Latest NewsKeralaNews

വനിതാ വികസന കോർപ്പറേഷന് 100 കോടിയുടെ അധിക സർക്കാർ ഗ്യാരന്റി: 4000 സ്ത്രീകൾക്ക് അധികമായി വായ്പ ലഭ്യമാകും

തിരുവനന്തപുരം: കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന് 100 കോടി രൂപയുടെ അധിക സർക്കാർ ഗ്യാരന്റി ലഭ്യമായതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ നിന്നു വായ്പ സ്വീകരിക്കുന്നതിനാണ് അധികമായി സർക്കാർ ഗ്യാരന്റി അനുവദിക്കാൻ ഇക്കഴിഞ്ഞ മന്ത്രിസഭായോഗം അനുമതി നൽകിയത്.

Read Also: രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഭരണഘടനയുടെ നിലനിൽപ്പിന് നേരെ ഉയരുന്ന ഭീഷണി: എം ബി രാജേഷ്

ഇതോടെ 845.56 കോടി രൂപയുടെ സർക്കാർ ഗ്യാരന്റിയാണ് കോർപ്പറേഷന് ലഭിക്കുന്നത്. ഇത് വനിത വികസന കോർപ്പറേഷന്റെ പ്രവർത്തന മേഖലയിൽ നിർണായക മുന്നേറ്റമുണ്ടാക്കും. ഇപ്പോൾ ലഭ്യമായിരിക്കുന്ന അധിക ഗ്യാരന്റി കൂടി പ്രയോജനപ്പെടുത്തി നടപ്പ് സാമ്പത്തിക വർഷത്തിൽ 200 കോടി രൂപയുടെ വായ്പാ വിതരണം ചെയ്യാനാണ് വനിതാ വികസന കോർപ്പറേഷൻ ലക്ഷ്യമിടുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെക്കാളും 4000 ത്തോളം സ്ത്രീകൾക്ക് അധികമായി മിതമായ നിരക്കിൽ സ്വയം തൊഴിൽ വായ്പ ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

2021-22 സാമ്പത്തിക വർഷത്തിൽ 11,766 സ്ത്രീകൾക്ക് സ്വയം തൊഴിൽ സംരംഭം ആരംഭിക്കുന്നതിന് 165.05 കോടി രൂപ വിതരണം ചെയ്തു. നടപ്പ് സാമ്പത്തിക വർഷത്തിൽ ഇതുവരെ 7115 വനിതകൾക്ക് 109 കോടി രൂപ വിതരണം ചെയ്തു. സർക്കാരിന്റെ പദ്ധതി നടത്തിപ്പിലൂടെയും വായ്പാ വിതരണത്തിലൂടെയും ഈ സർക്കാർ ഭരണത്തിൽ വന്നശേഷം 10 ലക്ഷത്തോളം വനിതകൾക്ക് വിവിധ രീതിയിലുള്ള സേവനമെത്തിക്കാൻ വനിത വികസന കോർപറേഷന് കഴിഞ്ഞിട്ടുണ്ട്. സ്ത്രീ ശാക്തീകരണത്തിനും ഉന്നമനത്തിനും സർക്കാർ നൽകുന്ന പ്രാധാന്യത്തിന്റെ തെളിവാണിതെന്ന് മന്ത്രി അറിയിച്ചു.

ദേശീയ ധനകാര്യ കോർപ്പറേഷനുകളിൽ നിന്നും വായ്പയെടുക്കുന്നതിലേക്ക് 2016 വരെ 140 കോടി രൂപയുടെ ഗ്യാരന്റി മാത്രമാണ് സ്ഥാപനത്തിനുണ്ടായിരുന്നത്. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം 605.56 കോടി രൂപയുടെ അധിക ഗ്യാരന്റി കോർപ്പറേഷന് അനുവദിച്ചു. ഇതുകൂടാതെയാണ് 100 കോടിയുടെ അധിക ഗ്യാരന്റി ഇപ്പോൾ അനുവദിച്ചിരിക്കുന്നത്.

Read Also: ശ്രദ്ധാ വാല്‍ക്കറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്ത് യു.പി പോലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button