KeralaLatest NewsNews

ആറ്റുകാൽ പൊങ്കാല അഴിമതി മുതൽ കത്ത് വിവാദം വരെ: ‘ബേബി മേയർ’ ആര്യ സിപിഎമ്മിന് തലവേദന ആകുമ്പോൾ

തിരുവനന്തപുരം: ഇടതുമുന്നണി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷനിൽ 295 താൽക്കാലിക തസ്തികകളിലേക്കു പാർട്ടിക്കാരെ തിരുകിക്കയറ്റാൻ ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനു മേയർ ആര്യ രാജേന്ദ്രന്റെ പേരിൽ അയച്ച കത്ത് സി.പി.എമ്മിന് തലവേദനയാകുന്നു. ആര്യയെ വിമർശിച്ച് പ്രതിപക്ഷം രംഗത്ത് വന്നു. ആര്യയ്‌ക്കെതിരെ സോഷ്യൽ മീഡിയയിലും വിമർശനം ശക്തമാകുന്നുണ്ട്.
ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന വിശേഷണവുമായിട്ടായിരുന്നു ആര്യയുടെ നിയമനം. എന്നാൽ, തുടക്കം മുതൽ വിവാദങ്ങളിൽ അകപ്പെട്ട ആര്യ സി.പി.എമ്മിന് തലവേദനായാകുന്നു.

2020 ഡിസംബറിലാണ് ആര്യ രാജേന്ദ്രൻ തിരുവനന്തപുരം കോർപറേഷൻ മേയർ ആയി ചുമതലയേറ്റത്. നിയമനം സി.പി.എം കൊട്ടിഘോഷിച്ചു. ദേശീയ മാധ്യമങ്ങൾ വരെ സംഭവം ചർച്ചയാക്കി. എന്നാൽ മേയർ ആയി തിരഞ്ഞെടുക്കപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ ഭദ്രകാളി ഉപാസകനായ സൂര്യനാരായണ്‍ ഗുരുജി എന്ന മന്ത്രവാദിയുടെ അനുഗ്രഹം തേടി ആര്യയെത്തി. നവോത്ഥാന ചിന്തകളുള്ള, അന്ധവിശ്വാസങ്ങൾക്ക് അടിമപ്പെടാത്ത ‘സഖാവ്’ അത്തരമൊരു പ്രവൃത്തി ചെയ്തത് സി.പി.എമ്മിനും ‘ബേബി മേയറെ’ പുകഴ്ത്തിയവർക്കും കിട്ടിയ ആദ്യ തിരിച്ചടി ആയിരുന്നു. വിഷയത്തിൽ മേയറെ പാർട്ടി ശാസിച്ചു എന്നാണ് സംസാരം.

മേയർ ആയി ചുമതലയേറ്റ് ദിവസങ്ങൾക്കുള്ളിൽ ബി.ജെ.പി പ്രതിനിധികൾക്കൊപ്പം എൻ.എസ്.എസ് സ്വീകരണച്ചടങ്ങിൽ ആര്യ പങ്കെടുത്തതായിരുന്നു അടുത്ത വിവാദം. വിഷയത്തിൽ രാഷ്ട്രീയം കാണേണ്ടെന്നായിരുന്നു പാർട്ടിയുടെ പ്രതികരണം. നാടിന്റെ വികസനത്തേക്കാൾ മേയർക്ക് വലുത് പാർട്ടി പരിപാടിയാണ് എന്നതായിരുന്നു അടുത്ത വിവാദം. കാരണം മറ്റൊന്നുമല്ല, കോർപ്പറേഷന്റെ നഗര വികസന പരിപാടിയിൽ പങ്കെടുക്കാതെ മേയർ കണ്ണൂരിലെ പാർട്ടി പരിപാടിയിൽ പങ്കെടുക്കാനായി വണ്ടി കയറിയിരുന്നു. ഇത് മേയറിലെ ‘കഴിവില്ലായ്മ’യെ ആയിരുന്നു കാണിച്ചത്. എന്നാൽ, നടന്നത് വികസന സെമിനാർ അല്ലെന്നും, വർക്കിംഗ് ഗ്രൂപ്പിന്റെ ജനറൽ ബോഡി യോഗം ആണെന്നായിരുന്നു മേയറിന്റെ ന്യായീകരണം.

മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഔദ്യോഗിക വാഹനത്തെ മേയർ പിന്തുടർന്നതും വിവാദമായിരുന്നു. രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തെ പിന്തുടരാന്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ ഔദ്യോഗിക വാഹനം ശ്രമിച്ചത് ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലേക്ക് പ്രോട്ടോക്കോൾ ലംഘിച്ച് ആര്യയുടെ ഔദ്യോഗിക കാർ കുതിച്ചുകയറുകയായിരുന്നു. മുൻ രാഷ്ട്രപതിയുടെ തിരുവനന്തപുരം സന്ദർശനത്തിനിടെയായിരുന്നു സംഭവം. ഔദ്യോഗിക പരുപാടി ഉദ്ഘാടനം ചെയ്യാനെത്തിയ രാഷ്ട്രപതിക്കായി ഒരുക്കിയ ശുചിമുറിയില്‍ വെള്ളം ലഭിക്കാഞ്ഞതും വേദിയിലെ ഇരിപ്പിടത്തിലുണ്ടായ അപാകതയും കേരളം ഏറെ ചർച്ചയാക്കിയിരുന്നു.

