Latest NewsKeralaNews

കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റും: മന്ത്രി കെ രാജൻ

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബായി കേരളത്തെ മാറ്റാനുള്ള ഇടപെടലുകളാണ് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നതെന്ന് റവന്യൂ മന്ത്രി കെ രാജൻ. പൊതുവിദ്യാഭ്യാസ രംഗത്ത് ആർജ്ജിച്ചെടുത്ത നേട്ടങ്ങൾ ഉന്നത വിദ്യാഭ്യാസ മേഖലയുടെയും ഭാഗമാക്കുമെന്നും മന്ത്രി പറഞ്ഞു. തൃശൂർ എംഎൽഎ വിദ്യാഭ്യാസ അവാർഡ് പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

Read Also: സ്കൂൾ വിദ്യാർത്ഥിനിയുടെ ഫോട്ടോയും വീഡിയോകളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനം : യുവാവ് അറസ്റ്റിൽ

ലോകത്തുള്ള മുഴുവൻ പേർക്കും വന്നുചേരാൻ കഴിയുന്ന വിധത്തിൽ വൈവിധ്യമാർന്ന വിഷയങ്ങളോടെ ഉന്നതവിദ്യാഭ്യാസ മേഖലയെ മാറ്റിയെടുക്കുകയാണ് ചെയ്യുന്നത്. വിവിധ പ്രായത്തിലുള്ളവർക്ക് പഠിക്കാനും പഠിപ്പിക്കാനും വൈജ്ഞാനിക ലോകത്തിന്റെ അനന്തമായ സാധ്യതകളെ നുകരാനും കഴിയണം. യുനെസ്‌കോയുടെ പഠന നഗരം എന്ന പ്രശസ്തി സ്വന്തമാക്കിയിരിക്കുകയാണ് തൃശൂർ. മതിൽ കെട്ടുകൾ പൊളിച്ച് അതിരുകളില്ലാത്ത വിധം ജില്ലയുടെ വൈജ്ഞാനിക മണ്ഡലം ഉയരുകയാണെന്നും മന്ത്രി പറഞ്ഞു.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ലോകത്തിലെ തന്നെ പൊതുവിദ്യാഭ്യാസ കേന്ദ്രമായി കേരളം മാറി. യജ്ഞത്തിലൂടെ പൊതു വിദ്യാലയങ്ങളിലെ ഭൗതിക സാഹചര്യങ്ങളിലുണ്ടായ മാറ്റം വിപ്ലവകരമാണ്. പത്ത് ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളിലേയ്ക്ക് എത്തിയത്. പഴയകലാ വിദ്യാലയ ഓർമ്മകൾ കൂടി പങ്കുവെച്ചാണ് അഭിമാനകരമായ മാറ്റം മന്ത്രി പറഞ്ഞത്. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടാൻ മാത്രമായി കുട്ടികളെ വളർത്തരുത്. പാഠപുസ്തകവും ഗൈഡും ചോദ്യോത്തരങ്ങളും മാത്രമല്ല കുട്ടികൾക്ക് നൽകേണ്ടത്. അവരെ നല്ല മനുഷ്യരാക്കി മാറ്റാനുള്ള സാഹചര്യം കൂടി ഒരുക്കണം. പാഠപുസ്തകങ്ങളിലെ അറിവിനേക്കാൾ ഉപരി ജീവിതത്തിൽ ഉയരാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമിടേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.

നിയോജക മണ്ഡലത്തിൽ 2021-22 എസ്എസ്എൽസി-പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും നൂറ് ശതമാനം വിജയം നേടിയ സ്‌കൂളുകളെയുമാണ് ആദരിച്ചത്. ശരീരത്തിന്റെ തളർച്ച അവഗണിച്ച് പ്ലസ്ടുവിന് മികച്ച വിജയം നേടിയ മോഡൽ ബോയ്സ് സ്‌കൂൾ വിദ്യാർത്ഥിയും ഭിന്നശേഷിക്കാരനുമായ കെ അനന്തകൃഷ്ണൻ, ചെന്നൈയിൽ നടന്ന ചെസ് ഒളിംപ്യാഡിൽ വ്യക്തിഗത സ്വർണവും ടീം ഇനത്തിൽ വെങ്കല മെഡലും കരസ്ഥമാക്കിയ ഗ്രാന്റ് മാസ്റ്റർ നിഹാൽ സരിൻ എന്നിവരെ മന്ത്രി ആദരിച്ചു.

തൃശൂർ തിരുവമ്പാടി കൗസ്തുഭം ഹാളിൽ നടന്ന ചടങ്ങിൽ പി ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. മേയർ എം കെ വർഗീസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി കെ ഷാജൻ, സാറാമ്മ റോബ്സൺ, ഷീബ ബാബു, മുൻ മന്ത്രി വി എസ് സുനിൽകുമാർ, ജനപ്രതിനിധികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.

Read Also: കരാർ നിയമന വിവാദ കത്തിന്മേൽ രാജിയില്ല, അന്വേഷണത്തോട് പൂർണമായും സഹകരിച്ച് മുന്നോട്ട് പോകും: മേയർ ആര്യ രാജേന്ദ്രന്‍ 

shortlink

Related Articles

Post Your Comments

Related Articles


Back to top button