലധികം പേർ ആകാമെന്നും മന്ത്രി വ്യക്തമാക്കി. പരാതിരഹിതമായും വേഗത്തിലും തെരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ശ്രമിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

Read Also: അനീമിയ മുക്ത കേരളത്തിനായി സമഗ്ര പരിപാടി ആവിഷ്‌ക്കരിക്കും: ആരോഗ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button