KeralaLatest News

‘കാമുകന്‍ വിഷം അയച്ചു, ഭാര്യ ഹോര്‍ലിക്‌സില്‍ ചേര്‍ത്ത് നല്‍കി’: കെഎസ്ആർടിസി ഡ്രൈവറുടെ പരാതിയില്‍ കേസ്‌

തിരുവനന്തപുരം: ഹോർലിക്‌സിൽ വിഷം ചേർത്ത് ഭർത്താവിന് നൽകിയെന്ന പരാതിയിൽ ഒടുവിൽ കേസെടുത്ത് പോലീസ്. കാമുകനൊപ്പം ചേർന്ന് ഭാര്യ വിഷം നൽകി കൊല്ലാൻ ശ്രമിച്ചുവെന്ന ഭർത്താവിന്റെ പരാതിയിലാണ് നെയ്യാറ്റിൻകര പോലീസ് കേസെടുത്തത്. സംഭവത്തില്‍ പാറശ്ശാല പൊലീസിന് ആദ്യം പരാതി നല്‍കിയെങ്കിലും കേസെടുക്കാനോ അന്വേഷണത്തിനോ തയ്യാറായിരുന്നില്ല. പാറശ്ശാലയില്‍ ഷാരോണ്‍ വധക്കേസിന് പിന്നാലെ കെഎസ്ആര്‍ടിസി ഡ്രൈവറായ സുധീര്‍ വീണ്ടും പരാതി ഉന്നയിക്കുകയായിരുന്നു.

2018 ജൂലായിലാണ് തന്നെ കൊലപ്പെടുത്താന്‍ ഭാര്യ ഹോര്‍ലിക്‌സില്‍ വിഷം നല്‍കിയതെന്നാണ് പരാതി. ഭാര്യ ശാന്തിയും കാമുകന്‍ മുരുകനും തമിഴ്‌നാട് ശിവകാശി സ്വദേശികളാണ്. ശാന്തി വീടു വിട്ടിറങ്ങി എട്ടു മാസങ്ങള്‍ക്ക് ശേഷം വസ്ത്രങ്ങള്‍ മാറ്റുന്നതിനിടെയാണ് സിറിഞ്ചും നീഡിലും അലുമിനിയം ഫോസ്ഫെയ്ഡും കണ്ടെത്തിയത്. നേരത്തെ ശാന്തി വീട്ടിലുണ്ടായിരുന്നപ്പോള്‍ ഇവിടെ നിന്ന് ഹോര്‍ലിക്സ് കഴിച്ച ശേഷം പുറത്ത് പോയപ്പോള്‍ തലവേദനയും അസ്വാസ്ഥ്യവും അനുഭവപ്പെട്ടു.

തുടര്‍ന്ന്, പാറശാല ആശുപത്രിയിലും ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. മൂന്ന് ദിവസം വെന്റിലേറ്ററില്‍ കിടന്നതായും സുധീര്‍ പറയുന്നു. അതിന് മുമ്പും തലകറക്കവും മറ്റും ഉണ്ടായിട്ടുണ്ട്. അലുമിനിയം ഫോസ്ഫെയ്ഡ് ശരീരത്തില്‍ ചെന്നാലുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ തന്നെയായിരുന്നു സുധീറിനുണ്ടായിരുന്നതെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകളും അദ്ദേഹത്തിന്റെ കൈവശമുണ്ട്.

തന്നെ കൊലപ്പെടുത്താനുള്ള വിഷവും മറ്റു ഉപകരണങ്ങളും മുരുകന്‍ കൊറിയറായി തമിഴ്‌നാട്ടില്‍ നിന്നയച്ചു നല്‍കിയതാണെന്നും സുധീര്‍ ആരോപിക്കുന്നു. ഇതിന് തെളിവുകളും അദ്ദേഹം നിരത്തുന്നു. ആറു മാസം മുമ്പ് ഈ തെളിവുകളുമായി പാറശ്ശാല പോലീസിനെ സമീപിച്ചെങ്കിലും അന്നത്തെ സിഐ തിരിഞ്ഞു നോക്കിയില്ലെന്നാണ് സുധീര്‍ പറയുന്നത്. ഷാരോണ്‍ വധക്കേസിന് ശേഷം ഈ സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ ഇപ്പോള്‍ നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്തിരിക്കുകയാണ്. സുധീറിന്റെ മൊഴി പൊലീസ് ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button