ഇ.എം.എസ് ഭാവന പദ്ധതിയിൽ വീടുകൾ നിർമ്മിച്ച് നൽകുന്നതിനായി 2011 ൽ സംസ്ഥാന സർക്കാർ നൽകിയ രൂപ കാണുന്നില്ലെന്ന ആരോപണവും മേയർക്കെതിരെ ഉയർന്നിരുന്നു. എട്ട് കോടിയോളം രൂപ മുക്കിയത് ഇപ്പോഴത്തെ മേയർ ആയ ആര്യ രാജേന്ദ്രൻ ആണോ അതോ മുൻ മേയർ ആണോ എന്നായിരുന്നു നെടുങ്കാട് കൗൺസിലറും ബി.ജെ.പി നേതാവുമായ കരമന അജിത്ത് ചോദിച്ചിരുന്നത്. പാളയത്തെ ജില്ലാ സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക ഉപയോഗിച്ച് ഇ.എം.എസ് ഭാവന പദ്ധതിയിക്കായി വീട് വെയ്ക്കാൻ സ്ഥലം വാങ്ങിയതിന്റെയോ ആർക്കെങ്കിലും വീട് വെച്ച് നൽകിയതിന്റെയോ രേഖകൾ എങ്ങുമില്ല.

ഇ.എം.എസ് ഭാവന പദ്ധതിയുടെ ഫണ്ട് വെട്ടിച്ചതിന് പിന്നാലെ, ജനങ്ങളിൽ നിന്നും പിരിച്ച നികുതികൾ കോർപ്പറേഷനിൽ അടയ്ക്കാതെ ഉദ്യോഗസ്ഥർ വെട്ടിച്ചതും വൻ വിവാദമായിരുന്നു. കൂട്ടത്തിൽ ഏറെ വിവാദമായ സംഭവമാണ് ആറ്റുകാൽ പൊങ്കാലയുടെ മറവിൽ നടന്ന അഴിമതി. ആഘോഷങ്ങളൊന്നുമില്ലാതെ നടന്ന ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം ഉണ്ടായ ശുചീകരണത്തിന്റെ മറവിൽ കോർപ്പറേഷനിൽ നടന്നത് ലക്ഷങ്ങളുടെ അഴിമതിയായിരുന്നു.

ന്യൂ തീയറ്ററിന് മുന്നിലെ വെള്ളക്കെട്ടിനെതിരെ പ്രതിഷേധിച്ചവരെ അവഹേളിച്ചും പരിഹസിച്ചും മേയർ ഇട്ട ഫേസ്‌ബുക്ക് പോസ്റ്റ് മറ്റൊരു വിവാദ അദ്ധ്യായം മാത്രം. തൈക്കാട് ശ്മാശാനം പണി പൂർത്തിയായതിനെ പറ്റി മേയർ എഴുതിയ കുറിപ്പും, അതിന്റെ ഭാഷയും വിമർശിക്കപ്പെട്ടു. ഓണസദ്യ മാലിന്യത്തിൽ തള്ളി പ്രതിഷേധിച്ച ശുചീകരണ തൊഴിലാളികൾക്കെതിരെ നടപടിയെടുത്ത മേയറുടെ തീരുമാനം സി.പി.എമ്മിന് തലവേദനയായി. പിരിച്ചുവിട്ടവരെ തിരിച്ചെടുത്ത് കൊണ്ടായിരുന്നു പാർട്ടി തലവേദന ഒഴിവാക്കിയത്. ആനാവൂർ നാഗപ്പന്റെ ബന്ധുവായ യുവാവ് കോർപ്പറേഷനിൽ ജോലി ചെയ്യുന്നുണ്ട്. മയക്കുമരുന്ന് കേസിൽ കുടുങ്ങിയ ഇയാളെയും ആര്യ സംരക്ഷിച്ചിരുന്നു. ഇതിനിടെയാണ് ജോലി വാഗ്ദാന കത്ത് വിവാദം തലപൊക്കുന്നത്.

ഇടതുമുന്നണി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷനിൽ 295 താൽക്കാലിക തസ്തികകളിലേക്കു പാർട്ടിക്കാരെ തിരുകിക്കയറ്റാൻ ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനു മേയർ ആര്യ രാജേന്ദ്രന്റെ പേരിൽ അയച്ച കത്ത് പുറത്തുവന്നിരുന്നു. ‘സഖാവേ’ എന്ന് അഭിസംബോധന ചെയ്തുള്ള കത്തിൽ ഒഴിവുകളുടെ വിശദവിവരം നൽകിയശേഷം ഇതിലേക്ക് ഉദ്യോഗാർഥികളുടെ മുൻഗണനാ പട്ടിക നൽകണമെന്ന് ‘അഭ്യർഥിക്കുന്നു’. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയർ ഒപ്പിട്ട കത്തിലുണ്ട്. പ്രധാന തസ്തികകൾ മുതൽ താൽക്കാലിക ഒഴിവുകളിൽ വരെ സിപിഎം ഇഷ്ടക്കാരെ കുത്തിനിറയ്ക്കുകയാണെന്ന ആക്ഷേപം സ്ഥിരീകരിക്കുന്നതാണ് കത്ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button