KeralaLatest News

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് മരിച്ചുപോയ ആര്‍ എസ് എസ് പ്രവര്‍ത്തകനെന്ന് മൊഴി

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഭവത്തില്‍ വര്‍ഷങ്ങള്‍ക്കുശേഷം വെളിപ്പെടുത്തൽ. ആശ്രമത്തിന് തീയിട്ടത് സ്ഥലവാസിയായ ആര്‍ എസ്എസ് പ്രവര്‍ത്തകന്‍ പ്രകാശും കൂട്ടുകാരും ചേര്‍ന്നാണെന്നാണ് വെളിപ്പെടുത്തല്‍. പ്രകാശിന്റെ സഹോദരന്‍ പ്രശാന്താണ് ഇക്കാര്യം ഒരു സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തിയത്. ഈ വര്‍ഷം ജനുവരിയില്‍ പ്രകാശ് ജീവനൊടുക്കിയിരുന്നു. ഒരാഴ്ച മുന്‍പ് പ്രശാന്തിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. ഇയാളുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് തിരുവനന്തപുരം അഡീഷണല്‍ ചീഫ് മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

പ്രകാശന്‍ മരിക്കുന്നതിന് കുറച്ചുദിവസങ്ങള്‍ക്ക് മുമ്ബാണ് ഇക്കാര്യം തന്നോട് വെളിപ്പെടുത്തിയതെന്നാണ് പ്രശാന്ത് പറയുന്നത്. എന്നാൽ ഈ മൊഴിയിൽ എത്രത്തോളം വാസ്തവമുണ്ടെന്ന് വ്യക്തമല്ല. ആത്മഹത്യ ചെയ്യുന്നതിന് തലേദിവസങ്ങളില്‍ അനിയനെ ഒപ്പമുള്ളവര്‍ മര്‍ദ്ദിച്ചിരുന്നു. കൊച്ചുകുമാര്‍, വലിയ കുമാര്‍, രാജേഷ് എന്നീ ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് അനിയനൊപ്പം ഉണ്ടായിരുന്ന സുഹൃത്തുകള്‍. ഇവര്‍ തന്നെയാവും ഈ കൃത്യം ചെയ്തത് എന്നാണ് സംശയിക്കുന്നതെന്നും പ്രശാന്ത് പറഞ്ഞു.

സംഭവത്തിൽ സന്ദീപാനന്ദഗിരിയുടെ നേർക്ക് തന്നെ സംശയ മുന നീണ്ടിരുന്നു. ഇക്കഴിഞ്ഞ ആഴ്ച ഒരു ചാനൽ ചർച്ചയിൽ സന്ദീപാനന്ദഗിരിയും ശ്രീജിത്ത് പണിക്കരും ഈ വിഷയത്തിൽ ഏറ്റുമുട്ടൽ ഉണ്ടാകുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് ഈ മൊഴി പുറത്തു വന്നിരിക്കുന്നത്. 2018 ഒക്ടോബര്‍ 27ന് പുലര്‍ച്ചെയാണ് കുണ്ടമണ്‍കടവിലെ ആശ്രമത്തിന് തീപിടിച്ചത്. മൂന്ന് വാഹനങ്ങളും കത്തി. തീയിട്ടവര്‍ ഷിബു സ്വാമിക്ക് ആദരാഞ്ജലികള്‍ എന്നെഴുതിയ റീത്ത് വച്ചിരുന്നു.

മുഖ്യമന്ത്രി ആശ്രമത്തിലെത്തുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ആറു മാസത്തോളം കമ്മിഷണറുടെ സംഘവും അന്വേഷിച്ചു. തുമ്ബില്ലാതെ വന്നപ്പോഴാണ് ക്രൈംബ്രാഞ്ചിന് വിട്ടത്. അന്നത്തെ ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി നേരിട്ടെത്തി അന്വേഷിച്ചിരുന്നു. പിന്നീട് എസ്. ശ്രീജിത്ത് മേധാവി ആയപ്പോഴും അന്വേഷണ പുരോഗതി വിലയിരുത്തി നി‌ര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.

ഫോറന്‍സിക് തെളിവുകളില്‍ പെട്രോള്‍ ഒഴിച്ച്‌ കത്തിച്ചതാണെന്നല്ലാതെ എവിടെയാണ് തീ കത്തി തുടങ്ങിയതെന്നോ ആരാണ് പിന്നിലെന്നോ വ്യക്തമായില്ല. ആശ്രമത്തിലെ സിസി ടിവി കാമറകള്‍ തകരാറിലായതും തെളിവുകള്‍ കിട്ടാന്‍ തടസമായി. സംഭവത്തിന് ഒരാഴ്ച മുമ്പ് ആശ്രമത്തിലേക്ക് മാര്‍ച്ച്‌ നടത്തിയവരെ ഉള്‍പ്പെടെ പൊലീസ് നിരീക്ഷണത്തിലാക്കിയെങ്കിലും ഫലമുണ്ടായില്ല. പ്രദേശത്തെ മറ്റ് സിസി ടിവി ക്യാമറകളില്‍ നിന്നോ ഫോണ്‍ കോളുകളില്‍ നിന്നോ സൂചനകളൊന്നും ലഭിച്ചില്ല. ഇതിനിടെ കേസില്‍ അന്വേഷണം അവസാനിപ്പിച്ച്‌ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ക്രൈംബ്രാഞ്ച് നീക്കം നടത്തുന്നു എന്ന റിപ്പോര്‍ട്ടും പുറത്തുവന്നു. ഇതിനിടെയാണ് ഈ വെളിപ്പെടുത്തലുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button