KeralaLatest News

സ്‌കൂൾ വിദ്യാര്‍ഥിനിയുടെ ഫോട്ടോ മോര്‍ഫ്‌ചെയ്ത് പ്രചരിപ്പിച്ച പോലീസുകാരന്റെ മകനെതിരെ കേസെടുക്കാതെ പോലീസ്

തിരുവനന്തപുരം: സ്കൂൾവിദ്യാർഥിനിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ കേസെടുക്കാതെ പോലീസ്. സ്കൂൾ അധികൃതരും രക്ഷിതാവും പരാതി നൽകിയിട്ടും തിരുവനന്തപുരം റൂറൽ സൈബർ ക്രൈം സെൽ കേസെടുത്തില്ല. പകരം പരാതി ഒതുക്കിത്തീർക്കാൻ രക്ഷിതാവിനെയും സ്കൂൾ അധികൃതരെയും നിർബന്ധിക്കുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥന്റെ മകനാണ് കേസിലെ പ്രതി എന്നറിഞ്ഞതോടെയാണ് പോലീസ് പിൻവാങ്ങിയത്.

സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനിയുടെ ചിത്രം മോർഫ്ചെയ്ത് അശ്ലീലചിത്രമാക്കി പ്രചരിപ്പിച്ചതിനെ തുടർന്നാണ് സ്കൂൾ അധികൃതർ തിരുവനന്തപുരം റൂറൽ സൈബർ പോലീസിൽ പരാതി നൽകിയത്. സ്കൂളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കുമൊക്കെ ഒരു വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽനിന്നാണ് വിദ്യാർഥിനിയുടെ അശ്ലീലചിത്രം ലഭിച്ചിരുന്നത്. ഇതു പതിവായതോടെ വിദ്യാർഥിനിയുടെ പിതാവ് സ്കൂൾ അധികൃതരോടു പരാതിപ്പെട്ടു. പെൺകുട്ടിയും മാനസികമായി തളർന്നു.

ഇതേത്തുടർന്നാണ് സ്കൂൾ അധികൃതർ കഴിഞ്ഞ 16-ന് സൈബർ പോലീസ് സ്റ്റേഷനിൽ നേരിട്ടു പരാതിനൽകിയത്. പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. പരാതി നൽകിയ കാര്യം പുറത്തറിഞ്ഞതോടെ പല വിദ്യാർഥികൾക്കും വീണ്ടും അശ്ലീലചിത്രം ലഭിച്ചു. സ്കൂൾ അധികൃതർ വീണ്ടും പരാതിപ്പെട്ടതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. രണ്ടാമത് ഉപയോഗിച്ച ഇൻസ്റ്റഗ്രാം അക്കൗണ്ടിൽനിന്ന്‌ 21-ന് പ്രതിയെ കണ്ടെത്തി. സ്കൂളിലെ മുൻ വിദ്യാർഥിയും ഇപ്പോൾ നഗരത്തിലെ സ്കൂളിൽ പ്ലസ് വണ്ണിനു പഠിക്കുന്നതുമായ വ്യക്തിയാണ് അശ്ലീലചിത്രം ഉണ്ടാക്കി അയച്ചിരുന്നത്.

കോവിഡ് സമയത്ത്‌ സ്കൂൾ അധികൃതർ ഓൺലൈനിൽ സംഘടിപ്പിച്ച ആഘോഷത്തിൽനിന്നുള്ള വിദ്യാർഥിനിയുടെ ചിത്രമാണ് ഇയാൾ മോർഫ് ചെയ്ത് അശ്ലീലചിത്രമാക്കി മാറ്റിയത്. പ്രതിയുടെ അച്ഛൻ പോലീസുകാരനാണെന്നു വ്യക്തമായതോടെയാണ്‌ കേസൊതുക്കാനുള്ള ശ്രമം ആരംഭിച്ചത്. മകനുമായി പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ ഇറിഗേഷൻ വകുപ്പിലെ ഉദ്യോഗസ്ഥനാണെന്നാണ് ഇയാൾ പരാതിക്കാരോടു വെളിപ്പെടുത്തിയത്.

ഇതിനു ശേഷം ഇരുകൂട്ടരെയും ഒരുമിച്ചു വിളിച്ച് പ്രശ്നം പരിഹരിക്കാനാണ് സൈബർ പോലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചത്. പ്രതിക്കു പ്രായപൂർത്തിയാകാത്തതിനാൽ കേസെടുക്കേണ്ടതില്ലെന്നും ജുവനൈൽ ജസ്റ്റിസ് ബോർഡിന് വിവരം കൈമാറിയാൽ മതിയെന്നുമായിരുന്നു സൈബർ പോലീസ് ഉദ്യോഗസ്ഥന്റെ പ്രതികരണം. എന്നാൽ, പരാതിയിൽ ഉറച്ചുനിൽക്കുകയാണെന്നും പ്രതിക്കെതിരേ മാതൃകാപരമായ ശിക്ഷാനടപടി സ്വീകരിക്കണമെന്നും സ്കൂൾ അധികൃതരും പെൺകുട്ടിയുടെ രക്ഷിതാവും വ്യക്തമാക്കിക്കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button