Latest NewsKeralaIndia

വിഴിഞ്ഞത്ത് അതീവ ജാഗ്രത: കൂടുതൽ പൊലീസിനെ വിന്യസിച്ചു, അദാനിയുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

തിരുവനന്തപുരം: മണിക്കൂറുകൾ നീണ്ട സംഘർഷത്തിന് ശേഷം കനത്ത ജാഗ്രതയിലാണ് വിഴിഞ്ഞം. പൊലീസ് സ്റ്റേഷൻ , സമര പന്തൽ അടക്കമുളള സ്ഥലങ്ങൾ കനത്ത പൊലീസ് കാവലിലാണ്. മാസങ്ങളായി തുടരുന്ന വിഴിഞ്ഞം സമരത്തില്‍ ഏറ്റവും സംഘര്‍ഷം നിറഞ്ഞ ദിവസമായിരുന്നു ഇന്നലെ. പൊലീസ് സ്റ്റേഷന്‍ വളഞ്ഞ സമരക്കാർ പൊലീസുകാരെ ആക്രമിക്കുകയും വാഹനങ്ങള്‍ തകർക്കുകയും ചെയ്തു. രാത്രി വൈകിയും സമര നേതൃത്വവുമായി പലവട്ടം ചര്‍ച്ച നടത്തിയെങ്കിലും സമവായത്തിലേക്ക് എത്താൻ ആയിട്ടില്ല. അതേസമയം, ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഇന്ന് സർവകക്ഷി യോഗം ചേരുന്നുണ്ട്. ഉച്ചയ്ക്ക് ആണ് യോഗം. മന്ത്രിമാരേയും യോഗത്തിനെത്തിക്കാൻ ശ്രമിക്കുന്നുണ്ട്.

കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സമരക്കാരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് സ്ത്രീകളും വൈദികരും ഉള്‍പ്പടെ വിഴിഞ്ഞം പൊലീസ്സ്റ്റേഷനിലേക്കെത്തിയത്. സന്ധ്യയോടെ സ്റ്റേഷന്‍ വളഞ്ഞ പ്രവര്‍ത്തകര്‍ നിര്‍ത്തിയിട്ട പൊലീസ് വാഹനങ്ങള്‍ തകര്‍ത്തു. പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചു.പിരിഞ്ഞുപോയവര്‍ വീണ്ടും തിരികെയെത്തി പൊലീസുമായി ഏറ്റുമുട്ടി. ലാത്തിച്ചാര്‍ജില്‍ ഒട്ടേറെ സമരക്കാര്‍ക്ക് പരിക്കേറ്റു. പൊലീസുകാരെയും ആക്രമിച്ചു. സംഘര്‍ഷം മണിക്കൂറുകളോളം നീണ്ടുനിന്നു.

അര്‍ധരാത്രിയോടെ സ്ഥിതിഗതികള്‍നിയന്ത്രണ വിധേയമായതായി പൊലീസ് അറിയിച്ചു. കളക്ടറും എഡിജിപിയും രാത്രി വൈകിയും സമരസമിതി നേതൃത്വവുമായി ചര്‍ച്ച നടത്തി. കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യമെങ്കിലും അവരുടെ അറസ്റ്റ് രാത്രി പൊലീസ് രേഖപ്പെടുത്തി. മുത്തപ്പന്‍ ലിയോണ്‍ പുഷ്പരാജ് ഷാജി എന്നിവരുടെ അറസ്റ്റ് രേഖപ്പടുത്തുകയും സെല്‍റ്റനെ റിമാന്‍ഡും ചെയ്തു.

സമരസമിതിയുടെ ആക്രമണത്തിൽ കാലിന് ഗുരുതരമായി പരിക്കേറ്റ എസ്ഐ ലിജോ പി മണിയെ അടിയന്തര ശസ്ത്രക്രിയയ്ക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആകെ 36 പൊലീസുകാര്‍ക്കാണ് പരിക്കുപറ്റിയത്. രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലാക്കി. പരിക്കേറ്റ ഉദ്യോഗസ്ഥരെ സിറ്റി പൊലീസ് കമ്മിഷണര്‍ സ്പര്‍ജന്‍കുമാര്‍ സന്ദര്‍ശിച്ചു. നാല് പൊലീസ് ജീപ്പും രണ്ട് വാനും ഇരുപതോളം ബൈക്കുകളും സ്റ്റേഷനിലെ ഓഫിസ് മുറിയിലുണ്ടായിരുന്ന ഫര്‍ണിച്ചറുകളും രേഖകളുമാണ് പ്രതിഷേധക്കാര്‍ നശിപ്പിച്ചത്.

പരിക്കേറ്റ പൊലീസുകാരെ പുറത്തിറക്കാന്‍ പോലും സമരക്കാര്‍ അനുവദിച്ചില്ല. കൂടുതല്‍ പൊലീസെത്തിയാണ് പ്രതിഷേധക്കാരെ അടിച്ചൊതുക്കിയത്. എഡിജിപിയും കളക്ടറും ഉള്‍പ്പെടെ സ്ഥലത്തെത്തി.സമരസമതി നേതാവ് ഫാ.യൂജിന്‍ പെരേരയെ ചര്‍ച്ചയ്ക്കായി വിളിപ്പിച്ചു. ആര്‍ച്ച് ബിഷപ്പിനെതിരെ പോലും കേസെടുത്ത പൊലീസ് നടപടിയെ അദ്ദേഹം വിമര്‍ശിച്ചു. സമരസ്ഥലത്ത് വന്നുനിന്നാൽ ഗൂഢാലോചനയാകില്ലെന്നായിരുന്നു വാക്കുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button